അന്ന് വൈകിട്ട് അവൻ ഓഫീസിൽ നിന്നും നേരത്തെ ഇറങ്ങി. അന്നത്തെ ദിവസം ആകെ മോശമായിരുന്നു. മാനേജരുടെ 'മറ്റൊരു' മുഖം കൂടെ കണ്ടപ്പോൾ പിന്നെ ഓഫിസിൽ കൂടുതൽ സമയം ഇരിക്കാൻ തോന്നിയില്ല. പുറത്തേക്ക് ഇറങ്ങിയപ്പോൾ നല്ല മഴ. കാലത്ത് കുട എടുത്തു ബാഗിൽ വെക്കാൻ തോന്നിയത് നന്നായി. അവൻ കുട നിവർത്തി മഴയിലേക്കിറങ്ങി. ഓഫീസിലും ഫ്‌ളാറ്റിലും ഇരുന്ന് നോക്കുമ്പോൾ മഴ ദേവതയാണെന്നു തോന്നും, പക്ഷെ സിറ്റിയിലേക്ക് ഇറങ്ങിയാൽ മനസിലാകും മഴ പൂതന ആണെന്ന്. ഒരു മഴയിൽ തന്നെ നിറ ഞ്ഞൊഴുകുന്ന ഓടയിലെ വെള്ളത്തിൽ ചവിട്ടാതെ നടക്കുന്നതിനിടയിൽ അവൻ ഓർത്തു. പാഞ്ഞു പോകുന്ന വാഹനങ്ങൾ ചെറുതായി അവനിൽ ചെളി അഭിഷേകം നടത്തുന്നുണ്ട്. ബാംഗ്ലൂർ..., വാട്ട് എ റോക്കിങ് സിറ്റി യാർ. .!!! അങ്ങനെ മനസ്സിൽ ചിന്തകളുടെ ചെറു മഴ നനഞ്ഞു പതുകെ നടക്കുമ്പോഴാണ് അവൻ അത് ശ്രദ്ധിച്ചത്. തൊട്ടരികിലെ വെയിറ്റിങ് ഷെൽറ്ററിൽ നിന്നും രണ്ടു കണ്ണുകൾ തന്നെ തന്നെ നോക്കുന്നു. അവന്റെ കണ്ണുകൾ ആ കണ്ണുകളിൽ ഉടക്കി നിന്നു. ദേവതയെ പോലെ ഒരു പെൺകുട്ടി. മഴ അവർക്കിടയിലേക്ക് മാത്രമാണ് പെയ്യുന്നതെന്നു അവനു തോന്നി. പെട്ടെന്ന് അവനെ അമ്പരപ്പിച്ച് കൊണ്ട് അവൾ അവന്റെ കൂടക്കീഴിലേക്ക് ഓടി കയറി...