ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഒരു കുടക്കീഴിൽ

അന്ന് വൈകിട്ട് അവൻ ഓഫീസിൽ നിന്നും നേരത്തെ ഇറങ്ങി. അന്നത്തെ ദിവസം ആകെ മോശമായിരുന്നു. മാനേജരുടെ 'മറ്റൊരു' മുഖം കൂടെ കണ്ടപ്പോൾ പിന്നെ ഓഫിസിൽ കൂടുതൽ സമയം ഇരിക്കാൻ തോന്നിയില്ല. പുറത്തേക്ക് ഇറങ്ങിയപ്പോൾ നല്ല മഴ. കാലത്ത് കുട എടുത്തു ബാഗിൽ വെക്കാൻ തോന്നിയത് നന്നായി. അവൻ കുട നിവർത്തി മഴയിലേക്കിറങ്ങി. ഓഫീസിലും ഫ്‌ളാറ്റിലും ഇരുന്ന് നോക്കുമ്പോൾ മഴ ദേവതയാണെന്നു തോന്നും, പക്ഷെ സിറ്റിയിലേക്ക്  ഇറങ്ങിയാൽ മനസിലാകും മഴ പൂതന ആണെന്ന്. ഒരു മഴയിൽ തന്നെ നിറഞ്ഞൊഴുകുന്ന ഓടയിലെ വെള്ളത്തിൽ ചവിട്ടാതെ നടക്കുന്നതിനിടയിൽ അവൻ ഓർത്തു. പാഞ്ഞു പോകുന്ന വാഹനങ്ങൾ ചെറുതായി അവനിൽ ചെളി അഭിഷേകം നടത്തുന്നുണ്ട്. ബാംഗ്ലൂർ..., വാട്ട് എ റോക്കിങ് സിറ്റി യാർ. .!!!
അങ്ങനെ മനസ്സിൽ ചിന്തകളുടെ ചെറു മഴ നനഞ്ഞു പതുകെ നടക്കുമ്പോഴാണ് അവൻ അത് ശ്രദ്ധിച്ചത്. തൊട്ടരികിലെ വെയിറ്റിങ് ഷെൽറ്ററിൽ നിന്നും രണ്ടു കണ്ണുകൾ തന്നെ തന്നെ നോക്കുന്നു.
അവന്റെ കണ്ണുകൾ ആ കണ്ണുകളിൽ ഉടക്കി നിന്നു. ദേവതയെ പോലെ ഒരു പെൺകുട്ടി. മഴ അവർക്കിടയിലേക്ക് മാത്രമാണ് പെയ്യുന്നതെന്നു അവനു തോന്നി. പെട്ടെന്ന് അവനെ അമ്പരപ്പിച്ച് കൊണ്ട് അവൾ അവന്റെ കൂടക്കീഴിലേക്ക് ഓടി കയറി. അതിസുന്ദരിയായ ഒരു പെൺകുട്ടിയും താനും ഈ മഹാനഗര മധ്യത്തിൽ ഒരു കുടക്കീഴിൽ... ഒരു നിമിഷം അവനു അത് വിശ്വസിക്കാൻ കഴിഞ്ഞില്ല.
അവൻ യാന്ത്രികമായി അവൾക്കൊപ്പം നടക്കാൻ തുടങ്ങി. വാക്കുകൾ അവന്റെ നാവിൻ തുമ്പ് വിട്ട് പുറത്തേക്കിറങ്ങാൻ മടിച്ച് നിൽക്കവേ അവൾ പറഞ്ഞു തുടങ്ങി.
"നാൻ ഇങ്കെ ഒരു ഇന്റർവ്യൂ അറ്റൻഡ് പൻറതുക്കാകെ വന്ദേ. ഇന്റർവ്യൂ മുടിഞ്ഞപ്പോത് ഒരേ മഴെ. അങ്കെ stuck ആയിപ്പോച്ച്. അപ്പൊ താൻ നീങ്ക. . "
.
.
മോനെ, തമിഴ് പെൺകൊടി. ജീവിതത്തില്‍  തമിഴ് പടങ്ങൾ കണ്ടതിനു അർഥം ഉണ്ടായത് ഇപ്പോഴാണ് അവൻ ചിന്തിച്ചു.
.
"നാനും ഇങ്കെ ഒരു കമ്പനിയിൽ താൻ വേല പാക്കറെ" അവൻ പറഞ്ഞൊപ്പിച്ചു.
.
.
ഇനിയിപ്പോ ഫേസ്ബുക് ഐ ഡി ചോദിക്കാണോ അതോ വാട്ട്‌സ്ആപ് നമ്പർ ചോദിക്കാണോ.. അവനു ആകെ കൺഫ്യൂഷൻ ആയി. പെട്ടന്ന് അവനു ഒരു ഐഡിയ തോന്നി.
.
"നീ വന്ത് ബി. ടെക് ആ"??
.
"ആമാ. ബി. ടെക് . ഐ ടി".
.
"ഓഹ്. . ഇത് എൻ വിസിറ്റിംഗ് കാർഡ്. ഉങ്ക ബയോഡാറ്റ ഇന്ത മെയിൽ ഐഡിയിൽക് അനുപൂങ്കോ"
.
"ഓഹ്. താൻക്യൂ. കണ്ടിപ്പ അനുപ്പറേ. അങ്കെ വെക്കാൻസി ഇറുക്ക?"
.
"ആഹ് . ഇറുക്ക്"
.
ഇത് കമ്പനിയിലേക്കുള്ള വേക്കൻസിയിലേക്കല്ല മോളെ. . എന്റെ പ്രണയത്തിന്റെ വേക്കാൻസിയിലേക്കാ. . അവൻ മനസ്സിൽ പറഞ്ഞു. അവൻ കുടയൊരല്പം ഉയർത്തി മഴയെ നോക്കി. ഇത്രയും സുന്ദരിയായി മഴയെ കണ്ടിട്ടില്ലെന് അവനു തോന്നി.
.
അവൻ പ്രണയ സ്വപ്നങ്ങൾ താലോലിച്ചു നടന്നു നീങ്ങവെ അവൾ പറഞ്ഞു.
.
"അണ്ണാ, എന്നെ ഇങ്കെ ഡ്രോപ്പ് പണ്ണിട്. എൻ ബോയ് ഫ്രണ്ട് ഇങ്കെ വെയിറ്റ് പണിയിട്ടിറുക്ക്. താങ്ക്യു വെരി മച്ച് അണ്ണാ. കണ്ടിപ്പ നാൻ ബയോഡാറ്റ അന്പ്പുറെ. ബൈ. . "
.
അവനു നേരെ കൈ വീശി അവൾ നടന്നകന്നു. ശക്തിയായ ഒരു കാറ്റ് അടിച്ചത് പോലെ അവനു തോന്നി.തൊട്ട് മുൻപ് കണ്ട പ്രണയ സ്വപ്നങ്ങളൊക്കെ മഴയിൽ വീണ് നനഞ്ഞൊലിച് പോകുന്നത് അവൻ കണ്ടു.
"നശിച്ച മഴ".. അവൻ മനസ്സില്‍ പറഞ്ഞു. .!!!....
.

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രണയമൊഴുകും മായാനദി

കുറച്ച് നാളുകള്‍ക്ക് ശേഷം ഒരുപിടി ചിത്രങ്ങളുടെ റിലീസുമായി മലയാള ചലച്ചിത്ര മേഖല ഈ ക്രിസ്തുമസ് കാലത്ത് വീണ്ടും ഉയർത്തെഴുന്നേൽക്കുകയാണ്. സൂപ്പര്‍ താരങ്ങളുടേതടക്കം ഒരുപിടി ചിത്രങ്ങൾ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്. അവധിക്കാലവും ഉത്സവ കാലവും ആഘോഷമാക്കാന്‍ തക്കമുള്ളതാണ് മിക്ക ചിത്രങ്ങളെന്നുമാണ് ട്രെയിലറുകളും പാട്ടുകളും മറ്റും സൂചിപ്പിക്കുന്നത്. ഇതിനിടയില്‍ അധികം ആരവങ്ങളും ഒച്ചപ്പാടുകളുമില്ലാതെ വന്ന ചിത്രമാണ് മായാനദി. പ്രത്യക്ഷത്തില്‍ അത്യാകര്‍ഷണീയത ഒന്നുമില്ലെങ്കിലും ആഷിക് അബു, ശ്യാം പുഷ്കര്‍ , ദിലീഷ് നായര്‍ എന്നീ പേരുകള്‍ ഏതൊരു സിനിമാ പ്രേമിയെയും ഈ ചിത്രത്തിലേക്ക് വലിച്ചടുപ്പിക്കും. ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞ ഗ്യാങ്ഗ്സ്റ്റര്‍, അധികം ചലനം സൃഷ്ടിക്കാന്‍ കഴിയാതെ പോയ റാണി പത്മിനി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് മായാനദി. കഴിഞ്ഞ പരാജയങ്ങളില്‍ നിന്നും വ്യക്തമായ പാഠം ഉള്‍ക്കൊണ്ട് മികച്ച ഹോം വര്‍ക്കുമായാണ് ഇത്തവണ ആഷിക് എത്തിയിട്ടുള്ളത്. ആഷികിന്റെ സംവിധാന മികവിനൊപ്പം ശ്യാം പുഷ്കര്‍, ദിലീഷ് നായര്‍ എന്നിവരുടെ എഴുത്ത് കൂടെ ചേരുമ്പോള്‍ ചിത്രം ഏറ്...

സെൽഫി

മുഗള്‍ ചക്രവര്‍ത്തി ജഹാംഗീറിന്റെയും നൂർജഹാന്റെയും  പ്രണയത്തിന്റെ തിരുശേഷിപ്പായ കാശ്മീരിലെ ഷാലിമാര്‍ ഉദ്യാനത്തിലിരിക്കുമ്പോഴാണ്‌ സിദിന്‍ വീണ്ടും പ്രണയത്തെ കുറിച്ച് ചിന്തിച്ച് തുടങ്ങിയത്. വെറുമൊരു ഉദ്യാനമായി മാറുമായിരുന്ന ഇവിടം ചരിത്രത്തിലെ പ്രണയത്താല്‍ സൗന്ദര്യമേറിയതായി മാറുന്നു. അല്ലെങ്കിലും പ്രണയം ചാലിക്കുമ്പോള്‍ ഏത് നിര്‍മ്മിതിയും സുന്ദരമായ കലകളായി മാറുന്നു. പക്ഷെ ജഹാംഗീറിന്റെ ഇരുപതാമത്തെ ഭാര്യയായിരുന്നു  നൂര്‍ജഹാന്‍, അപ്പോള്‍ എങ്ങനെയാണ്  ഈ പ്രണയത്തെ നിര്‍വചിക്കുക? പ്രണയം എല്ലാ നിര്‍വചനങ്ങള്‍ക്കും അപ്പുറമെന്ന്  ചിന്തിച്ച് അവന്‍ ബാഗ്‌ തുറന്നു. അല്‍പ നേരം ബാഗിനുള്ളില്‍ തിരഞ്ഞപ്പോള്‍ മൊബൈല്‍ ഫോണ്‍ കിട്ടി. യാത്രയിലുടനീളം സ്വിച്ച് ഓഫ്‌ ചെയ്ത് വെച്ചിരിക്കുകയായിരുന്ന ആ ഫോണ്‍ ഓണ്‍ ചെയ്താല്‍ തന്റെ ഈ യാത്രയും വരാനിരിക്കുന്ന യാത്രകളും അവസാനിച്ചേക്കും   എന്നറിഞ്ഞിട്ടും അനിര്‍വചനീയമായ എന്തോ ഒന്ന്  അവനെ കൊണ്ട് ആ ഫോണ്‍ ഓണ്‍ ചെയ്യിച്ചു. ഷാലിമാര്‍ ഉദ്യാനം കാശ്മീർ  മലനിരകളാല്‍ ചുറ്റപ്പെട്ടു എന്നത് പോലെ ഫോണില്‍ വന്ന  മേസേജുകളാല്‍ ചുറ്റപ്പെട്ട് അവനിരുന്നു. ഹരികയുടെ...

ഒരു ടിക് ടോക് വൈറൽ

സമയം രാത്രി 12 മണിയോടടുക്കുന്നു. രാത്രിയുടെ നിശബ്ദതയെ ഭേദിച്ച് രണ്ട് യുവാക്കൾ ഒരു റോയൽ എൻഫീൽഡ് ബുള്ളറ്റിൽ പച്ച വിരിച്ച ആ ഗ്രാമത്തിലേക്ക് കടന്ന് വരികയാണ്. "എടാ, മഹേഷേ.. ഇത് വല്ലതും വേണോ?? ഇത് നിന്റെ ഹോസ്റ്റൽ അല്ല" "എന്താ... ??" "ഓഹ്.. ഈ ബൈക്കിന്റെ ഒരു നശിച്ച ഒച്ച. പറഞ്ഞാലും കേക്കൂലാ.. മഹേഷേ.. നീ ബൈക്ക് ഒന്ന് ഒതുക്കിയെ" മഹേഷ് ബൈക്ക് നിർത്തി. "എന്താടാ? " "ഡാ മഹേഷേ. ഇത് വേണോ. ഇത് നമ്മടെ ഹോസ്റ്റൽ അല്ല.സമയം രാത്രി പന്ത്രണ്ടാകാറായി. അവന്റെ വീട്ടുകാർ ഒക്കെ ഉറങ്ങിക്കാണും. അവന്റെ അച്ഛൻ അല്ലെങ്കിലേ ഒരു ചൂടനാ" "അപ്പൊ പിന്നെ നമ്മൾ ഇത്രേം വണ്ടി ഓടിച്ച് വന്നത് വെറുതെയാ?" " എന്നാലും.." " അശ്വിൻബ്രോ നീ എന്തിനാ ഇങ്ങനെ  പേടിക്കുന്നെ? നമ്മൾ അവനെ തല്ലാൻ ഒന്നും അല്ലല്ലോ പോണേ.  അവന്റെ വീട്ടിൽ പോകുന്നു. അവനെ വിളിക്കുന്നു. നമ്മൾ  ബർത്ത് ഡേ കേക്ക് കൊണ്ട് വന്നത് കണ്ട് അവനും വീട്ടുകാരും സർപ്രൈസ് ആകുന്നു. കേക്ക് കട്ട് ചെയ്യുന്നു. നീ ഇതൊക്കെ ക്യാമറയിൽ ഒപ്പിയെടുക്കുന്നു. "ഓഹ് മൈ ഫ്രണ്ട് നിൻ കണ്ണുകളിൽ ഞാൻ കാണുന്നെന്...