ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ജയ് ഭീം: “നിങ്ങൾ എന്തിനാണ് ഒരു ജനതയെ മഴയത്ത് നിർത്തിയിരിക്കുന്നത്? “

 


സ്വാതന്ത്ര്യ ലബ്ധിയുടെ 75ആം വാർഷികത്തിലേക്ക് ഇന്ത്യ കടക്കുമ്പോഴും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത്  വർഷങ്ങളായി മാറ്റമില്ലാതെ തുടരുന്ന ഒന്നുണ്ട്. ശിഖരങ്ങൾ എത്ര വെട്ടി മാറ്റിയാലും വേരുകൾ അത്രമേൽ ആഴത്തിൽ ഇറങ്ങിപ്പോയതിനാൽ ഒരിക്കലും നശിക്കാത്ത ഇന്ത്യൻ ജാതി വ്യവസ്ഥ. മനുഷ്യനെ പല തട്ടിലാക്കുന്ന, കീഴാളനെയും മേലാളനേയും സൃഷ്ടിക്കുന്ന ജാതി വ്യവസ്ഥ എന്ന അനാചാരത്തിനെതിരെ പലരും പല കാലഘട്ടങ്ങളിൽ ശക്തമായി പ്രതികരിച്ചിട്ടുണ്ടെങ്കിലും ജാതി വ്യവസ്ഥയുടെ ദുരാചാരങ്ങളെ പൂർണ്ണമായും തുടച്ച് നീക്കാൻ കഴിഞ്ഞിട്ടില്ല. എങ്കിലും ഒരു നാൾ ജനത ഇതിനെ കുറിച്ച് ബോധവാന്മാരാകും എന്ന പ്രതീക്ഷയിൽ സാമൂഹിക പ്രതിബദ്ധതയുള്ള  പലരും പ്രതികരണങ്ങളും പ്രതിഷേധങ്ങളും ബോധവത്കരണവും തുടർന്നുകൊണ്ടേയിരിക്കുന്നു. ജനങ്ങളിലേക്ക് എളുപ്പം ഇറങ്ങിച്ചെല്ലും എന്നത് കൊണ്ട് കലയെ പലപ്പോഴും ഇതിന് മാധ്യമമാക്കാറുണ്ട്. അത്തരത്തിൽ കലയെ മാധ്യമമാക്കിയുള്ള  ഒരു പ്രതികരണത്തിന്, പ്രതിഷേധത്തിന്, ബോധവൽക്കരണത്തിന് ഉള്ള ഉദാഹരണമായി മാറുകയാണ് ജ്ഞാനവേൽ സംവിധാനം ചെയ്ത്, സൂര്യ നിർമ്മിക്കുകയും മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്ത ആമസോൺ പ്രൈമിൽ റിലീസ് ചെയ്തിരിക്കുന്ന ജയ് ഭീം എന്ന ചിത്രം. 


പൊതു സമൂഹത്തിൽ നിന്നും മാറ്റി നിർത്തിയിട്ടുള്ള, സമൂഹം താഴ്ന്ന ജാതിയെന്ന് മുദ്ര കുത്തിയിട്ടുള്ള ഒരു ജനതയുടെ പ്രതിനിധിയാണ് രാജാക്കണ്ണ്. രാജാക്കണ്ണിനെയും ബന്ധുക്കളെയും  മോഷണ കുറ്റം ചുമത്തി പോലീസ് അറസ്ററ് ചെയ്യുന്നു. ക്രൂരമായ  പോലീസ് പീഡനത്തിനൊടുവിൽ, രാജാക്കണ്ണും മറ്റുള്ളവരും  ജയിലിൽ നിന്നും രക്ഷപ്പെട്ടെന്ന് പോലീസ് പ്രസ്താവിക്കുന്നു. എന്നാൽ രാജാക്കണ്ണിനെ ശൂന്യതയിൽ ഉപേക്ഷിക്കാൻ ലിജോമോൾ അവതരിപ്പിച്ച രാജാക്കണ്ണിന്റെ ഭാര്യയായ സെങ്കനി  ഒരുക്കമായിരുന്നില്ല. സെങ്കനിയും, സൂര്യ അവതരിപ്പിക്കുന്ന വക്കീൽ ചന്ദ്രുവും രാജക്കണ്ണിന് എന്ത്‌ സംഭവിച്ചെന്ന് അറിയാനുള്ള നിയമ പോരാട്ടത്തിൽ ഏർപ്പെടുന്നു. രാജാക്കണ്ണിനും കൂട്ടർക്കും എന്ത്‌ സംഭവിച്ചെന്ന സത്യത്തെ ചുരുളഴിക്കലാണ് സിനിമയിൽ പിന്നീട്. ഒരു യഥാർത്ഥ സംഭവത്തെയാണ് ഈ സിനിമ ആവിഷ്കരിക്കുന്നത്.


പരിയേറും പെരുമാൾ, വിസാരണെ, മണ്ടേല, കർണ്ണൻ തുടങ്ങിയ  തമിഴ് സിനിമകൾ നടന്ന വഴിയിലൂടെയാണ് ഈ ചിത്രവും നടക്കുന്നത്. ഒരു യഥാർത്ഥ സംഭവത്തെ   അതിന്റെ ഗൗരവം ഒട്ടും ചോർന്ന് പോകാതെ മികച്ച സിനിമയാക്കി മാറ്റാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ജാതീയമായ വേർതിരിവ് ഒരു മനുഷ്യന്റെ ജീവിത രീതികളെയും ഭക്ഷണ ക്രമത്തെയും തൊഴിലിനേയും എങ്ങനെ സ്വാധീനിക്കുന്നു എന്നും അത് അവന് എത്രമാത്രം പരിതാപകരമായ അവസ്ഥകൾ സൃഷ്ടിക്കുന്നു എന്നും ചിത്രം കാണിച്ച് തരുന്നുണ്ട്. ഹിന്ദി ഭാഷ വിരോധം ഉൾപ്പെടെയുള്ള തമിഴിന്റെ രാഷ്ട്രീയവും സർക്കാർ വ്യവസ്ഥകളിലെ ദുഷിച്ച പ്രവണതകളും ഒക്കെ ചിത്രത്തിന്റെ ഭാഗമാക്കി മാറ്റാൻ സംവിധായകൻ ശ്രദ്ധിച്ചിട്ടുണ്ട്. 


ചിത്രത്തിൽ സാമൂഹിക അവഗണന നേരിടുന്ന പാവപ്പെട്ട ജനതയെ കൈപിടിച്ചുയർത്തുന്ന വക്കീൽ കഥാപാത്രമാണ് സൂര്യക്ക്. സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളെ പ്രമേയമാക്കി ചിത്രം നിർമിക്കുകയും അതിൽ മുഖ്യ വേഷത്തിൽ അഭിനയിച്ച് ചിത്രത്തെ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ശ്രമിക്കുകയും വഴി ജീവിതത്തിലും സമൂഹത്തിലെ ദുർബല വിഭാഗങ്ങളെ ഉയർത്തികൊണ്ട് വരാൻ തന്നെയാണ് സൂര്യ ശ്രമിക്കുന്നതെന്ന് കാണാം.സൂര്യയെ സംബന്ധിച്ചിടത്തോളം വെല്ലുവിളി നിറഞ്ഞ കഥാപാത്രം ആയിരുന്നില്ലെങ്കിലും വൈകാരിക നിമിഷങ്ങൾ ഉൾപ്പെടെയുള്ളവയിലെ മികച്ച പ്രകടനത്താൽ ചന്ദ്രു എന്ന കഥാപാത്രത്തെ തന്റേതായ ശൈലിയിൽ മികച്ചതാക്കാൻ സൂര്യക്ക് കഴിഞ്ഞിട്ടുണ്ട്.സൂര്യ എന്ന താരത്തെ ആരാധിച്ച് ശീലിച്ചവർക്ക് സൂര്യ എന്ന നടനെ 'ആദരിച്ച്' ശീലിക്കുവാൻ ഈ ചിത്രം വഴിയൊരുക്കുന്നുണ്ട്. ലിജോ മോൾ ആണ് ചിത്രത്തിലെ ഏറ്റവും ഗംഭീര പ്രകടനം കാഴ്ച വെച്ചത് എന്ന് പറയാം. കൈവിട്ട്   പോയേക്കാവുന്ന നിരവധി അഭിനയ മുഹൂർത്തങ്ങളെ കയ്യടക്കത്തോടെ അവതരിപ്പിച്ച് താൻ  ഒരു നല്ല അഭിനേത്രി ആണെന്ന് ഉറക്കെ വിളിച്ച് പറയുന്നുണ്ട് സെങ്കനി   എന്ന കഥാപാത്രത്തിലൂടെ ലിജോമോൾ. മലയാളികൾക്ക് അഭിമാനിക്കാം. പ്രകാശ് രാജും  മണികണ്ഠനും ഉൾപ്പെടെ മറ്റെല്ലാ അഭിനേതാക്കളും മികച്ച് നിന്നു.ചിത്രത്തിന് ഒപ്പം ചേർന്ന് പോകുന്ന സംഗീതവും മറ്റ്‌  സാങ്കേതിക വശങ്ങളും മികവ് പുലർത്തുന്നുണ്ട്. 


ശക്തമായ പ്രമേയം തന്നെയാണ് സിനിമയുടെ നട്ടെല്ല്. ഗാന്ധിജിക്കും നെഹ്രുവിനും ലഭിക്കുന്ന സ്വീകാര്യത എന്ത് കൊണ്ട് നമ്മുടെ സമൂഹത്തിൽ അംബേദ്കർക്ക് ലഭിക്കുന്നില്ലെന്ന് ചിത്രം ചോദ്യമുയർത്തുന്നുണ്ട്. അംബേദ്കറെ മനപ്പൂർവ്വം മറക്കാൻ ശ്രമിക്കുന്ന കാലഘട്ടത്തിനു  ഒരു ഓർമ്മപ്പെടുത്തൽ ആകാൻ ജയ് ഭീമിന് കഴിയുന്നുണ്ട്. ജാതി വ്യവസ്ഥയുടെ രാഷ്ട്രീയം ചർച്ച ചെയ്യുന്ന ചിത്രം ജാതി രാഷ്ട്രീയത്തിലെ ഇടത്  പക്ഷത്തിന്റെ പ്രസ്കതി ചൂണ്ടിക്കാട്ടാൻ ശ്രമിക്കുന്നുണ്ട്. ചിത്രത്തിന്റെ ഒരു ഘട്ടത്തിൽ രാജാക്കണ്ണിനെ പോലീസുകാർ കുറ്റസമ്മതം നടത്താൻ തല്ലുന്നുണ്ട്. സാമൂഹിക വ്യവസ്ഥിതിയിൽ അവഗണിക്കപ്പെടുന്ന ഒരു വിഭാഗത്തെ  സൃഷ്ടിച്ചെടുത്തതിൽ  അറിഞ്ഞോ അറിയാതെയോ  കുറ്റക്കാരായ നമ്മൾ ഉൾപ്പെടുന്ന പൊതു സമൂഹമാണ് ആ തല്ല് ഏറ്റുവാങ്ങുന്നത്. കുറ്റസമ്മതം നടത്തി തിരുത്തലുകൾ സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ചിത്രത്തിന്റെ ഒരു ഘട്ടത്തിൽ  രാജൻ കേസിനെ പരാമർശിക്കുന്നുണ്ട്. ചിത്രത്തിന്റെ അവസാന ഭാഗത്ത് സെങ്കനിയും മകളും മഴയത്ത് നിൽക്കുന്ന രംഗത്ത്, ഒരിക്കൽ രാജന്റെ അച്ഛൻ ചോദിച്ച, കേരളം മുഴുവൻ അലയടിച്ച ഒരു ചോദ്യം മറ്റൊരു രൂപത്തിൽ മുഴങ്ങി കേൾക്കുന്നുണ്ട് 

"നിങ്ങൾ എന്തിനാണ് ഒരു ജനതയെ ഇനിയും മഴയത്ത് നിർത്തിയിരിക്കുന്നത് ?"


നമ്മളോരോരുത്തരും കാണേണ്ട ചിത്രമാണ് ജയ് ഭീം, കാരണം നമ്മൾ ജീവിക്കുന്നത് ഇന്ത്യ മഹാരാജ്യത്താണ്. തീർച്ചയായും കാണുക


=========================================


             -         രാഹുൽ രാജ് എസ്.



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രവാസം - എം മുകുന്ദൻ

പ്രവാസം എം മുകുന്ദൻ പ്രവാസവും മലയാളിയും തമ്മിൽ അഭേദ്യമായ ഒരു ബന്ധം ഉണ്ട്. മലയാളിയുടെ സാംസ്കാരിക സാമ്പത്തിക മണ്ഡലങ്ങളെ ഒട്ടനവധി പ്രവാസ ജീവിതങ്ങൾ സ്വാധീനിച്ചിട്ടുണ്ട്. ഇപ്പോഴും സ്വാധീനിക്കുന്നുമുണ്ട്. പ്രവാസ ജീവിതങ്ങളെ പ്രമേയമാക്കി മലയാളത്തിന്റെ പ്രിയ കഥാകാരൻ എം മുകുന്ദൻ രചിച്ച നോവൽ ആണ് 'പ്രവാസം'. ബർമ്മയിലേക്ക് യാത്രയായ കൊറ്റിയത്ത് കുമാരനിലൂടെ തുടങ്ങുന്ന നോവൽ അയാളുടെ മകൻ ഗിരിയിലൂടെയും അയാളുടെ മകൻ അശോകനിലൂടെയും പല തലമുറകളുടെ, പല ദേശങ്ങളുടെ കഥ പറയുന്നു. നോവലിൽ ഏറ്റവും ആകർഷിച്ചത് അതിന്റെ ആഖ്യാനമാണ്. നിരവധിയായ കഥാപത്രങ്ങളും കഥാസന്ദർഭങ്ങളും ആകാശത്തെ നക്ഷത്രങ്ങൾ കണക്കെ പലയിടങ്ങളിലായി ചിതറി കിടപ്പാണ്. അവയെ ഏറ്റവും മനോഹരമായി കൂട്ടിയോജിപ്പിക്കുന്നുണ്ട് മുകുന്ദൻ എന്ന കഥാകാരൻ. ആ കൂട്ടിയോജിപ്പിക്കലിൽ തെളിയുന്ന 'പ്രവാസം' വായനക്കാരനെ വിസ്മയിപ്പിക്കുന്ന പ്രഭ ചൊരിയുന്നുണ്ട്. ആദ്യ ഭാഗത്ത് കഥ പറിച്ചിലിനായി മുകുന്ദൻ നിയോഗിക്കുന്നത് പ്രശസ്ത സാഹിത്യകാരൻ എസ് കെ പൊറ്റക്കാടിനെയാണ്. ഒരു കാലഘട്ടത്തിന്റെ കഥ വായനക്കാർ അദ്ദേഹത്തിന്റെ കണ്ണിലൂടെ  കാണുമ്പോൾ അടുത്തൊരു കാലഘട്ടത്തിന്റെ കഥ പറിച്ചി

മാഷേ, ആ മാജിക്കിന്റെ രഹസ്യമെന്താ??

മീനാക്ഷിയേടത്തി ഉണ്ടാക്കിയ കഞ്ഞിയും പയറും മൂക്ക് മുട്ടെ തിന്ന് 7 ബി യിൽ കൃഷ്ണൻമാഷുടെ കണക്ക് ക്ലാസിൽ വാ പൊളിച്ചു ഇരിക്കുകയാണ് ഞാൻ. ഉച്ച കഴിഞ്ഞാൽ ക്ലാസിൽ നിത്യ സന്ദർശകനായ കാറ്റ് എന്നെ നിദ്രയുടെ മോഹന ലോകത്തേക്ക് കൈ പിടിച്ചു കൊണ്ട് പോകുന്നുണ്ട്. പക്ഷെ കൃഷ്ണൻമാഷുടെ സ്വഭാവം നന്നായറിയാവുന്നതിനാൽ കഷ്ടപ്പെട്ടാണെങ്കിലും ഞാൻ തിരിച്ചു ക്ലാസിലേക്ക് തന്നെ ഓടി വരുന്നുണ്ട്. മാഷ് ബോർഡിൽ എഴുതുന്ന ഹരിക്കലിന്റെയും ഗുണിക്കലിന്റെയും ചിഹ്നങ്ങളെല്ലാം എന്റെ മുന്നിൽ ഒരു ചോദ്യ ചിഹ്നമായി തൂങ്ങി കിടക്കുകയാണ്. ക്ലാസിൽ കനത്ത നിശ്ശബ്ദത ആണ്. എല്ലാവരുടെയും കണ്ണുകൾ മാഷക്കൊപ്പം സഞ്ചരിക്കുകയാണ്. മാഷ് ബോർഡിൽ തന്ന ഒരു ചോദ്യത്തിന്റെ ഉത്തരം നോട്ടിൽ ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് വയറ്റിൽ എന്തോ ഒരു അസ്വസ്ഥത. ഈശ്വരാ മീനാക്ഷിയെടത്തിയുടെ പയറ് ചതിചോ???..   . ഏയ്.. കുറച്ചു കഴിയുമ്പോ മാറുമായിരിക്കും.. ഞാൻ സ്വയം ആശ്വസിച്ചു.. . പക്ഷെ വയറ്റിനുള്ളിൽ നിന്നും വന്നു കൊണ്ടിരുന്ന പ്രതികരണങ്ങൾ ആശവാഹമായിരുന്നില്ല. നിമിഷങ്ങൾ കഴിയുന്തോറും വയറ്റിനുള്ളിലെ വേദന ശക്തമായിക്കൊണ്ടിരുന്നു. സ്‌കൂളിന് തൊട്ടപ്പുറത്താണ് വീട്. എനിക്ക് എത്രയും പെട്ടെന്ന് വീ

സെൽഫി

മുഗള്‍ ചക്രവര്‍ത്തി ജഹാംഗീറിന്റെയും നൂർജഹാന്റെയും  പ്രണയത്തിന്റെ തിരുശേഷിപ്പായ കാശ്മീരിലെ ഷാലിമാര്‍ ഉദ്യാനത്തിലിരിക്കുമ്പോഴാണ്‌ സിദിന്‍ വീണ്ടും പ്രണയത്തെ കുറിച്ച് ചിന്തിച്ച് തുടങ്ങിയത്. വെറുമൊരു ഉദ്യാനമായി മാറുമായിരുന്ന ഇവിടം ചരിത്രത്തിലെ പ്രണയത്താല്‍ സൗന്ദര്യമേറിയതായി മാറുന്നു. അല്ലെങ്കിലും പ്രണയം ചാലിക്കുമ്പോള്‍ ഏത് നിര്‍മ്മിതിയും സുന്ദരമായ കലകളായി മാറുന്നു. പക്ഷെ ജഹാംഗീറിന്റെ ഇരുപതാമത്തെ ഭാര്യയായിരുന്നു  നൂര്‍ജഹാന്‍, അപ്പോള്‍ എങ്ങനെയാണ്  ഈ പ്രണയത്തെ നിര്‍വചിക്കുക? പ്രണയം എല്ലാ നിര്‍വചനങ്ങള്‍ക്കും അപ്പുറമെന്ന്  ചിന്തിച്ച് അവന്‍ ബാഗ്‌ തുറന്നു. അല്‍പ നേരം ബാഗിനുള്ളില്‍ തിരഞ്ഞപ്പോള്‍ മൊബൈല്‍ ഫോണ്‍ കിട്ടി. യാത്രയിലുടനീളം സ്വിച്ച് ഓഫ്‌ ചെയ്ത് വെച്ചിരിക്കുകയായിരുന്ന ആ ഫോണ്‍ ഓണ്‍ ചെയ്താല്‍ തന്റെ ഈ യാത്രയും വരാനിരിക്കുന്ന യാത്രകളും അവസാനിച്ചേക്കും   എന്നറിഞ്ഞിട്ടും അനിര്‍വചനീയമായ എന്തോ ഒന്ന്  അവനെ കൊണ്ട് ആ ഫോണ്‍ ഓണ്‍ ചെയ്യിച്ചു. ഷാലിമാര്‍ ഉദ്യാനം കാശ്മീർ  മലനിരകളാല്‍ ചുറ്റപ്പെട്ടു എന്നത് പോലെ ഫോണില്‍ വന്ന  മേസേജുകളാല്‍ ചുറ്റപ്പെട്ട് അവനിരുന്നു. ഹരികയുടെ ഒട്ടനവധി മെസേജുകള്‍. അവയെല്ലാം അവനോട്