ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

സെൽഫി


മുഗള്‍ ചക്രവര്‍ത്തി ജഹാംഗീറിന്റെയും നൂർജഹാന്റെയും  പ്രണയത്തിന്റെ തിരുശേഷിപ്പായ കാശ്മീരിലെ ഷാലിമാര്‍ ഉദ്യാനത്തിലിരിക്കുമ്പോഴാണ്‌ സിദിന്‍ വീണ്ടും പ്രണയത്തെ കുറിച്ച് ചിന്തിച്ച് തുടങ്ങിയത്. വെറുമൊരു ഉദ്യാനമായി മാറുമായിരുന്ന ഇവിടം ചരിത്രത്തിലെ പ്രണയത്താല്‍ സൗന്ദര്യമേറിയതായി മാറുന്നു. അല്ലെങ്കിലും പ്രണയം ചാലിക്കുമ്പോള്‍ ഏത് നിര്‍മ്മിതിയും സുന്ദരമായ കലകളായി മാറുന്നു. പക്ഷെ ജഹാംഗീറിന്റെ ഇരുപതാമത്തെ ഭാര്യയായിരുന്നു  നൂര്‍ജഹാന്‍, അപ്പോള്‍ എങ്ങനെയാണ്  ഈ പ്രണയത്തെ നിര്‍വചിക്കുക? പ്രണയം എല്ലാ നിര്‍വചനങ്ങള്‍ക്കും അപ്പുറമെന്ന്  ചിന്തിച്ച് അവന്‍ ബാഗ്‌ തുറന്നു. അല്‍പ നേരം ബാഗിനുള്ളില്‍ തിരഞ്ഞപ്പോള്‍ മൊബൈല്‍ ഫോണ്‍ കിട്ടി. യാത്രയിലുടനീളം സ്വിച്ച് ഓഫ്‌ ചെയ്ത് വെച്ചിരിക്കുകയായിരുന്ന ആ ഫോണ്‍ ഓണ്‍ ചെയ്താല്‍ തന്റെ ഈ യാത്രയും വരാനിരിക്കുന്ന യാത്രകളും അവസാനിച്ചേക്കും   എന്നറിഞ്ഞിട്ടും അനിര്‍വചനീയമായ എന്തോ ഒന്ന്  അവനെ കൊണ്ട് ആ ഫോണ്‍ ഓണ്‍ ചെയ്യിച്ചു. ഷാലിമാര്‍ ഉദ്യാനം കാശ്മീർ  മലനിരകളാല്‍ ചുറ്റപ്പെട്ടു എന്നത് പോലെ ഫോണില്‍ വന്ന  മേസേജുകളാല്‍ ചുറ്റപ്പെട്ട് അവനിരുന്നു. ഹരികയുടെ ഒട്ടനവധി മെസേജുകള്‍. അവയെല്ലാം അവനോട് പറയുന്നത് ഒരേ കാര്യം. എത്രയും പെട്ടെന്ന് തിരിച്ച് വരിക, അവളെ സ്വന്തമാക്കുക. ഒരുപാട് നാളുകളായി മനസ്സ് ചോദിച്ചുകൊണ്ടിരിക്കുന്ന ചോദ്യത്തിന് ഒരുത്തരം, ഒരേയൊരുത്തരം, പ്രണയം ഒന്നിനോട് മാത്രമെന്ന് നിര്‍വ്വചിക്കേണ്ട സമയമായെന്ന് സിദിന് തോന്നി. പതിവ് പോലെ യാത്രയുടെ അടയാളപ്പെടുത്തലായി മൊബൈലിൽ ഒരു സെൽഫി പകർത്തി  അവന്‍ ഷാലിമാറിനോടു വിട പറഞ്ഞ് പുറത്തേക്കിറങ്ങി.തന്റെ ബുള്ളറ്റ് സ്റ്റാര്‍ട്ട്‌ ചെയ്തു. മനസ്സില്‍ ചിന്തകള്‍ പ്രകമ്പനം കൊള്ളുന്നു. കാശ്മീർ മല നിരകളില്‍ നിന്നും ദാല്‍ തടാകം താണ്ടിയെത്തിയ കാറ്റ് അവനെ ഓര്‍മ്മകളുടെ തുംഗഭദ്ര തീരത്ത് കൊണ്ടെത്തിച്ചു. തുംഗഭദ്രയുടെ മണ്ണില്‍ വേരൂന്നി ഓര്‍മ്മകള്‍ മനസ്സില്‍ പടർന്ന് പിടിക്കാന്‍ തുടങ്ങി.


    എല്ലാ പാതകളും ചരിത്രത്തിലേക്കും ചരിത്ര നിര്‍മ്മിതികളിലേക്കും കൊണ്ടെത്തിക്കുന്ന ഹംപി. കല്ലില്‍ കൊത്തി വെച്ച ഓരോ ചരിത്ര നിര്‍മ്മിതിയും വിജയ നഗര സാമ്രാജ്യത്തിന്റെ പ്രതാപകാലത്തെ അടയാളപ്പെടുത്തി വെച്ചിട്ടുണ്ട്. അവയെ തകര്‍ത്ത ഡെക്കാന്‍ സുല്‍ത്താന്‍മാരുടെ കുതിരക്കുളമ്പടികള്‍ അന്തരീക്ഷത്തില്‍ ഉയര്‍ത്തിയ പ്രകമ്പനങ്ങളും  പൊടി പടലങ്ങളും ഇന്നും ഹംപിയുടെ തെരു വീഥികളില്‍ അലയൊലികള്‍ തീര്‍ക്കുന്നുണ്ട്. ആ ചരിത്രത്തെ ഓര്‍ത്ത് കൊണ്ട് വിരുപക്ഷെ   ക്ഷേത്രത്തിനു സമീപമുള്ള മരത്തറയില്‍ ഇരിക്കുകയായിരുന്നു സിദിന്‍. സമയം അര്‍ദ്ധ രാത്രിയോട് അടുത്തിരുന്നു. ക്ഷേത്രത്തോളം ഉയരത്തില്‍ പന്തലിച്ചു കിടന്ന മരച്ചില്ലകള്‍ക്ക് ഇടയിലൂടെ പൂര്‍ണ്ണ ചന്ദ്രന്‍ അവനെ നോക്കിക്കൊണ്ടിരുന്നു. മുന്നില്‍ വറ്റി ഒഴുകുന്ന തുംഗഭദ്ര നദി വെണ്ണിലാവിന്റെ പ്രഭയില്‍ പാറക്കല്ലുകളെ തഴുകി ഒഴുകുന്ന ഒരു പാൽപ്പുഴയാണെന്ന്  അവന്  തോന്നി. പുഴക്ക് അക്കരെ ഹിപ്പി ഐലന്റിൽ നിന്നും  പല വര്‍ണ്ണത്തിലുള്ള മങ്ങിയ വെളിച്ചം രാത്രിയെ സുന്ദരിയാക്കുന്നു. രാത്രികളെ പല നിറങ്ങളാല്‍ ആഘോഷമാക്കുകയാണ് അവിടെ. ചരിത്രത്തെയും വർത്തമാനത്തെയും ഇരു കരകളിലായി വിഭജിച്ച് കൊണ്ട് തുംഗഭദ്ര ഒഴുകിക്കൊണ്ടിരുന്നു.

സിദിന്‍ തന്റെ ബ്ലു ടൂത്ത് സ്പീക്കര്‍ ഓണ്‍ ചെയ്തു. രവീന്ദ്ര സംഗീതം ഹരിമുരളീ രവമായി തുംഗഭദ്രയിലേക്ക് ഒഴുകി. തന്റെ ഹംപി ദിനങ്ങള്‍ അവസാനിക്കാറായിരിക്കുന്നു. അടുത്ത ലക്ഷ്യം  എന്തെന്ന് ചിന്തിച്ച് തുടങ്ങിയപ്പോഴാണ് ഐലന്റില്‍ നിന്നും ഒരു പെൺകുട്ടി ഓടി ഇക്കരയിലേക്ക് വരുന്നത് കണ്ടത്. നദിയിലെ ഉയര്‍ന്ന് നില്‍ക്കുന്ന പാറക്കല്ലുകളിൽ  ചവിട്ടി ഓടി വരുന്ന അവള്‍ കാൽ  വഴുതി വീണു പോകുമോ എന്നവന് തോന്നി. അവള്‍ നദി കടന്നു കല്‍പ്പടവുകള്‍ കയറി അവനരികില്‍ എത്തി. അവനെ കണ്ടതും നിന്നു. 


“നിങ്ങൾ മലയാളി ആണല്ലേ ?  “ കിതച്ച് കൊണ്ട് അവൾ ചോദിച്ചു. 


“ അതെ “ അവൻ മറുപടി നൽകി 


അവൾ ആ മരത്തറയിലേക്ക് ഇരുന്നു 


“ Are You Ok ? “ പാട്ട് ഓഫ് ചെയ്ത് കൊണ്ട് അവൻ ചോദിച്ചു 


“Yeah….. പാട്ട് നിർത്തണ്ട”


“ എന്താ പറ്റിയത് ? “


“ പറയാം “ അവൾ ദീർഘമായി ശ്വാസമെടുത്തു. അൽപ സമയത്തിന് ശേഷം തുടർന്നു 


"നമ്മൾ നാല് പേർ ഓഫീസിൽ നിന്നും ട്രിപ്പ് വന്നതായിരുന്നു. രാവിലെ മുതൽ ഐലന്റിൽ ആയിരുന്നു. ബാക്കിയുള്ളോർക്ക് ഐലന്റിൽ നിന്നും ഇപ്പോഴൊന്നും തിരിച്ചു വരാൻ ഉദ്ദേശമില്ല. ലേറ്റ് ആയത് കൊണ്ട് റൂമിലേക്ക് പോകാമെന്ന് കരുതി ഞാനിങ് പോന്നു. ഹംപി ആയത് കൊണ്ട് വേറെ കുഴപ്പമൊന്നും കാണില്ല എന്ന് കരുതി. പക്ഷെ അവിടെ പുഴക്കക്കരെ  കൂട്ടം കൂടി കുറച്ചാളുകൾ. അവർക്ക് വല്ലാത്തൊരു ഭാവവും നോട്ടവും. എനിക്കാകെ പേടിയായി. ഞാൻ ഓടി. ഞാൻ അപ്പഴേ പറഞ്ഞതാ ട്രിപ്പും കോപ്പും ഒന്നും വേണ്ടെന്ന്”. 


“ വെറുതെ തോന്നിയതാകും. ഇവിടെ അങ്ങനെയുള്ള  പ്രശ്നം ഒന്നും ഇല്ല” 


“ ചിലപ്പോൾ ആയിരിക്കും “


“ അല്ലാ, തനിക്ക് തിരിച്ച് കൂട്ടുകാരുടെ അടുത്തേക്ക് ഓടാമായിരുന്നില്ലേ ?” 


“ അത് ശെരിയാണല്ലോ. ഈ രാത്രിയിൽ നിങ്ങൾക്കൊപ്പം ഇങ്ങനെ ഇരിക്കണം എന്നാകും എന്റെ  നിയോഗം” അത് വരെ അവളുടെ മുഖത്ത് നിറഞ്ഞ ഭയം പുഞ്ചിരിക്ക് വഴി മാറി. 


“ ഹരിക “ അവൾ കൈ നീട്ടി 


“ സിദിൻ “ അവർ ഹസ്തദാനം ചെയ്തു 


“സിദിനെ ഞാൻ കണ്ടിട്ടുണ്ട്”


“ എന്നെയോ ? എവിടെ ? “


“ ഇന്നലെ വിത്തല ടെംപിളിൽ വെച്ചും ഇന്ന് കാലത്ത്‌ ലോട്ടസ് പാലസിൽ വെച്ചും” 


“ ഹരികക്ക് അപ്പോൾ ഹംപിയുടെ ചരിത്രത്തിലല്ല, വർത്തമാന കാഴ്ചകളിലാണ് താൽപ്പര്യം “ അവൻ ചിരിച്ചു 


അവളും ചിരിച്ചു കൊണ്ട് പറഞ്ഞു

“ ഏയ്‌ അങ്ങനെയല്ല. രണ്ടാമത് കണ്ടപ്പോൾ തന്നെ നിങ്ങളെ വീണ്ടും കണ്ടുമുട്ടും എന്ന് തോന്നിയിരുന്നു. അല്ലെങ്കിൽ അങ്ങനെ ഒരു കൗതുകം ഞാൻ മനസ്സിൽ സൃഷ്ടിച്ചിരുന്നു എന്ന് പറയാം. ഇടക്ക് മനസ്സിൽ അങ്ങനെ ഒരു കളി കളിക്കാൻ എനിക്കിഷ്ടമാണ്. പക്ഷെ എല്ലായ്പ്പോഴും  പരാജയപ്പെടാറാണ്. ഇപ്പോൾ ഞാൻ ഓടി വന്നപ്പോൾ മലയാളം പാട്ട് കേട്ടാണ്  ഇങ്ങോട്ട് നോക്കിയത്. നിങ്ങളെ കണ്ടപ്പോൾ പെട്ടെന്ന് കൗതുകം  തോന്നി, അതിലേറെ ആശ്വാസവും “


“ ഹരിക ഇന്ററസ്റ്റിംഗ് ക്യാരക്റ്റർ ആണല്ലോ “


“ ആദ്യമായിട്ടാണ് ഒരാൾ ഇങ്ങനെ പറയുന്നത് “ അവൾ ചിരിച്ചു 


അവരുടെ സംസാരം തുംഗഭദ്രയെ പോലെ നീണ്ടു നീണ്ടു പോയി. അവൻ പറഞ്ഞതത്രയും അവന്റെ യാത്രകളെ കുറിച്ചും അവൾ പറഞ്ഞത് മുഴുവനും അവളുടെ പ്രൊഫഷനെ കുറിച്ചുമായിരുന്നു. ഒരുപാട് നാളത്തെ പരിചയമുള്ള രണ്ട് പേരെ പോലെ അവർ സംസാരിച്ചിരുന്നു. 


“ ഇനിയും അവരെ കാത്തിരിക്കുന്നതിൽ അർത്ഥം ഉണ്ടെന്ന് തോന്നുന്നില്ല. നമ്മൾ ഇത്രയും പരിചയപ്പെട്ട സ്ഥിതിക്ക് ഹോട്ടൽ റൂം വരെ എന്റെ കൂടെ വരാമോ ? എന്റെ ധൈര്യം തുംഗഭദ്രയിൽ എവിടെയോ ചോർന്ന് പോയി” അവൾ പറഞ്ഞു 


“ ഓഹ് അതിനെന്താ “


അവർ രണ്ട് പേരും ഹോട്ടൽ മുറിയിലേക്ക് നടന്നു. നിലാവൊഴുകുന്ന ആ രാത്രിയിൽ ചരിത്രത്തിന്റെ തുടിപ്പുകളുള്ള വഴിയിലൂടെ വർത്തമാനം പറഞ്ഞ് നടക്കുമ്പോൾ അത് വരാനിരിക്കുന്ന ഭാവി ജീവിതത്തിൽ ഒന്നിച്ച് നടക്കാനുള്ള തുടക്കമായിരുന്നെന്ന് അവർ അറിഞ്ഞിരുന്നില്ല. അവരുടെ നടത്തം ഹരികയുടെ ഹോട്ടലിൽ അവസാനിച്ചു 


“താങ്ക് യു “ അവൾ പറഞ്ഞു 


“ അതിനും വേണ്ടി മാത്രം ഞാൻ ഒന്നും ചെയ്തില്ലല്ലോ “


“ മൊബൈൽ നമ്പർ തരാമോ? ഇനി ഒരു കണ്ടുമുട്ടൽ ഉണ്ടാക്കുമെങ്കിൽ അത് അവിചാരിതമാകേണ്ട “


“ ഈ യാത്രകൾക്കിടയിൽ വല്ലപ്പോഴും മാത്രമേ ഞാൻ മൊബൈൽ ഉപയോഗിക്കാറുള്ളൂ “


“ ബുദ്ധിമുട്ടാണെങ്കിൽ വേണ്ട “


“ ഏയ്‌ ബുദ്ധിമുട്ടൊന്നുമില്ല “


അവൻ നമ്പർ കൈമാറി . ഗുഡ് നൈറ്റ് പറഞ്ഞ് അവർ പിരിഞ്ഞു. 


അത്രയും കാലം ഫോൺ എന്നത് അവനെ സംബന്ധിച്ചിടത്തോളം വല്ലപ്പോഴും കുശലം പറയാറുള്ളൊരു ചങ്ങാതിയായിരുന്നു. എന്നാൽ ഹരിക ഫോണിനെ അവന്റെ ഉറ്റ ചങ്ങാതിയാക്കി തീർത്തു. കിലോമീറ്ററുകൾ നീളുന്ന അവന്റെ യാത്രകളെല്ലാം അവളിൽ അവസാനിക്കാൻ ആരംഭിച്ചു. ഒരേ സമയം താൻ രണ്ട് പേരെ പ്രണയിക്കുകയാണെന്ന സത്യം പതുക്കെ അവൻ മനസിലാക്കി. 


ഓർമ്മകളിൽ നിന്നവൻ മടങ്ങിയെത്തി. ഓർമ്മകൾക്കൊപ്പം  ഗ്രാമങ്ങളെയും നഗരങ്ങളെയും പിന്നിലാക്കി അവൻ മുന്നോട്ട് കുതിക്കുകയായിരുന്നു. ഈ യാത്ര അവസാനിക്കുമ്പോഴേക്കും തന്റെ ജീവിത യാത്രയുടെ രണ്ട് ലക്ഷ്യങ്ങളിൽ ഒന്നിനെ തിരഞ്ഞെടുക്കണമെന്ന് തീരുമാനിച്ചുറപ്പിച്ചിരുന്നു. യാത്ര തന്റെ സിരകളിൽ ഒരു ലഹരിയായി കയറിയത് എപ്പോഴെന്ന് അവന് തന്നെ ഓർമ്മയില്ല. ഓർമ്മകളിലെല്ലാം  നിറഞ്ഞ് നിൽക്കുന്നത് പല പല  യാത്രകളാണ്. പക്ഷെ അവന്റെ  നിരന്തരമായ യാത്രകളെ അംഗീരിക്കാൻ ഹരികക്ക് കഴിഞ്ഞിരുന്നില്ല. അവനിലെ  യാത്രാ സ്നേഹം ഒഴികെ ബാക്കിയെല്ലാത്തിനേയും അവൾ അഗാധമായി പ്രണയിച്ചു. എങ്ങനെയാണ് അവൾക്കതിന് സാധിക്കുന്നതെന്നോർത്ത് വിസ്മയപ്പെടുമ്പോഴെല്ലാം പ്രണയത്തിന്റെ അനിർവചനീയത എന്നതിലേക്ക് മനസ്സ് എത്തിച്ചേരും.  ഷാലിമാറിൽ നിന്നും നാട്ടിലെത്തിയപ്പോഴേക്കും സിദിൻ ഒരു തീരുമാനത്തിൽ എത്തിച്ചേർന്നിരുന്നു. രണ്ട് പ്രണയങ്ങളിൽ ഒന്നിനെ മനസിന്റെ അറകളിലൊന്നിൽ അവൻ ഏറെ വേദനയോടെ അടക്കം ചെയ്തു.


               മാസങ്ങൾക്ക് ശേഷമാണ് ഹരികയുടെ വിവാഹം നടന്നത്. നഗരത്തിലെ ന്യു ജനറേഷൻ ബാങ്കിലായിരുന്നു ഭർത്താവിന് ജോലി. ഹരികക്ക് ആ നഗരത്തിൽ തന്നെയുള്ള ഐ ടി കമ്പനിയിലാണ് ജോലി എന്നതിനാൽ വിവാഹ ശേഷം അവർ രണ്ടു പേരും നഗരത്തിലെ ഫ്ളാറ്റുകളിലൊന്നിൽ ചേക്കേറി. സന്തോഷത്തിന്റെ പൂക്കൾ വിടരുന്ന, കിളികൾ പാട്ടുകൾ പാടുന്ന വസന്ത കാലമായിരുന്നു അവരുടെ ദാമ്പത്യത്തിന്റെ തുടക്ക കാലം. അവർ വിദേശ രാജ്യങ്ങളൊന്നിൽ ഹണിമൂൺ ആഘോഷിച്ചു. കാലത്ത്‌ ഓഫീസിലേക്ക് പുതുതായി വാങ്ങിയ കാറിൽ അവർ ഒന്നിച്ച് പോവുകയും വൈകിട്ട് ഒന്നിച്ച് തിരികെ വരികയും ചെയ്തു. ആൺ പെൺ വ്യത്യാസമില്ലാതെ അവർ വീട്ടു ജോലികൾ ഒന്നിച്ചു ചെയ്തു. ഒന്നിച്ചുള്ള നേരങ്ങളിലെല്ലാം അവർ തങ്ങളുടെ പ്രണയത്തെ ആഘോഷമാക്കി. വാരാന്ത്യങ്ങളിൽ നഗരാഘോഷത്തിന്റെ നുരയിലും പതയിലും അലിഞ്ഞ് ചേർന്നു. ജീവിതം അത്തരത്തിൽ  മുന്നോട്ട് പോയിക്കൊണ്ടിരുന്നപ്പോഴാണ്  അവളുടെ ഭർത്താവ്  ആ ചോദ്യം ചോദിച്ചത് 


“ നമുക്ക് ഒരു യാത്ര പോയാലോ ? “ 


“ കഴിഞ്ഞ മാസമല്ലേ ഹണിമൂൺ പോയത് ? എനിക്കാണെങ്കിൽ ഓഫീസിൽ  ഒരുപാട് ജോലികളുണ്ട് ” അവൾ പറഞ്ഞു. 


ചില നദികൾ പൊടുന്നെനെയാകും രണ്ട് കൈ വഴികളായി ഒഴുകാൻ തുടങ്ങുന്നത്. ജീവിതവും ചിലപ്പോൾ അങ്ങനെ തന്നെ. ഒരുമിച്ച് ഒഴുകിക്കൊണ്ടിരുന്നവർ അവർ പോലും അറിയാതെ രണ്ട് കൈവഴികളായി പിരിഞ്ഞൊഴുകാൻ തുടങ്ങും. റെയിൽവേ പാളം പോലെ, തൊട്ടടുത്ത് തന്നെയുണ്ടല്ലോ എന്നാശ്വസിച്ച് സമാന്തരമായി അവർ മുന്നോട്ട് പോകും. ഏറെ ദൂരം സഞ്ചരിച്ചതിന് ശേഷമാകും ഇനിയൊരിക്കലും ഒന്നുചേരാൻ കഴിയില്ലെന്നവർ മനസിലാക്കുന്നത്.


ഹരികക്ക് അത് വല്ലാതെ തിരക്ക് പിടിച്ച സമയമായിരുന്നു. വളരെ നന്നായി ആരംഭിച്ച അവളുടെ ടീമിന്റെ പ്രൊജക്ടിൽ അപ്രതീക്ഷിതമായാണ്  ഒരു ‘ബഗ്ഗ്‌’ കടന്നു കൂടിയത്. അല്പം കഴിഞ്ഞാണ് അവരത് തിരിച്ചറിഞ്ഞത് എന്നതിനാൽ തന്നെ അത് ഫിക്സ് ചെയ്യുക എന്നത് പ്രയാസമേറിയതായിരുന്നു. ഒരിടത്ത് ഫിക്സ് ചെയ്യുമ്പോൾ മറ്റ്‌ പലയിടങ്ങളിൽ അത് Error സൃഷ്ടിച്ചുകൊണ്ടിരുന്നു. എല്ലാം പരിഹരിച്ച് ആ പ്രോജക്ടിനെ മുന്നോട്ട് കൊണ്ട് പോകുന്നതിലായി ഹരികയുടെ ശ്രദ്ധ മുഴുവൻ. 


അവളുടെ ഭർത്താവിന്റെ  കാര്യവും വ്യത്യസ്തമായിരുന്നില്ല. ന്യൂ ജനറേഷൻ ബാങ്കിൻറെ ടാർഗറ്റ് ഭാരം അവന് താങ്ങാവുന്നതിലും അധികമായിരുന്നു. മീറ്റിങ്ങുകളിലെ മേലുദ്യോഗസ്ഥന്റെ ശാസനകളും എത്ര തന്നെ പൂർത്തിയാക്കിയാലും യാത്രകൾ പോലെ വീണ്ടും തുടക്കത്തിലേക്ക് തന്നെ എത്തിച്ചേരുന്ന ഒന്നാണ് ടാർഗെറ്റ് എന്ന തിരിച്ചറിവും അവനെ കൂടുതൽ പിരിമുറുക്കത്തിലാക്കി.  


ശാന്തമെങ്കിലും പുകയുന്ന രണ്ട് അഗ്നി പർവ്വതങ്ങളായി രൂപാന്തരപ്പെടാൻ അവർക്ക് അധികം സമയം വേണ്ടി വന്നില്ല. പരസ്പരം മനസിലാക്കി സ്നേഹത്തിന്റെ തണുപ്പിനാൽ ഈ ഉൾപ്പുകച്ചിലിനെ നിർവ്വീര്യമാക്കാമായിരുന്നെങ്കിലും സാഹചര്യങ്ങളുടെ  പുക പടലങ്ങൾ സൃഷ്‌ടിച്ച അവ്യക്തത അവർക്കിടയിലെ ദൂരം വർധിപ്പിച്ചുകൊണ്ടിരുന്നു. 


അത് മനസിലാക്കിയെന്നവണ്ണം അവസാനത്തെ ഒരു മഴപ്പെയ്ത്തിനായി അവൻ ആ ചോദ്യം ആവർത്തിച്ചു 


“ നമുക്കൊരു യാത്ര പോകാം “


“ നിനക്ക് വേറൊന്നും പറയാനില്ലേ? ഞാനീ പ്രോജക്ട് ഒന്ന് കംപ്ലീറ്റ് ചെയ്യാനുള്ള ഓട്ടത്തിലാ. അതിനിടയിലാണ് ഒരു യാത്ര “ 


സ്നേഹിച്ച് തുടങ്ങാൻ ചിലപ്പോൾ ചെറിയ കാരണങ്ങൾ മതിയാകും, അതവസാനിപ്പിക്കാനും. പുഴ കലങ്ങി മറഞ്ഞു. കണ്ണിൽ കണ്ടതൊക്കെയും പിഴുതെറിഞ്ഞു കൊണ്ട് ക്രോധ ഭാവത്തിൽ അതൊഴുകാൻ തുടങ്ങുകയായിരുന്നു.


പരാജയപ്പെടുന്തോറും വിജയത്തിലേക്കെത്താനുള്ള വാശി കൂടുന്ന ചിലരുണ്ട്. ഹരിക അവരിലൊരാളായിരുന്നു. ‘ ബഗ്ഗുകൾ ‘ ഫിക്സ് ചെയ്ത് തന്റെ പ്രോജക്ട് പൂർത്തിയാക്കാൻ അവൾക്ക് കഴിഞ്ഞു. അങ്ങനെ പ്രോജക്ടിന്റെ സക്സസ് പാർട്ടി ആഘോഷമാക്കി ആ ദിവസം അവൾ ഫ്ലാറ്റിൽ തിരിച്ചെത്തി. ഫ്ലാറ്റ് അടഞ്ഞ് കിടക്കുകയായിരുന്നു. വാതിൽ തുറന്ന് താക്കോൽ  ഡൈനിങ് ടേബിളിന് മുകളിൽ വെച്ചപ്പോഴാണ് ഒരു എഴുത്ത് കണ്ടത്. അവളത് വായിച്ചു


“നമ്മളായി ജീവിക്കണം എന്നാഗ്രഹിച്ച് സാഹചര്യത്തിൽ മറ്റൊരാളായി ജീവിച്ച് മറ്റൊരാളായി മരിക്കുന്നവരാണ് മനുഷ്യർ എന്ന്  എവിടെയോ വായിച്ചിട്ടുണ്ട്. എനിക്കിനിയും മറ്റൊരാളായി തുടരാൻ കഴിയില്ല. നിന്നോളം വേറൊരാളെ  ഞാൻ സ്നേഹിച്ചിട്ടില്ല. അതിനാൽ ഈ ഭൂമിയുടെ ഏത് കോണിലായാലും നിന്റെ ഒരു ഫോൺ വിളിക്കായി ഞാൻ കാത്തിരിക്കും. എന്നിലെ മറ്റൊരാളെയല്ലാതെ, ‘ എന്നെ ‘ സ്നേഹിക്കാൻ കഴിയുമെങ്കിൽ മാത്രം വിളിക്കുക”  

-സിദിൻ                                                 


അജ്ഞാതമായതെന്തോ തന്റെ ശരീരത്തിലൂടെ കടന്ന് പോകുന്നത് പോലെ അവൾക്ക് തോന്നി. ഒരുവേള സ്വപ്നമെന്ന് കരുതിയെങ്കിലും പെട്ടെന്ന് തന്നെ അവൾ യാഥാർഥ്യത്തിന്റെ തിരിച്ചറിവിലേക്ക് എത്തി. ഫോൺ എടുത്ത് സിദിനെ കോൾ ചെയ്തു. 'Hubby’ എന്നതിനൊപ്പം സിദിന്റെ  ചിത്രവും ആ ഫോൺ സ്‌ക്രീനിൽ തെളിഞ്ഞു. പക്ഷെ റിങ് ചെയ്യും മുൻപ്  തന്നെ എന്തോ ആലോചിച്ച്  അവൾ കോൾ കട്ട് ചെയ്തു. ഫോൺ ടേബിളിൽ വെച്ച് അവൾ ബാത്റൂമിലേക്ക് നടന്നു. ഷവർ തുറന്ന് അതിന് ചുവട്ടിലേക്ക് നിന്നു. ഷവറിലെ  തണുത്ത വെള്ളം മനസിലേക്കാണ് വന്നു വീഴുന്നതെന്ന് അവൾക്ക് തോന്നി. അത് മനസിലെ ജ്വാലകളെ കെടുത്തിയപ്പോൾ അവൾക്കൊരല്പം ആശ്വാസം അനുഭവപ്പെട്ടു. എത്ര തന്നെ അടുത്ത് പരിചയപ്പെട്ടാലും ചില മനുഷ്യർ നമുക്ക് അപരിചിതരായി തന്നെ തുടരുമെന്ന ചിന്ത അവളുടെ മനസിലേക്ക് കടന്ന് വന്നു. 


അതെ സമയം മറ്റൊരിടത്ത് ദിവസങ്ങളോളം നിദ്രയിലായിരുന്നതിന്റെ ആലസ്യമേതുമില്ലാതെ ഒരു റോയൽ എൻഫീൽഡ് ബുള്ളറ്റ് ഉണർന്നെഴുന്നേറ്റ്  കുതിച്ച് പായുകയായിരുന്നു. ആക്സിലേറ്റർ കൊടുക്കുന്തോറും തന്നെ തലോടിയകലുന്ന തണുത്ത കാറ്റ്  സിദിനിൽ എന്തെന്നില്ലാത്ത സന്തോഷം നിറച്ചു. അത്രയും നാൾ അവൻ അണിഞ്ഞിരുന്നൊരു മൂടുപടം ആ യാത്രയുടെ തുടക്കത്തിൽ എവിടെയോ  അഴിഞ്ഞ് വീണിരുന്നു. പതിവില്ലാത്ത വിധം ആ യാത്രയിലുടനീളം ഫോൺ ഓൺ ചെയ്ത് വെച്ചിട്ടും, ഒടുവിൽ ആ യാത്രയെ അടയാളപ്പെടുത്താനായി സെൽഫി പകർത്തുന്ന സമയം വരെയും ആ ഫോണിൽ കോളുകൾ ഒന്നും തന്നെ വന്നിരുന്നില്ല.

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രവാസം - എം മുകുന്ദൻ

പ്രവാസം എം മുകുന്ദൻ പ്രവാസവും മലയാളിയും തമ്മിൽ അഭേദ്യമായ ഒരു ബന്ധം ഉണ്ട്. മലയാളിയുടെ സാംസ്കാരിക സാമ്പത്തിക മണ്ഡലങ്ങളെ ഒട്ടനവധി പ്രവാസ ജീവിതങ്ങൾ സ്വാധീനിച്ചിട്ടുണ്ട്. ഇപ്പോഴും സ്വാധീനിക്കുന്നുമുണ്ട്. പ്രവാസ ജീവിതങ്ങളെ പ്രമേയമാക്കി മലയാളത്തിന്റെ പ്രിയ കഥാകാരൻ എം മുകുന്ദൻ രചിച്ച നോവൽ ആണ് 'പ്രവാസം'. ബർമ്മയിലേക്ക് യാത്രയായ കൊറ്റിയത്ത് കുമാരനിലൂടെ തുടങ്ങുന്ന നോവൽ അയാളുടെ മകൻ ഗിരിയിലൂടെയും അയാളുടെ മകൻ അശോകനിലൂടെയും പല തലമുറകളുടെ, പല ദേശങ്ങളുടെ കഥ പറയുന്നു. നോവലിൽ ഏറ്റവും ആകർഷിച്ചത് അതിന്റെ ആഖ്യാനമാണ്. നിരവധിയായ കഥാപത്രങ്ങളും കഥാസന്ദർഭങ്ങളും ആകാശത്തെ നക്ഷത്രങ്ങൾ കണക്കെ പലയിടങ്ങളിലായി ചിതറി കിടപ്പാണ്. അവയെ ഏറ്റവും മനോഹരമായി കൂട്ടിയോജിപ്പിക്കുന്നുണ്ട് മുകുന്ദൻ എന്ന കഥാകാരൻ. ആ കൂട്ടിയോജിപ്പിക്കലിൽ തെളിയുന്ന 'പ്രവാസം' വായനക്കാരനെ വിസ്മയിപ്പിക്കുന്ന പ്രഭ ചൊരിയുന്നുണ്ട്. ആദ്യ ഭാഗത്ത് കഥ പറിച്ചിലിനായി മുകുന്ദൻ നിയോഗിക്കുന്നത് പ്രശസ്ത സാഹിത്യകാരൻ എസ് കെ പൊറ്റക്കാടിനെയാണ്. ഒരു കാലഘട്ടത്തിന്റെ കഥ വായനക്കാർ അദ്ദേഹത്തിന്റെ കണ്ണിലൂടെ  കാണുമ്പോൾ അടുത്തൊരു കാലഘട്ടത്തിന്റെ കഥ പറിച്ചി

മാഷേ, ആ മാജിക്കിന്റെ രഹസ്യമെന്താ??

മീനാക്ഷിയേടത്തി ഉണ്ടാക്കിയ കഞ്ഞിയും പയറും മൂക്ക് മുട്ടെ തിന്ന് 7 ബി യിൽ കൃഷ്ണൻമാഷുടെ കണക്ക് ക്ലാസിൽ വാ പൊളിച്ചു ഇരിക്കുകയാണ് ഞാൻ. ഉച്ച കഴിഞ്ഞാൽ ക്ലാസിൽ നിത്യ സന്ദർശകനായ കാറ്റ് എന്നെ നിദ്രയുടെ മോഹന ലോകത്തേക്ക് കൈ പിടിച്ചു കൊണ്ട് പോകുന്നുണ്ട്. പക്ഷെ കൃഷ്ണൻമാഷുടെ സ്വഭാവം നന്നായറിയാവുന്നതിനാൽ കഷ്ടപ്പെട്ടാണെങ്കിലും ഞാൻ തിരിച്ചു ക്ലാസിലേക്ക് തന്നെ ഓടി വരുന്നുണ്ട്. മാഷ് ബോർഡിൽ എഴുതുന്ന ഹരിക്കലിന്റെയും ഗുണിക്കലിന്റെയും ചിഹ്നങ്ങളെല്ലാം എന്റെ മുന്നിൽ ഒരു ചോദ്യ ചിഹ്നമായി തൂങ്ങി കിടക്കുകയാണ്. ക്ലാസിൽ കനത്ത നിശ്ശബ്ദത ആണ്. എല്ലാവരുടെയും കണ്ണുകൾ മാഷക്കൊപ്പം സഞ്ചരിക്കുകയാണ്. മാഷ് ബോർഡിൽ തന്ന ഒരു ചോദ്യത്തിന്റെ ഉത്തരം നോട്ടിൽ ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് വയറ്റിൽ എന്തോ ഒരു അസ്വസ്ഥത. ഈശ്വരാ മീനാക്ഷിയെടത്തിയുടെ പയറ് ചതിചോ???..   . ഏയ്.. കുറച്ചു കഴിയുമ്പോ മാറുമായിരിക്കും.. ഞാൻ സ്വയം ആശ്വസിച്ചു.. . പക്ഷെ വയറ്റിനുള്ളിൽ നിന്നും വന്നു കൊണ്ടിരുന്ന പ്രതികരണങ്ങൾ ആശവാഹമായിരുന്നില്ല. നിമിഷങ്ങൾ കഴിയുന്തോറും വയറ്റിനുള്ളിലെ വേദന ശക്തമായിക്കൊണ്ടിരുന്നു. സ്‌കൂളിന് തൊട്ടപ്പുറത്താണ് വീട്. എനിക്ക് എത്രയും പെട്ടെന്ന് വീ