പ്രവാസം
എം മുകുന്ദൻ
പ്രവാസവും മലയാളിയും തമ്മിൽ അഭേദ്യമായ ഒരു ബന്ധം ഉണ്ട്. മലയാളിയുടെ സാംസ്കാരിക സാമ്പത്തിക മണ്ഡലങ്ങളെ ഒട്ടനവധി പ്രവാസ ജീവിതങ്ങൾ സ്വാധീനിച്ചിട്ടുണ്ട്. ഇപ്പോഴും സ്വാധീനിക്കുന്നുമുണ്ട്. പ്രവാസ ജീവിതങ്ങളെ പ്രമേയമാക്കി മലയാളത്തിന്റെ പ്രിയ കഥാകാരൻ എം മുകുന്ദൻ രചിച്ച നോവൽ ആണ് 'പ്രവാസം'.
ബർമ്മയിലേക്ക് യാത്രയായ കൊറ്റിയത്ത് കുമാരനിലൂടെ തുടങ്ങുന്ന നോവൽ അയാളുടെ മകൻ ഗിരിയിലൂടെയും അയാളുടെ മകൻ അശോകനിലൂടെയും പല തലമുറകളുടെ, പല ദേശങ്ങളുടെ കഥ പറയുന്നു. നോവലിൽ ഏറ്റവും ആകർഷിച്ചത് അതിന്റെ ആഖ്യാനമാണ്. നിരവധിയായ കഥാപത്രങ്ങളും കഥാസന്ദർഭങ്ങളും ആകാശത്തെ നക്ഷത്രങ്ങൾ കണക്കെ പലയിടങ്ങളിലായി ചിതറി കിടപ്പാണ്. അവയെ ഏറ്റവും മനോഹരമായി കൂട്ടിയോജിപ്പിക്കുന്നുണ്ട് മുകുന്ദൻ എന്ന കഥാകാരൻ. ആ കൂട്ടിയോജിപ്പിക്കലിൽ തെളിയുന്ന 'പ്രവാസം' വായനക്കാരനെ വിസ്മയിപ്പിക്കുന്ന പ്രഭ ചൊരിയുന്നുണ്ട്. ആദ്യ ഭാഗത്ത് കഥ പറിച്ചിലിനായി മുകുന്ദൻ നിയോഗിക്കുന്നത് പ്രശസ്ത സാഹിത്യകാരൻ എസ് കെ പൊറ്റക്കാടിനെയാണ്. ഒരു കാലഘട്ടത്തിന്റെ കഥ വായനക്കാർ അദ്ദേഹത്തിന്റെ കണ്ണിലൂടെ കാണുമ്പോൾ അടുത്തൊരു കാലഘട്ടത്തിന്റെ കഥ പറിച്ചിൽ മുകുന്ദൻ സ്വയം ഏറ്റെടുക്കുന്നു. രണ്ടു പേരും നോവലിൽ കഥാപാത്രങ്ങളായി വരുന്നുണ്ട്. വായിച്ച് കഴിഞ്ഞ് ചിന്തിക്കുമ്പോൾ ആഖ്യാനം സങ്കീർണമെന്നു തോന്നിയെങ്കിലും വായിച്ച് കൊണ്ടിരുന്നപ്പോൾ അത് ഒട്ടും അനുഭവപ്പെട്ടില്ല എന്നത് ആശ്ചര്യമുണർത്തുന്നു.
തലമുറകളിൽ നിന്നും തലമുറകളിലേക്കുള്ള കൈമാറി ആധുനിക കാലഘട്ടത്തിൽ എത്തി നിൽക്കുമ്പോൾ കമ്മ്യൂണിസം എന്ന ആശയത്തിനും കമ്മ്യൂണിസ്റ് പാർട്ടിക്കും പ്രസക്തി നഷ്ടപ്പെടുന്നുണ്ടോ എന്ന ഒരു ചോദ്യവും ഈ കൃതിയിലൂടെ മുകുന്ദൻ മുന്നോട്ട് വെക്കുന്നുണ്ട്. ഒരു മനുഷ്യന്റെ പ്രവാസത്തിൽ തുടങ്ങി പല ജീവിതങ്ങളിലൂടെ സഞ്ചരിച്ച് ഒടുവിൽ ഓരോ മനുഷ്യനും പ്രവാസിയാണെന്നും ഓരോ മനുഷ്യ ജീവിതവും ഒരു പ്രവാസമാണെന്നും പറഞ്ഞു വെക്കുന്നിടത്ത് നോവൽ പൂർണ്ണതയിലെത്തുന്നു. മുകുന്ദന്റെ ഏറ്റവും മികച്ച രചനകളുടെ കൂട്ടത്തിൽ ചേർത്ത് വെക്കാവുന്ന രചനയാണിത്. ഒരുപക്ഷേ ആഖ്യാനത്തിന്റെ തലത്തിൽ നോക്കുകയാണെങ്കിൽ മയ്യഴിപ്പുഴകൾക്കും മുകളിൽ നിൽക്കുന്നൊരു രചന.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ