ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വെളുത്ത് തുടുത്ത ഹർത്താൽ

#BTech_Bro
#ബി_ടെക്ബ്രോ
ഭാഗം 2 - വെളുത്ത് തുടുത്ത ഹർത്താൽ

അങ്ങനെ 4 കൊല്ലം ബി ടെക് പഠിച്ച് സമ്പാദിച്ച കാശ് കൊണ്ട് വാങ്ങിയ മൊബൈൽ വെള്ളത്തിലായി. സംശയിക്കേണ്ട, കഴിഞ്ഞ 4 കൊല്ലമായി കോളേജിലും യൂണിവേഴ്സിറ്റിയിലും അടക്കാൻ എന്ന പേരിൽ വീട്ടുകാരോട് വാങ്ങിച്ച വിവിധയിനം ഫീസുകളിൽ നിന്നാണ്  മൊബൈൽ ഫോണ് വാങ്ങാനുള്ള കാശുണ്ടാക്കിയത്.  ആ ഫോണിന്റെ ഫ്യൂസാണ്‌ കുഞ്ഞാവ ഊരിയത്. ഇന്നലെ വൈകിട്ട് തന്നെ ആ കുരിപ്പിനെ പെങ്ങളുടെ വീട്ടിൽ കൊണ്ട് വിട്ടു. പക്ഷെ ഇന്നിപ്പോൾ ആലോചിക്കുമ്പോൾ ആകെ ഒരു വിഷമം. കുരുത്തക്കേടിന്റെ ആൾരൂപം ആയിരുന്നെങ്കിലും വീട്ടിലിങ്ങനെ വെറുതെ ഇരിക്കുമ്പോൾ അവൾ ആയിരുന്നു ഒരാശ്വാസം. ഇപ്പോൾ കയ്യിൽ മൊബൈലുമില്ല. ടൗണിലേക്ക് ഇറങ്ങാമെന്നു വെച്ചാൽ ഇന്ന്  ഹർത്താലും. എന്നാലും ഹർത്താലിനോട് ഒരു വല്ലാത്ത ഇഷ്ടമാണ്. കോളേജിലായിരുന്നപ്പോൾ ഒരു ഹർത്താൽ വരുന്നത് മെസ്സിലെ ചിക്കൻ കറിയിൽ നിന്നും പീസ് കിട്ടിയ പോലെയുള്ള സന്തോഷമായിരുന്നു തന്നിരുന്നത്. തിരക്ക് പിടിച്ച് എല്ലാം മറന്നോടുന്ന മനുഷ്യന് ഒരൽപം വിശ്രമിക്കാനും കുടുംബത്തോടൊപ്പം ആഘോഷിക്കാനും കിട്ടുന്ന സമയം. അതാണ് ഹർത്താൽ.

നല്ലൊരു ഹർത്താൽ ആയിട്ട് ഇന്നിനി എന്ത് ചെയ്യും?

തൊരപ്പനെ വിളിച്ച് നോക്കാം. ശോ.. അതിനു മൊബൈൽ ഇല്ലല്ലോ.. അമ്മയോട് ചോദിച്ച് നോക്കാം. അവൻ താഴേക്ക് ഇറങ്ങി. അമ്മ ന്യുസ് ചാനൽ കാണുകയാണ്. ചാനലിൽ ഹർത്താൽ വിശേഷങ്ങൾ തകൃതിയായി വർന്നിക്കുന്നുണ്ട്. അമ്മയിപ്പോ സീരിയൽ ഒക്കെ നിർത്തി ന്യുസ് ചാനലിലേക്ക് ചുവട് മാറ്റിയിരിക്കുകയാണ്. സീരിയലിനെക്കാൾ ബെസ്റ്റ് ഇതാണത്രേ. ഇതാകുമ്പോ ഭക്തിയുണ്ട്, അടിയുണ്ട്, പാര വെപ്പുണ്ട്, കോമഡി ഉണ്ട് അങ്ങനെ എല്ലാവിധ എന്റര്ടെയിന്മെന്റ് ഘടകങ്ങളും ഉണ്ട്.

"മാതാശ്രീ, കുച് സമയ് തുമാര ഫോണ് മുജ്കോ സമർപ്പയാമി?"

"എന്താടാ?"

"കൊറച്ച് സമയത്തേക്ക് അമ്മേടെ ഫോൺ എടുത്തോട്ടെ ന്ന്"

"ആഹ്. എടുക്കുന്നതൊക്കെ കൊള്ളാം. ഇങ് തിരിച്ച് തന്നെക്കണം. ഉച്ചക്ക് അയൽക്കൂട്ടത്തിന്റെ വാട്സാപ് മീറ്റിംഗ് ഉള്ളതാ"

"തഥാസ്‌തു"

"എന്തോന്നാ?"

"തന്നേക്കാം ന്ന്"

ഫോണുമെടുത്ത് റൂമിലേക്ക് വന്നു. അവന്റെ നമ്പർ കാണാതെ അറിയുന്നത് നന്നായി. നമ്പർ ഡയൽ ചെയ്തു.

"ഹലോ"

"ബ്രോ.. ഞാനാടാ"

"ഞാനോ. ഏത് ഞാൻ?"

"ഡാ തൊരപ്പ, ഞാനാടാ"

"ആഹ് ബ്രോ. നീയായിരുന്നോ? ഇതേത്‌ നമ്പർ?"

"ഇത് അമ്മേടതാ. എന്റെ ഫോണ് പോയി"

"ഏഹ്.. ഫോണ് പോയാ? അതാണ് നിന്നെ വിളിച്ചിട് കിട്ടാഞ്ഞത്. എങ്ങനാ പോയേ"?

"അത് വലിയൊരു കഥയാ. ഞാൻ ഫേസ് ബുക്കിൽ ഇടുന്നുണ്ട്. അപ്പൊ വായിച്ചോ. അല്ല, ഹർത്താൽ ആയിട്ട് എന്താ പരിപാടി?"

"പതിവ് പരിപാടി തന്നെ. ഇവിടെ വീട്ടിൽ ആളില്ല. സായിപ്പ് കുപ്പീം കൊണ്ട് വരാം ന്നു പറഞ്ഞിട്ടുണ്ട്. ഞാൻ ഒരു ചിക്കൻ ഫ്രയി സെറ്റ് ആക്കുന്നുണ്ട്. നീ ഇങ്ങോട്ട് വാ"

"അപ്പുറത്തെ വീട്ടിലെ കോഴിയെ തൊരന്നെടുത്തത്‌ ആണോ ഡേ"

"ഏയ്. ഇതൊക്കെ  ഹർത്താൽ ആണെന്ന് അറിഞ്ഞപ്പോ  ഇന്നലെ തന്നെ നമ്മൾ സ്റ്റോക്ക് ചെയ്ത്"

"ആഹ്. അങ്ങനാണെ കൊള്ളാം. എന്ന ഞാൻ വരുവ"

അപ്പൊ ഇന്നത്തെ പരിപാടി സെറ്റ്.

അവൻ വേഗം തന്നെ റെഡിയായി.

"അമ്മേ ഞാൻ ഒന്ന് പുറത്തേക്ക് ഇറങ്ങുവാണെ"

"ഈ ഹർത്താലിന് എങ്ങോട്ടാടാ? വല്ലവരുടെം തല്ല് കൊള്ളും"

"ഇവിടെ അടുത്ത് തന്നെ. പെട്ടെന്ന് വരാം"

ബൈക്ക് സ്റ്റാർട്ട് ചെയ്യാൻ തുടങ്ങിയപ്പോഴാണ് അമ്മയുടെ ഫോണ് കീശയിൽ ഉള്ള കാര്യം ഓർമിച്ചത്.
ഹർത്താൽ അല്ലെ, ഫോണ് കീശയിൽ തന്നെ ഇരിക്കട്ടെ. തിരിച്ചു വന്നിട്ട് അമ്മക്ക് കൊടുക്കാം. അവൻ ഹെൽമറ്റ് തലയിൽ ചാർത്തി ബൈക്കെടുത്തു. കഷ്ടിച്ച് 1 കിലോമീറ്റർ ദൂരമേ ഉള്ളു. ഹർത്താൽ ആയത് കൊണ്ട് വിജനമായ പാത. പെട്ടെന്നാണ് ആരോ കൈ കാണിക്കുന്നത് കണ്ടത്. അവൻ ചുറ്റും നോക്കി. വേറെ വണ്ടികൾ ഒന്നുമില്ല. ഈശ്വര വല്ല ഹർത്താലുകരും ആയിരിക്കുമോ?

ഏയ്.. ഹർത്താലുകാരല്ല. ഒരു പെണ്കുട്ടിയാണ്. വെളുത്ത് തുടുത്ത ഒരു സുന്ദരി പെണ്കുട്ടി. അവൻ ബൈക്ക് അവൾക്കരികിൽ നിർത്തി.

"ചേട്ടാ, എന്നെ ഒന്ന് റെയിൽ വേ സ്റ്റേഷനിൽ വിടാമോ? ഹർത്താൽ ആയത് കൊണ്ട് വണ്ടി ഒന്നും കിട്ടുന്നില്ല"

അവന് നടക്കുന്നത് ഒരു സ്വപ്നമായി തോന്നി.  ഒരു സുന്ദരി പെണ്കുട്ടി തന്നോട് ലിഫ്റ്റ് ചോദിക്കുന്നു. കോളേജ് ലൈഫിൽ ഉടനീളം താൻ കണ്ട സ്വപ്നം! എന്നിട്ടോ കോളേജിൽ വായ്നോക്കി എന്ന പേര് ബാക്കിയായതല്ലാതെ ഒന്നും നടന്നില്ല. ഇന്നിപ്പോൾ സ്വപ്‌നം യാഥാർഥ്യമായിരിക്കുന്നു. ഇത് ഞാൻ പൊളിക്കും. മനസ്സ് കൊണ്ട് ഹർത്താൽ പ്രഖ്യാപിച്ചവർക്ക് അവൻ  ശതകോടി നന്ദി സമർപ്പിച്ചു.

"ചേട്ടാ. ..."

"ആഹ്.. കേറിക്കോ കേറിക്കോ"

"താങ്ക്സ് ചേട്ടാ.."

"ഓഹ്.. ഇതൊക്കെ എന്ത്"

അവൻ വണ്ടിയെടുത്തു.

"ഇവിടെ അധികം കണ്ടിട്ടില്ലലോ"

"ഇല്ല. ഞാൻ ഇവിടെ പുതിയതാ"

"ഹർത്താൽ ആയിട്ട് വല്ല പ്രശ്നവും ഉണ്ടായോ? ഉണ്ടെങ്കിൽ പറഞ്ഞാൽ മതി. നമ്മുടെ പിള്ളേർ ഉണ്ട്"

"എയ്‌. അങ്ങനെ ഒന്നും ഇല്ല. "

അവൻ കണ്ണാടിയിലൂടെ അവളെ നോക്കി. ഒരു പാവം കുട്ടി. വണ്ടിയുടെ വേഗത ഒരല്പം വർധിപ്പിച്ചു. അവൾ അവനെ പിടിച്ചിരുന്നു. പിന്നെ ശര വേഗത്തിൽ ഒരു കുതിപ്പായിരുന്നു.

.

"ദേ എത്തി. കുട്ടിക്ക് സ്പീഡിൽ പോയി അത്ര പരിചയം ഇല്ലെന്ന് തോന്നുന്നു അല്ലെ"

"ആഹ് ചേട്ടൻ നല്ല സ്പീഡ് ആയിരുന്നു"

"ഓഹ്.  ഇതൊക്കെ എന്ത്.. ഞാൻ പണ്ട് കോളേജിൽ..."

"അല്ല ചേട്ടാ. ഇത് പോലീസ് സ്റ്റേഷൻ അല്ലെ"

"അതേ. കുട്ടി എന്താ പ്രശ്നം എന്നു എന്നോട് പറഞ്ഞില്ല കെട്ടോ. ചെറിയ പ്രശ്നമാണെങ്കിൽ നമ്മക്ക് സെറ്റ് ആക്കാവുന്നതെ ഉള്ളു"

"എടോ മണ്ടാ, തന്നോട് ഞാൻ റെയിൽവേ സ്റ്റേഷനിൽ കൊണ്ട് വിടനല്ലെടോ പറഞ്ഞത്"

"ങേ.. റെയിൽ വേ സ്റേഷനോ. കുട്ടി അപ്പൊ പോലീസ് സ്റ്റേഷൻ എന്നല്ലേ പറഞ്ഞത്"

"ഈശ്വരാ.. ഇങ്ങനെ ഒരു മണ്ടനെ ആണല്ലോ സഹായത്തിനു കിട്ടിയത്. എന്നെ കണ്ടപ്പോ വായും പൊളിച്ച് നിൽക്കുന്നത് കണ്ടപ്പോഴേ തോന്നിയതാ. അവന്റെ ഒരു സ്പീഡും..പോലീസ് സ്റ്റേഷൻ പണ്ടേ എനിക്ക് അലര്ജിയാ."

"അല്ല.. അത്.. പെട്ടെന്ന്..വണ്ടീടെ സൗണ്ട് കാരണം.. "

"ഇനി എനിക്ക് ട്രെയിൻ കിട്ടൂലല്ലോ ദൈവമേ"

"കുട്ടി പേടിക്കണ്ട. റെയിൽവേ സ്റ്റേഷൻ ഇവിടെ അടുത്ത് തന്നെയാണ്. ഞാൻ ഇറക്കി തരാം"

"ഇനി താൻ എന്നെ ഫയർ സ്റ്റേഷനിൽ കൊണ്ട് വിടുമോ"?

"ഇല്ലില്ല. ഒരു തെറ്റ് ആർക്കും പറ്റും. കുട്ടി കേറ്"

ഇതിപ്പോ പ്ലസ് ടു കഴിഞ്ഞു വെറുതെ ഇരുന്നപ്പോ ബി ടെക് എടുത്ത അവസ്ഥ ആയല്ലോ. അവൻ മനസിൽ ഓർത്തു.

വേറെ വഴി ഇല്ലാത്തതിനാൽ അവൾ വീണ്ടും ബൈക്കിൽ കയറി. അവളെ നോക്കി ചമ്മിയ ഒരു ചിരി ചിരിച്ച് അവൻ ബുള്ളറ്റ് റെയിൽവേ സ്റ്റേഷൻ ലക്ഷ്യമാക്കി ഓടിച്ചു.

(തുടരും)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രവാസം - എം മുകുന്ദൻ

പ്രവാസം എം മുകുന്ദൻ പ്രവാസവും മലയാളിയും തമ്മിൽ അഭേദ്യമായ ഒരു ബന്ധം ഉണ്ട്. മലയാളിയുടെ സാംസ്കാരിക സാമ്പത്തിക മണ്ഡലങ്ങളെ ഒട്ടനവധി പ്രവാസ ജീവിതങ്ങൾ സ്വാധീനിച്ചിട്ടുണ്ട്. ഇപ്പോഴും സ്വാധീനിക്കുന്നുമുണ്ട്. പ്രവാസ ജീവിതങ്ങളെ പ്രമേയമാക്കി മലയാളത്തിന്റെ പ്രിയ കഥാകാരൻ എം മുകുന്ദൻ രചിച്ച നോവൽ ആണ് 'പ്രവാസം'. ബർമ്മയിലേക്ക് യാത്രയായ കൊറ്റിയത്ത് കുമാരനിലൂടെ തുടങ്ങുന്ന നോവൽ അയാളുടെ മകൻ ഗിരിയിലൂടെയും അയാളുടെ മകൻ അശോകനിലൂടെയും പല തലമുറകളുടെ, പല ദേശങ്ങളുടെ കഥ പറയുന്നു. നോവലിൽ ഏറ്റവും ആകർഷിച്ചത് അതിന്റെ ആഖ്യാനമാണ്. നിരവധിയായ കഥാപത്രങ്ങളും കഥാസന്ദർഭങ്ങളും ആകാശത്തെ നക്ഷത്രങ്ങൾ കണക്കെ പലയിടങ്ങളിലായി ചിതറി കിടപ്പാണ്. അവയെ ഏറ്റവും മനോഹരമായി കൂട്ടിയോജിപ്പിക്കുന്നുണ്ട് മുകുന്ദൻ എന്ന കഥാകാരൻ. ആ കൂട്ടിയോജിപ്പിക്കലിൽ തെളിയുന്ന 'പ്രവാസം' വായനക്കാരനെ വിസ്മയിപ്പിക്കുന്ന പ്രഭ ചൊരിയുന്നുണ്ട്. ആദ്യ ഭാഗത്ത് കഥ പറിച്ചിലിനായി മുകുന്ദൻ നിയോഗിക്കുന്നത് പ്രശസ്ത സാഹിത്യകാരൻ എസ് കെ പൊറ്റക്കാടിനെയാണ്. ഒരു കാലഘട്ടത്തിന്റെ കഥ വായനക്കാർ അദ്ദേഹത്തിന്റെ കണ്ണിലൂടെ  കാണുമ്പോൾ അടുത്തൊരു കാലഘട്ടത്തിന്റെ കഥ പറിച്ചി

മാഷേ, ആ മാജിക്കിന്റെ രഹസ്യമെന്താ??

മീനാക്ഷിയേടത്തി ഉണ്ടാക്കിയ കഞ്ഞിയും പയറും മൂക്ക് മുട്ടെ തിന്ന് 7 ബി യിൽ കൃഷ്ണൻമാഷുടെ കണക്ക് ക്ലാസിൽ വാ പൊളിച്ചു ഇരിക്കുകയാണ് ഞാൻ. ഉച്ച കഴിഞ്ഞാൽ ക്ലാസിൽ നിത്യ സന്ദർശകനായ കാറ്റ് എന്നെ നിദ്രയുടെ മോഹന ലോകത്തേക്ക് കൈ പിടിച്ചു കൊണ്ട് പോകുന്നുണ്ട്. പക്ഷെ കൃഷ്ണൻമാഷുടെ സ്വഭാവം നന്നായറിയാവുന്നതിനാൽ കഷ്ടപ്പെട്ടാണെങ്കിലും ഞാൻ തിരിച്ചു ക്ലാസിലേക്ക് തന്നെ ഓടി വരുന്നുണ്ട്. മാഷ് ബോർഡിൽ എഴുതുന്ന ഹരിക്കലിന്റെയും ഗുണിക്കലിന്റെയും ചിഹ്നങ്ങളെല്ലാം എന്റെ മുന്നിൽ ഒരു ചോദ്യ ചിഹ്നമായി തൂങ്ങി കിടക്കുകയാണ്. ക്ലാസിൽ കനത്ത നിശ്ശബ്ദത ആണ്. എല്ലാവരുടെയും കണ്ണുകൾ മാഷക്കൊപ്പം സഞ്ചരിക്കുകയാണ്. മാഷ് ബോർഡിൽ തന്ന ഒരു ചോദ്യത്തിന്റെ ഉത്തരം നോട്ടിൽ ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് വയറ്റിൽ എന്തോ ഒരു അസ്വസ്ഥത. ഈശ്വരാ മീനാക്ഷിയെടത്തിയുടെ പയറ് ചതിചോ???..   . ഏയ്.. കുറച്ചു കഴിയുമ്പോ മാറുമായിരിക്കും.. ഞാൻ സ്വയം ആശ്വസിച്ചു.. . പക്ഷെ വയറ്റിനുള്ളിൽ നിന്നും വന്നു കൊണ്ടിരുന്ന പ്രതികരണങ്ങൾ ആശവാഹമായിരുന്നില്ല. നിമിഷങ്ങൾ കഴിയുന്തോറും വയറ്റിനുള്ളിലെ വേദന ശക്തമായിക്കൊണ്ടിരുന്നു. സ്‌കൂളിന് തൊട്ടപ്പുറത്താണ് വീട്. എനിക്ക് എത്രയും പെട്ടെന്ന് വീ

സെൽഫി

മുഗള്‍ ചക്രവര്‍ത്തി ജഹാംഗീറിന്റെയും നൂർജഹാന്റെയും  പ്രണയത്തിന്റെ തിരുശേഷിപ്പായ കാശ്മീരിലെ ഷാലിമാര്‍ ഉദ്യാനത്തിലിരിക്കുമ്പോഴാണ്‌ സിദിന്‍ വീണ്ടും പ്രണയത്തെ കുറിച്ച് ചിന്തിച്ച് തുടങ്ങിയത്. വെറുമൊരു ഉദ്യാനമായി മാറുമായിരുന്ന ഇവിടം ചരിത്രത്തിലെ പ്രണയത്താല്‍ സൗന്ദര്യമേറിയതായി മാറുന്നു. അല്ലെങ്കിലും പ്രണയം ചാലിക്കുമ്പോള്‍ ഏത് നിര്‍മ്മിതിയും സുന്ദരമായ കലകളായി മാറുന്നു. പക്ഷെ ജഹാംഗീറിന്റെ ഇരുപതാമത്തെ ഭാര്യയായിരുന്നു  നൂര്‍ജഹാന്‍, അപ്പോള്‍ എങ്ങനെയാണ്  ഈ പ്രണയത്തെ നിര്‍വചിക്കുക? പ്രണയം എല്ലാ നിര്‍വചനങ്ങള്‍ക്കും അപ്പുറമെന്ന്  ചിന്തിച്ച് അവന്‍ ബാഗ്‌ തുറന്നു. അല്‍പ നേരം ബാഗിനുള്ളില്‍ തിരഞ്ഞപ്പോള്‍ മൊബൈല്‍ ഫോണ്‍ കിട്ടി. യാത്രയിലുടനീളം സ്വിച്ച് ഓഫ്‌ ചെയ്ത് വെച്ചിരിക്കുകയായിരുന്ന ആ ഫോണ്‍ ഓണ്‍ ചെയ്താല്‍ തന്റെ ഈ യാത്രയും വരാനിരിക്കുന്ന യാത്രകളും അവസാനിച്ചേക്കും   എന്നറിഞ്ഞിട്ടും അനിര്‍വചനീയമായ എന്തോ ഒന്ന്  അവനെ കൊണ്ട് ആ ഫോണ്‍ ഓണ്‍ ചെയ്യിച്ചു. ഷാലിമാര്‍ ഉദ്യാനം കാശ്മീർ  മലനിരകളാല്‍ ചുറ്റപ്പെട്ടു എന്നത് പോലെ ഫോണില്‍ വന്ന  മേസേജുകളാല്‍ ചുറ്റപ്പെട്ട് അവനിരുന്നു. ഹരികയുടെ ഒട്ടനവധി മെസേജുകള്‍. അവയെല്ലാം അവനോട്