ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ആദി

മലയാളികളുടെ പ്രിയ നടൻ മോഹൻ ലാലിന്റെ മകൻ പ്രണവ് മോഹൻ ലാലിന്റെ അരങ്ങേറ്റ ചിത്രം എന്ന നിലയിൽ മലയാളി പ്രേക്ഷകർ ഏറെ നാളായി കാത്തിരുന്ന ചിത്രമാണ് ആദി. മോഹൻ ലാലിന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായ ദൃശ്യം സംവിധാനം ചെയ്ത ജിത്തു ജോസഫാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത് എന്നത് ചിത്രത്തെ കുറിച്ചുള്ള  പ്രതീക്ഷകൾ കൂടുതൽ ഉയർത്തി. ഒരു ചിത്രത്തിന് ലഭിക്കാവുന്ന ഏറ്റവും വലിയ പ്രൊമോഷനുമായാണ് ആദി പ്രേക്ഷകനരികിലേക്ക് എത്തുന്നത്. സോഷ്യൽ മീഡിയയിലും പ്രിന്റ് മീഡിയയിലും റിലീസിന് മുൻപ് നിറഞ്ഞു നിന്ന ആദി പ്രേക്ഷക മനസ്സ് നിറക്കുമോ? നോക്കാം.

സംഗീത സംവിധായകൻ ആകുക എന്ന ആഗ്രഹവുമായി നടക്കുന്ന ആദിത്യ മോഹൻ എന്ന ചെറുപ്പക്കാരനെയാണ് പ്രണവ് അവതരിപ്പിക്കുന്നത്. ആ മോഹം ആദിയെ ബാംഗ്ലൂരിൽ എത്തിക്കുന്നു.  അവിടെ വെച്ച് ആദിയുടെ ജീവിതത്തിൽ അപ്രതീക്ഷിതമായ ചില സംഭവങ്ങൾ അരങ്ങേറുന്നു. അതിൽ നിന്നും രക്ഷപ്പെടുന്നതിനായി ആദി നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ കാതൽ. സംവിധായകനായ ജിത്തു തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നതും. സംഘട്ടന രംഗങ്ങൾക്കും കുടുംബ ബന്ധങ്ങൾക്കും ഒരു പോലെ പ്രാധാന്യം നൽകുന്ന ഒരു ത്രില്ലർ സിനിമയായാണ് ജിത്തു ആദിയെ അണിയിച്ചൊരുക്കിയിരിക്കുന്നത്. കഥാപാത്രങ്ങളുടെ അമിത ബാഹുല്യമില്ലാതെ കഥ ആവശ്യപ്പെടുന്ന കഥാപാത്രങ്ങളെ മാത്രം ഉൾക്കൊള്ളിച്ചിരിക്കുന്നു. കഥാപാത്രങ്ങൾ എല്ലാം തന്നെ കഥാഗതിയിൽ വ്യക്തമായ സ്വാധീനം ചെലുത്തുന്നുണ്ട്. ആദ്യത്തെ ചില രംഗങ്ങൾ നായക കഥാപാത്രത്തിനു ഒരു പ്രണയ നായക പരിവേഷം നൽകാൻ മാത്രമുള്ളതാണെന്നു തോന്നിച്ചെങ്കിലും അത് കഥ ആവശ്യപ്പെടുന്ന ഒരു ഡീറ്റെയിലിങ് ആയിരുന്നെന്ന് അവസാന രംഗങ്ങൾ വ്യക്തമാക്കുന്നുണ്ട്. പ്രണവ് ഒരു തുടക്കക്കാരൻ ആണ് എന്ന പൂർണ്ണ ബോധ്യം ഉണ്ടായിരുന്നത് ജിത്തുവിനാണ്. പ്രണവിനെ കൊണ്ട് എന്തൊക്കെ സാധ്യമാകും എന്ന് മനസ്സിലാക്കി അത്തരം സാധ്യതകൾക്ക് കൂടുതൽ പ്രാധാന്യം നൽകാനും ബാക്കിയുള്ളതിനെ ബുദ്ധിപരമായി മറച്ചു പിടിക്കാനും ശ്രദ്ധിച്ചിട്ടുണ്ട്. ദൃശ്യമെന്ന ഏറ്റവും മികച്ച ചിത്രം ജിത്തുവിന് ഒരു ബാധ്യത ആകുമെന്ന് തോന്നുന്നു. കാരണം അതിനു ശേഷം ഇറങ്ങിയതെല്ലാം ദൃശ്യത്തിനെക്കാൾ മികച്ചതാക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടവയാണ്. ഈ ചിത്രവും രചനാപരമായാലും സംവിധാനത്തിലായാലും ദൃശ്യത്തിൽ നിന്നും ഏറെ അകലെ തന്നെയാണ്. കൂടാതെ പ്രമേയം ദൃശ്യത്തോട് അടുത്തു കിടക്കുന്നതുമാണ്.

താര പുത്രന്മാർ സിനിമയിലേക്ക് വരുന്നത് പുതിയ സംഭവമല്ല. പക്ഷെ പലപ്പോഴും അമിത പ്രതീക്ഷകളുമായി വന്ന്, പ്രകടനം കൊണ്ട് അച്ഛന്റെ ലേബലിൽ നിന്നും രക്ഷ നേടാനാകാതെ പരാജയമാകുന്ന കാഴ്ചകൾ കണ്ടിട്ടുണ്ട്. ദുൽഖർ ആണ് മലയാളത്തിൽ അതിന് ഒരു അപവാദമായിട്ടുള്ളത്!! തന്നിലുള്ള പ്രതീക്ഷകളുടെ അമിത ഭാരത്തെ മറികടന്നു പ്രേക്ഷകന് തൃപ്തി നൽകുന്ന പ്രകടനം കാഴ്ച വെക്കാൻ പ്രണവിന് കഴിഞ്ഞിട്ടുണ്ട്. അരങ്ങേറ്റത്തിലുള്ള കഥാപാത്ര തിരഞ്ഞെടുപ്പ്  വിജയകരമായിരുന്നു. ആദിത്യ മോഹൻ എന്ന പാവം പയ്യൻ കഥാപാത്രം പ്രണവിന്റെ കൈകളിൽ ഭദ്രമായിരുന്നു. ഒന്നോ രണ്ടോ രംഗങ്ങൾ ഒഴിച്ചാൽ തുടക്കക്കാരൻ എന്ന പ്രതീതി വേറൊരിടത്തും അനുഭവപ്പെട്ടില്ല. പലപ്പോഴും പുതുമുഖങ്ങൾക്ക് ഡബ്ബിങ് ഒരു ബാലി കേറാമലയായി മാറാറുണ്ടെങ്കിലും ഡബ്ബിങ്ങിലും ഡയലോഗ് ഡെലിവറിയിലും പ്രണവ് മികവ് പുലർത്തി. കൈ വിട്ട് പോകുമായിരുന്ന ഇമോഷണൽ രംഗങ്ങളും 'കയ്യടക്കത്തോടെ' ചെയ്തു !  ഇതു വരെ കണ്ടതിൽ നിന്നും വ്യത്യസ്തമായി പുതുമയുള്ള കാഴ്ചകൾ കാണുമ്പോഴാണ് ആ ചിത്രത്തോട് പ്രേക്ഷകൻ കൂടുതൽ അടുക്കുന്നത്. പ്രണവും കൂട്ടരും അവതരിപ്പിച്ച 'പാർകൗർ' സംഘട്ടന രംഗങ്ങൾ അത്തരത്തിലുള്ള ഒരു അനുഭവമായിരുന്നു. തികച്ചും പ്രേക്ഷകനെ ഹരം കൊള്ളിക്കുന്നതായിരുന്നു സംഘട്ടന രംഗങ്ങൾ. തിയ്യേറ്ററിൽ ആബാലവൃദ്ധം പ്രേക്ഷകരും നിറഞ്ഞ കയ്യടികളോടെയാണ് സംഘട്ടന രംഗങ്ങൾ ആസ്വദിച്ചത്. പ്രണവിന്റെ മെയ്‌വഴക്കം ആരാധക പ്രശംസ പിടിച്ചു വാങ്ങും എന്നുറപ്പാണ്. പ്രണവ് എന്ന പുതുമുഖ താരത്തിന്റെ ന്യൂനതകൾ മറച്ച് പിടിക്കാൻ സംവിധായകന് കഴിഞ്ഞു എന്നതുപോലെ തന്നെ സംവിധാനത്തിലെ പോരായ്മകളെ മറികടക്കാൻ പ്രണവിന്റെ പ്രകടനത്തിനും സാധിച്ചിട്ടുണ്ട്.

മറ്റു കഥാപാത്രങ്ങളും മികവ് പുലർത്തി. സിദ്ധിഖ് പതിവ് പോലെ ഇമോഷണൽ രംഗങ്ങളിലെ അനായാസ അഭിനയത്തിലൂടെ പ്രേക്ഷകന്റെ  മനസ്സ് നിറച്ചു. പക്ഷെ ഈയിടെയായി ഇത്തരം രംഗങ്ങളിൽ സിദ്ധിഖ് ടൈപ്കാസ്റ് ചെയ്യപ്പെടുന്നില്ലേ എന്ന സംശയം ഉടലെടുക്കുന്നു. അനുശ്രീയും ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ചു. ഒരിടവേളയ്ക്ക് ശേഷം മേഘനാദൻ എന്ന മലയാളം അധികം ഉപയോഗിക്കാത്ത ഒരു നടന്റെ നല്ല പ്രകടനവും കാണാൻ സാധിച്ചു. ഇമോഷണൽ രംഗങ്ങളിലെ ലെനയുടെ പ്രകടനം കല്ലുകടിയായി തോന്നി. ശറഫുദ്ധീൻ, സിജു വിൽസൺ, ജഗപതി ബാബു എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ ഭംഗിയാക്കി.

'പാർകൗർ' രംഗങ്ങളുടെ പൂർണതക്കു വേണ്ടി  പ്രണവിനൊപ്പം ഛായാഗ്രാഹകൻ സതീഷ് കുറുപ്പും പാർകൗർ അഭ്യസിച്ചിരുന്നു എന്നു തോന്നിപ്പോയി. ചടുലമായ സംഘട്ടന രംഗങ്ങളെ അത്ര മനോഹരമായാണ് അദ്ദേഹം ക്യാമറയിൽ പകർത്തിയിട്ടുള്ളത്. ഒന്നു പിഴച്ചിരുന്നെങ്കിൽ അരോചകമായി പോകമായിരുന്ന രംഗങ്ങളെ ഏറ്റവും മികവുറ്റ രീതിയിലുള്ള ദൃശ്യാനുഭവമാക്കി മാറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അനിൽ ജോണ്സന്റെ ഗാനങ്ങൾ അത്രക്ക് മികവ് പുലർത്തിയില്ലെങ്കിലും വെറുപ്പിച്ചില്ല. പശ്ചാത്തല സംഗീതം ചിത്രത്തിന്റെ ചടുലത നിലനിർത്താൻ സഹായമാകും വിധം മികച്ചതായിരുന്നു. സെൽഫ് പ്രൊമോഷനെ പറ്റി സിദ്ധിഖ് പറയുന്ന ഒരു ഡയലോഗിനെ അന്വർത്ഥമാക്കുന്നുണ്ട് ചിത്രം. പ്രണവ്, മോഹൻലാൽ , ഒടിയൻ ,കോണ്ഫിഡന്റ് ഗ്രൂപ് എന്നിവയുടെ പ്രൊമോഷനാൽ സമ്പന്നമാണ് ചിത്രം. ചിലയിടങ്ങളിൽ അത് അരോചകമായെന്നു പറയാതെ വയ്യ. പതിഞ്ഞ താളത്തിൽ ഉള്ള ഒന്നാം ഭാഗത്ത്‌ നിന്നും ചടുലമായ രണ്ടാം ഭാഗത്തിൽ എത്തിയ ശേഷം കടന്നു വരുന്ന ആവശ്യമില്ലാത്ത ഇമോഷണൽ രംഗങ്ങൾ ചിത്രത്തിന്റെ ഒഴുക്കിനെ ബാധിക്കുന്നുണ്ട്. അവ എഡിറ്റ് ചെയ്ത് സമയ ദൈർഘ്യം അല്പംകുറച്ചിരുന്നെങ്കിൽ ചിത്രം ഇതിലുമാധികം  പ്രേക്ഷകനോട് അടുക്കുമായിരുന്നു എന്ന് തോന്നി.

എന്തായാലും അരങ്ങേറ്റം പ്രണവ് ഉജ്വലമാക്കി. 'നല്ല നടനിലേക്ക്' ദൂരം ഏറെയുണ്ടെങ്കിലും പ്രതിഭയുള്ള ഒരു നടൻ തന്നിലുണ്ടെന്നു വിളിച്ചു പറയുന്ന പ്രകടനമായിരുന്നു പ്രണവിന്റേത്. പ്രണവിന്റെ  പ്രകടനവും മോശമല്ലാത്ത കഥയുടെ ജിത്തു ജോസഫ് അവതരണവും കൂടി ചേരുമ്പോൾ ഏവർക്കും രണ്ടര മണിക്കൂർ മനസ് നിറഞ്ഞു ആസ്വദിക്കാവുന്ന ഒരു ക്ളീൻ എന്റർറ്റെയിനർ ആയി മാറുന്നു ആദി.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഒരു ടിക് ടോക് വൈറൽ

സമയം രാത്രി 12 മണിയോടടുക്കുന്നു. രാത്രിയുടെ നിശബ്ദതയെ ഭേദിച്ച് രണ്ട് യുവാക്കൾ ഒരു റോയൽ എൻഫീൽഡ് ബുള്ളറ്റിൽ പച്ച വിരിച്ച ആ ഗ്രാമത്തിലേക്ക് കടന്ന് വരികയാണ്. "എടാ, മഹേഷേ.. ഇത് വല്ലതും വേണോ?? ഇത് നിന്റെ ഹോസ്റ്റൽ അല്ല" "എന്താ... ??" "ഓഹ്.. ഈ ബൈക്കിന്റെ ഒരു നശിച്ച ഒച്ച. പറഞ്ഞാലും കേക്കൂലാ.. മഹേഷേ.. നീ ബൈക്ക് ഒന്ന് ഒതുക്കിയെ" മഹേഷ് ബൈക്ക് നിർത്തി. "എന്താടാ? " "ഡാ മഹേഷേ. ഇത് വേണോ. ഇത് നമ്മടെ ഹോസ്റ്റൽ അല്ല.സമയം രാത്രി പന്ത്രണ്ടാകാറായി. അവന്റെ വീട്ടുകാർ ഒക്കെ ഉറങ്ങിക്കാണും. അവന്റെ അച്ഛൻ അല്ലെങ്കിലേ ഒരു ചൂടനാ" "അപ്പൊ പിന്നെ നമ്മൾ ഇത്രേം വണ്ടി ഓടിച്ച് വന്നത് വെറുതെയാ?" " എന്നാലും.." " അശ്വിൻബ്രോ നീ എന്തിനാ ഇങ്ങനെ  പേടിക്കുന്നെ? നമ്മൾ അവനെ തല്ലാൻ ഒന്നും അല്ലല്ലോ പോണേ.  അവന്റെ വീട്ടിൽ പോകുന്നു. അവനെ വിളിക്കുന്നു. നമ്മൾ  ബർത്ത് ഡേ കേക്ക് കൊണ്ട് വന്നത് കണ്ട് അവനും വീട്ടുകാരും സർപ്രൈസ് ആകുന്നു. കേക്ക് കട്ട് ചെയ്യുന്നു. നീ ഇതൊക്കെ ക്യാമറയിൽ ഒപ്പിയെടുക്കുന്നു. "ഓഹ് മൈ ഫ്രണ്ട് നിൻ കണ്ണുകളിൽ ഞാൻ കാണുന്നെന്...

പ്രവാസം - എം മുകുന്ദൻ

പ്രവാസം എം മുകുന്ദൻ പ്രവാസവും മലയാളിയും തമ്മിൽ അഭേദ്യമായ ഒരു ബന്ധം ഉണ്ട്. മലയാളിയുടെ സാംസ്കാരിക സാമ്പത്തിക മണ്ഡലങ്ങളെ ഒട്ടനവധി പ്രവാസ ജീവിതങ്ങൾ സ്വാധീനിച്ചിട്ടുണ്ട്. ഇപ്പോഴും സ്വാധീനിക്കുന്നുമുണ്ട്. പ്രവാസ ജീവിതങ്ങളെ പ്രമേയമാക്കി മലയാളത്തിന്റെ പ്രിയ കഥാകാരൻ എം മുകുന്ദൻ രചിച്ച നോവൽ ആണ് 'പ്രവാസം'. ബർമ്മയിലേക്ക് യാത്രയായ കൊറ്റിയത്ത് കുമാരനിലൂടെ തുടങ്ങുന്ന നോവൽ അയാളുടെ മകൻ ഗിരിയിലൂടെയും അയാളുടെ മകൻ അശോകനിലൂടെയും പല തലമുറകളുടെ, പല ദേശങ്ങളുടെ കഥ പറയുന്നു. നോവലിൽ ഏറ്റവും ആകർഷിച്ചത് അതിന്റെ ആഖ്യാനമാണ്. നിരവധിയായ കഥാപത്രങ്ങളും കഥാസന്ദർഭങ്ങളും ആകാശത്തെ നക്ഷത്രങ്ങൾ കണക്കെ പലയിടങ്ങളിലായി ചിതറി കിടപ്പാണ്. അവയെ ഏറ്റവും മനോഹരമായി കൂട്ടിയോജിപ്പിക്കുന്നുണ്ട് മുകുന്ദൻ എന്ന കഥാകാരൻ. ആ കൂട്ടിയോജിപ്പിക്കലിൽ തെളിയുന്ന 'പ്രവാസം' വായനക്കാരനെ വിസ്മയിപ്പിക്കുന്ന പ്രഭ ചൊരിയുന്നുണ്ട്. ആദ്യ ഭാഗത്ത് കഥ പറിച്ചിലിനായി മുകുന്ദൻ നിയോഗിക്കുന്നത് പ്രശസ്ത സാഹിത്യകാരൻ എസ് കെ പൊറ്റക്കാടിനെയാണ്. ഒരു കാലഘട്ടത്തിന്റെ കഥ വായനക്കാർ അദ്ദേഹത്തിന്റെ കണ്ണിലൂടെ  കാണുമ്പോൾ അടുത്തൊരു കാലഘട്ടത്തിന്റെ കഥ പറിച്ചി...

പ്രണയമൊഴുകും മായാനദി

കുറച്ച് നാളുകള്‍ക്ക് ശേഷം ഒരുപിടി ചിത്രങ്ങളുടെ റിലീസുമായി മലയാള ചലച്ചിത്ര മേഖല ഈ ക്രിസ്തുമസ് കാലത്ത് വീണ്ടും ഉയർത്തെഴുന്നേൽക്കുകയാണ്. സൂപ്പര്‍ താരങ്ങളുടേതടക്കം ഒരുപിടി ചിത്രങ്ങൾ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്. അവധിക്കാലവും ഉത്സവ കാലവും ആഘോഷമാക്കാന്‍ തക്കമുള്ളതാണ് മിക്ക ചിത്രങ്ങളെന്നുമാണ് ട്രെയിലറുകളും പാട്ടുകളും മറ്റും സൂചിപ്പിക്കുന്നത്. ഇതിനിടയില്‍ അധികം ആരവങ്ങളും ഒച്ചപ്പാടുകളുമില്ലാതെ വന്ന ചിത്രമാണ് മായാനദി. പ്രത്യക്ഷത്തില്‍ അത്യാകര്‍ഷണീയത ഒന്നുമില്ലെങ്കിലും ആഷിക് അബു, ശ്യാം പുഷ്കര്‍ , ദിലീഷ് നായര്‍ എന്നീ പേരുകള്‍ ഏതൊരു സിനിമാ പ്രേമിയെയും ഈ ചിത്രത്തിലേക്ക് വലിച്ചടുപ്പിക്കും. ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞ ഗ്യാങ്ഗ്സ്റ്റര്‍, അധികം ചലനം സൃഷ്ടിക്കാന്‍ കഴിയാതെ പോയ റാണി പത്മിനി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് മായാനദി. കഴിഞ്ഞ പരാജയങ്ങളില്‍ നിന്നും വ്യക്തമായ പാഠം ഉള്‍ക്കൊണ്ട് മികച്ച ഹോം വര്‍ക്കുമായാണ് ഇത്തവണ ആഷിക് എത്തിയിട്ടുള്ളത്. ആഷികിന്റെ സംവിധാന മികവിനൊപ്പം ശ്യാം പുഷ്കര്‍, ദിലീഷ് നായര്‍ എന്നിവരുടെ എഴുത്ത് കൂടെ ചേരുമ്പോള്‍ ചിത്രം ഏറ്...