ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഇന്ത്യക്കാരന്റെ പുസ്തകം




മനുവിന് ഏറെ പ്രിയപ്പെട്ടതായിരുന്നു ആ പുസ്തകം. പത്തൻപത് വർഷതത്തിലേറെ പഴക്കമുള്ള ആ പുസ്തകത്തിലെ  വരികൾ ഓരോന്നും അവനിൽ പുതിയ ചിന്തകൾ ഉണർത്തിയിരുന്നു. തന്നെക്കുറിച്ചെന്നത് പോലെ മറ്റുള്ളവരെക്കുറിച്ചും അവൻ ചിന്തിച്ച് തുടങ്ങിയത് ആ പുസ്തകത്തെ മനസിലാക്കിയത്തിനു ശേഷമാണ്.
പക്ഷെ ഈയിടെയായി ആ പുസ്തകത്തിന് എന്തൊക്കെയോ സംഭവിക്കുന്നു. ചില അധ്യായങ്ങൾ വെട്ടി മാറ്റപ്പെടുന്നു. ചില വരികൾ ആരോ തിരുത്തുന്നു. തിരുത്തിയ വരികൾ ആ പുസ്തകത്തിന്റെ ജീവനിൽ അലിഞ്ഞു ചേരാതെ അതിനെ വികൃതമാക്കുന്നത് കണ്ടപ്പോൾ മനുവിന് എന്തെന്നില്ലാത്ത ആശങ്ക തോന്നി.

എന്താണിതിനു ഒരു പരിഹാരം??

പുസ്തകം പൂജിച്ചാൽ ചിലപ്പോൾ എല്ലാം ശരിയായേക്കും. അവൻ അടുത്തുള്ള ആരാധനാലയത്തിൽ പോയി പുസ്തകം പൂജക്ക് വെച്ചു. പൂജക്കായി ഒട്ടനേകം പുസ്തകങ്ങൾ അവിടെ ഉണ്ടായിരുന്നു. അവയെക്കാളൊക്കെ മേന്മ തന്റെ പുസ്തകത്തിന് ഉണ്ടെന്ന് ഒരു നിർവൃതിയോടെ അവൻ ഓർത്തു.

പിറ്റേ ദിവസം പുസ്തകം തിരിച്ചെടുക്കാൻ ചെന്നപ്പോഴാണ് മനുവിനെ ഏറെ സങ്കടപ്പെടുത്തുന്ന കാര്യം ഉണ്ടായത്. അവൻ പൂജക്ക് വെച്ച പുസ്തകം കാണാതായിരിക്കുന്നു. അവിടിരുന്ന പുസ്തകങ്ങൾക്കിടയിലെല്ലാം നോക്കിയെങ്കിലും ഫലമുണ്ടായില്ല.

"ആ പുസ്തകം പോട്ടെ. സാരോല്യ. ദേ ആ കൗണ്ടറിൽ ചെന്നാൽ നിന്റെ പുസ്തകത്തിലും മികച്ച പുസ്തകം വാങ്ങിക്കാൻ കിട്ടും. ഇപ്പൊ തന്നെ അത് പൂജയും ചെയ്ത് തന്നേക്കാം"

തനിക്ക് നേരെ ആശ്വാസ വചനങ്ങൾ ചൊരിഞ്ഞ അയാളോട് മറുപടി പറയാതെ,  അയാളെ രൂക്ഷമായൊന്ന് നോക്കി മനു പുറത്തേക്കിറങ്ങി.

അവൻ അവിടെ കണ്ട മര തറയിൽ ഇരുന്നു. ആ പുസ്തകത്തെ കുറിച്ചോർത്തപ്പോൾ അവന്റെ ഉള്ളിൽ നഷ്ടബോധം നിറഞ്ഞു കൊണ്ടിരുന്നു. എന്ത്  ചെയ്യണം എന്നറിയാതെ കുറെ നേരം അവൻ ആ മരച്ചുവട്ടിലിരുന്നു.

പെട്ടെന്നാണ് അത് സംഭവിച്ചത്. ശക്തമായ ഒരു കാറ്റടിച്ചു. കാറ്റടിച്ച് പൊടിപടലങ്ങൾ ഒക്കെ അടങ്ങി കണ്ണു തുറന്നപ്പോൾ മുന്നിൽ ഒരു സ്ത്രീ രൂപം.

"എന്ത് പറ്റി മനൂ, എന്താ ഇവിടിങ്ങനെ ഇരിക്കുന്നെ? "

"ഏഹ്.. നിങ്ങൾ ആരാണ്? എന്റെ പേരെങ്ങനെ അറിയാം?"

"മനുവിന്റെ മാത്രമല്ല, ഈ രാജ്യത്തെ എല്ലാവരുടെയും പേര് എനിക്കറിയാം. മനുവിന് എന്താ പറ്റിയത്"

"ഞാൻ ഇവിടെ ഒരു പുസ്തകം പൂജിക്കാൻ വച്ചിരുന്നു. പക്ഷെ ഇപ്പോൾ അത് കാണാനില്ല"

"ഓഹ്. അത്രേ ഉള്ളോ? മനുവിന്റെ പുസ്തകം ഞാൻ തരാല്ലോ"

"നിങ്ങളെങ്ങനെ എന്റെ പുസ്തകം തരും?"

"അതൊക്കെയുണ്ട്"

ആ സ്ത്രീ വായുവിൽ കൈ വീശിയപ്പോൾ അവരുടെ കയ്യിൽ കുറച്ച് പുസ്തകങ്ങൾ പ്രത്യക്ഷപ്പെട്ടു.

"ഇവയിലുണ്ടോ മനുവിന്റെ പുസ്തകം?"

അവൻ പുസ്തകങ്ങളിലേക്ക് സൂക്ഷിച്ചു നോക്കി

"ഇല്ല. ഇവയൊക്കെ പല മത ഗ്രന്ഥങ്ങൾ അല്ലെ. ഇവയിൽ ചിലതൊക്കെ ഇവിടെ തന്നെ വില കൊടുത്ത് വാങ്ങിക്കാൻ പറ്റുമായിരുന്നു. ഇവയൊന്നുമല്ല എന്റെ പുസ്തകം"

സ്ത്രീയുടെ കയ്യിൽ നിന്നും ആ പുസ്തകങ്ങൾ അപ്രത്യക്ഷമായി. വീണ്ടും കൈ വീശിയപ്പോൾ വേറെ കുറച്ച് പുസ്തകങ്ങൾ പ്രത്യക്ഷമായി

"ഇവയിൽ ഏതെങ്കിലുമാണോ?"

" ഇവയെല്ലാം ചില രാഷ്ട്രീയ ഗ്രന്ഥങ്ങൾ ആണ്. ഇതൊന്നുമല്ല എന്റെ പുസ്തകം.ഇവയെക്കളൊക്കെ ശ്രേഷ്ഠമാണ് എന്റെ പുസ്തകം. നിങ്ങൾ എന്നെ കബളിപ്പിക്കുകയാണ്. ഞാൻ പോകുന്നു"

മനു എഴുന്നേറ്റ് പതിയെ നടന്നു. സ്ത്രീ ഒരിക്കൽ കൂടെ വായുവിൽ കൈ വീശി.

"നിൽക്കൂ. ഇതല്ലേ മനുവിന്റെ പുസ്തകം"

മനു തിരിഞ്ഞ് നോക്കി. അവരുടെ കയ്യിലെ പുസ്തകം കണ്ട മനുവിന്റെ കണ്ണുകളിൽ അത്ഭുതം നിറഞ്ഞു.

"അതേ.. ഇത് തന്നെയാണ് എന്റെ പുസ്തകം. അപ്പോൾ നിങ്ങളാണോ ഇത് എടുത്തത്?"

"ഹ ഹാ... അല്ല. ഇത് എടുത്തത് ഞാനല്ല. പക്ഷെ ആരാണെന്ന് എനിക്കറിയാം.  മുൻ കാഴ്ചകളില്ലാതെ ഈ പുസ്തകം തിരുത്തിക്കൊണ്ടിരിക്കുന്നവർ, ചില പേജുകൾ ഇല്ലാതാക്കിയവർ. അവർ തന്നെയാണ് ഇത് എടുത്തതും നശിപ്പിക്കാൻ ശ്രമിച്ചതും. മനു പറഞ്ഞത് ശരിയാണ്. നേരത്തെ ഞാൻ മനുവിന് കാണിച്ച പുസ്തകങ്ങളെക്കാളൊക്കെ ശ്രേഷ്ഠമാണ് ഈ പുസ്തകം. ആ പുസ്തകങ്ങളുടെയൊക്കെ അന്തസത്ത ഇതിലുണ്ട്.  ഇത് മനുവിനെപ്പോലുള്ളവരുടെ കയ്യിൽ തന്നെയാണ് ഉണ്ടാകേണ്ടത്."

"പക്ഷെ അവർ വീണ്ടും ഇത് നശിപ്പിക്കാൻ ശ്രമിക്കില്ല എന്നു എന്താണ് ഉറപ്പ്? "

"അവർ വീണ്ടും ശ്രമിച്ചേക്കാം. അത് ഒരു പക്ഷെ എന്റെ നിലനിൽപിനെ തന്നെയും അപകടത്തിലാക്കിയേക്കാം. പക്ഷെ മനൂ, നിങ്ങളെ പോലുള്ളവർ ഇതിന്റെ അർത്ഥം ഗ്രഹിച്ച് നെഞ്ചോട് ചേർക്കുക. നിങ്ങളുടെ ജീവന്റെ തുടിപ്പും ഈ പുസ്തകത്തിന്റെ തുടിപ്പും ഒന്നാണെന്ന് തിരിച്ചറിഞ്ഞ് മനുവിനെപ്പോലുള്ള അനേകം പേർ ഈ പുസ്തകം നെഞ്ചോട് ചേർക്കുമ്പോൾ ഇത് നിങ്ങളിൽ നിന്നും പറിച്ചെടുത്ത് നശിപ്പിക്കുക എന്നത് അസാധ്യമാകും. അത് മാത്രമാണ് ഈ പുസ്തകം സംരക്ഷിക്കാനുള്ള ഏക വഴി"

മനു അവരുടെ കയ്യിൽ നിന്നും ആ തടിച്ച പുസ്തകം വാങ്ങി നെഞ്ചോട് ചേർത്ത് പിടിച്ച്  തിരിച്ച് നടന്നു. ഏറെ പഴക്കം ചെന്ന പുസ്തമായിരുന്നെങ്കിലും, കാലം അതിന്റെ പുറം ചട്ടക്ക് മങ്ങലേല്പിച്ചിരുന്നെങ്കിലും പുറം ചട്ടയിൽ പുസ്തകത്തിന്റെ പേര് തിളങ്ങി നിൽക്കുന്നുണ്ടായിരുന്നു

            'ഇന്ത്യൻ ഭരണ ഘടന'

ആ സ്ത്രീയോട് ഒരു നന്ദി പറയാൻ മറന്നല്ലോ  എന്നു കരുതി  തിരിഞ്ഞ് നോക്കിയെങ്കിലും അവരെ അപ്പോൾ അവിടെങ്ങും കാണാനില്ലായിരുന്നു. മനുവിന്റെ ചുണ്ടിൽ നിന്നും  ഒരു ഭക്തിഗാനം അന്തരീക്ഷത്തിലേക്ക് ഒഴുകി.

"വന്ദേ മാതരം....
വന്ദേ മാതരം...
സുജലാം സുഫലാം
മലയജശീതളാം
സസ്യശ്യാമളാം മാതരം
വന്ദേ മാതരം........."

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രവാസം - എം മുകുന്ദൻ

പ്രവാസം എം മുകുന്ദൻ പ്രവാസവും മലയാളിയും തമ്മിൽ അഭേദ്യമായ ഒരു ബന്ധം ഉണ്ട്. മലയാളിയുടെ സാംസ്കാരിക സാമ്പത്തിക മണ്ഡലങ്ങളെ ഒട്ടനവധി പ്രവാസ ജീവിതങ്ങൾ സ്വാധീനിച്ചിട്ടുണ്ട്. ഇപ്പോഴും സ്വാധീനിക്കുന്നുമുണ്ട്. പ്രവാസ ജീവിതങ്ങളെ പ്രമേയമാക്കി മലയാളത്തിന്റെ പ്രിയ കഥാകാരൻ എം മുകുന്ദൻ രചിച്ച നോവൽ ആണ് 'പ്രവാസം'. ബർമ്മയിലേക്ക് യാത്രയായ കൊറ്റിയത്ത് കുമാരനിലൂടെ തുടങ്ങുന്ന നോവൽ അയാളുടെ മകൻ ഗിരിയിലൂടെയും അയാളുടെ മകൻ അശോകനിലൂടെയും പല തലമുറകളുടെ, പല ദേശങ്ങളുടെ കഥ പറയുന്നു. നോവലിൽ ഏറ്റവും ആകർഷിച്ചത് അതിന്റെ ആഖ്യാനമാണ്. നിരവധിയായ കഥാപത്രങ്ങളും കഥാസന്ദർഭങ്ങളും ആകാശത്തെ നക്ഷത്രങ്ങൾ കണക്കെ പലയിടങ്ങളിലായി ചിതറി കിടപ്പാണ്. അവയെ ഏറ്റവും മനോഹരമായി കൂട്ടിയോജിപ്പിക്കുന്നുണ്ട് മുകുന്ദൻ എന്ന കഥാകാരൻ. ആ കൂട്ടിയോജിപ്പിക്കലിൽ തെളിയുന്ന 'പ്രവാസം' വായനക്കാരനെ വിസ്മയിപ്പിക്കുന്ന പ്രഭ ചൊരിയുന്നുണ്ട്. ആദ്യ ഭാഗത്ത് കഥ പറിച്ചിലിനായി മുകുന്ദൻ നിയോഗിക്കുന്നത് പ്രശസ്ത സാഹിത്യകാരൻ എസ് കെ പൊറ്റക്കാടിനെയാണ്. ഒരു കാലഘട്ടത്തിന്റെ കഥ വായനക്കാർ അദ്ദേഹത്തിന്റെ കണ്ണിലൂടെ  കാണുമ്പോൾ അടുത്തൊരു കാലഘട്ടത്തിന്റെ കഥ പറിച്ചി

മാഷേ, ആ മാജിക്കിന്റെ രഹസ്യമെന്താ??

മീനാക്ഷിയേടത്തി ഉണ്ടാക്കിയ കഞ്ഞിയും പയറും മൂക്ക് മുട്ടെ തിന്ന് 7 ബി യിൽ കൃഷ്ണൻമാഷുടെ കണക്ക് ക്ലാസിൽ വാ പൊളിച്ചു ഇരിക്കുകയാണ് ഞാൻ. ഉച്ച കഴിഞ്ഞാൽ ക്ലാസിൽ നിത്യ സന്ദർശകനായ കാറ്റ് എന്നെ നിദ്രയുടെ മോഹന ലോകത്തേക്ക് കൈ പിടിച്ചു കൊണ്ട് പോകുന്നുണ്ട്. പക്ഷെ കൃഷ്ണൻമാഷുടെ സ്വഭാവം നന്നായറിയാവുന്നതിനാൽ കഷ്ടപ്പെട്ടാണെങ്കിലും ഞാൻ തിരിച്ചു ക്ലാസിലേക്ക് തന്നെ ഓടി വരുന്നുണ്ട്. മാഷ് ബോർഡിൽ എഴുതുന്ന ഹരിക്കലിന്റെയും ഗുണിക്കലിന്റെയും ചിഹ്നങ്ങളെല്ലാം എന്റെ മുന്നിൽ ഒരു ചോദ്യ ചിഹ്നമായി തൂങ്ങി കിടക്കുകയാണ്. ക്ലാസിൽ കനത്ത നിശ്ശബ്ദത ആണ്. എല്ലാവരുടെയും കണ്ണുകൾ മാഷക്കൊപ്പം സഞ്ചരിക്കുകയാണ്. മാഷ് ബോർഡിൽ തന്ന ഒരു ചോദ്യത്തിന്റെ ഉത്തരം നോട്ടിൽ ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് വയറ്റിൽ എന്തോ ഒരു അസ്വസ്ഥത. ഈശ്വരാ മീനാക്ഷിയെടത്തിയുടെ പയറ് ചതിചോ???..   . ഏയ്.. കുറച്ചു കഴിയുമ്പോ മാറുമായിരിക്കും.. ഞാൻ സ്വയം ആശ്വസിച്ചു.. . പക്ഷെ വയറ്റിനുള്ളിൽ നിന്നും വന്നു കൊണ്ടിരുന്ന പ്രതികരണങ്ങൾ ആശവാഹമായിരുന്നില്ല. നിമിഷങ്ങൾ കഴിയുന്തോറും വയറ്റിനുള്ളിലെ വേദന ശക്തമായിക്കൊണ്ടിരുന്നു. സ്‌കൂളിന് തൊട്ടപ്പുറത്താണ് വീട്. എനിക്ക് എത്രയും പെട്ടെന്ന് വീ

സെൽഫി

മുഗള്‍ ചക്രവര്‍ത്തി ജഹാംഗീറിന്റെയും നൂർജഹാന്റെയും  പ്രണയത്തിന്റെ തിരുശേഷിപ്പായ കാശ്മീരിലെ ഷാലിമാര്‍ ഉദ്യാനത്തിലിരിക്കുമ്പോഴാണ്‌ സിദിന്‍ വീണ്ടും പ്രണയത്തെ കുറിച്ച് ചിന്തിച്ച് തുടങ്ങിയത്. വെറുമൊരു ഉദ്യാനമായി മാറുമായിരുന്ന ഇവിടം ചരിത്രത്തിലെ പ്രണയത്താല്‍ സൗന്ദര്യമേറിയതായി മാറുന്നു. അല്ലെങ്കിലും പ്രണയം ചാലിക്കുമ്പോള്‍ ഏത് നിര്‍മ്മിതിയും സുന്ദരമായ കലകളായി മാറുന്നു. പക്ഷെ ജഹാംഗീറിന്റെ ഇരുപതാമത്തെ ഭാര്യയായിരുന്നു  നൂര്‍ജഹാന്‍, അപ്പോള്‍ എങ്ങനെയാണ്  ഈ പ്രണയത്തെ നിര്‍വചിക്കുക? പ്രണയം എല്ലാ നിര്‍വചനങ്ങള്‍ക്കും അപ്പുറമെന്ന്  ചിന്തിച്ച് അവന്‍ ബാഗ്‌ തുറന്നു. അല്‍പ നേരം ബാഗിനുള്ളില്‍ തിരഞ്ഞപ്പോള്‍ മൊബൈല്‍ ഫോണ്‍ കിട്ടി. യാത്രയിലുടനീളം സ്വിച്ച് ഓഫ്‌ ചെയ്ത് വെച്ചിരിക്കുകയായിരുന്ന ആ ഫോണ്‍ ഓണ്‍ ചെയ്താല്‍ തന്റെ ഈ യാത്രയും വരാനിരിക്കുന്ന യാത്രകളും അവസാനിച്ചേക്കും   എന്നറിഞ്ഞിട്ടും അനിര്‍വചനീയമായ എന്തോ ഒന്ന്  അവനെ കൊണ്ട് ആ ഫോണ്‍ ഓണ്‍ ചെയ്യിച്ചു. ഷാലിമാര്‍ ഉദ്യാനം കാശ്മീർ  മലനിരകളാല്‍ ചുറ്റപ്പെട്ടു എന്നത് പോലെ ഫോണില്‍ വന്ന  മേസേജുകളാല്‍ ചുറ്റപ്പെട്ട് അവനിരുന്നു. ഹരികയുടെ ഒട്ടനവധി മെസേജുകള്‍. അവയെല്ലാം അവനോട്