ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കോഴിക്കോട്ടെ ഓട്ടോക്കാരൻ



ഇന്നലെ കോഴിക്കോട് സിവിൽ സ്റ്റേഷനിൽ നിന്നും കോഴിക്കോട് ബസ് സ്റ്റാന്റിലേക്ക് പോകാൻ നിൽക്കുകയായിരുന്നു. കയ്യിൽ കുറച്ച് ലഗേജ് ഉണ്ട്. മുൻപിൽ ഓട്ടോ ഉണ്ടായിരുന്നെങ്കിലും അവർ പറഞ്ഞേക്കാവുന്ന കത്തി റേറ്റ് ആലോചിച്ചപ്പോൾ ഒന്ന് മടിച്ചു. റെയിൽവേ സ്റ്റേഷനിൽ  ഓട്ടോ കൗണ്ടർ ഉള്ളതിനാൽ ഇങ്ങോട്ടേക്ക് സാധാരണ റേറ്റിൽ ആണ് വന്നത്. ഇങ്ങനെ ഒക്കെ ഉള്ള അവസരങ്ങളിലാണ് ബാംഗ്ലൂർ ഒക്കെ പോലെ ഒല, ഊബർ സർവീസുകൾ നമ്മുടെ നാട്ടിലും സർവ്വസാധാരണമാകണം എന്ന് ചിന്തിച്ച് പോകുന്നത്. പീക് ടൈമിലെ അവരുടെ പിടിച്ച് പറി മാറ്റി നിർത്തിയാൽ കൈ പൊള്ളാതെ നമുക്ക് യാത്ര ചെയ്യാം.
ഒടുവിൽ ചിന്തകൾ അവസാനിപ്പിച്ച് ഓട്ടോക്കാരനോട് ബസ് സ്റ്റാൻഡ് വരെ എത്ര രൂപയാകും എന്ന് ചോദിച്ചു.

"മീറ്റർ കാശാ"

അയാളുടെ ഉത്തരം ഞെട്ടിക്കുന്നതായിരുന്നു.  പ്രോബബിലിറ്റിയുടെ ഏതൊക്കെ സമവാക്യങ്ങൾ ഉപയോഗിച്ച് കൂട്ടിയാലും അങ്ങനെ ഒരുത്തരം ലഭിക്കാത്തത് കൊണ്ട് വിശ്വസിക്കാനാകാതെ ഞാൻ ഒന്നൂടെ ചോദിച്ചു.

"എത്രയാ ചേട്ടാ?"

"മീറ്റർ കാശാ"

അപ്പോഴും വിശ്വസിക്കാൻ കഴിഞ്ഞില്ലെങ്കിലും ഞാൻ ഓട്ടോയിൽ കയറി. സാധാരണ ഒരു മ്യൂസിയത്തിൽ വെച്ച പ്രദർശന വസ്തു മാത്രമാകാറുള്ള മീറ്റർ ആ ചേട്ടൻ സ്റ്റാർട്ട് ചെയ്തു.

ക്ണീം...

സീറ്റിനു രണ്ടു വശത്തായി കലാഭവൻ മണി ചേട്ടന്റെ ചിരിച്ചിരിക്കുന്ന ഫോട്ടോ. മനുഷ്യ മനസിൽ മരണമില്ലാത്ത കലാകാരൻ.
ഡ്രൈവറുടെ സീറ്റിന്റെ പിറകിലായി ഒരു ബോർഡിൽ എഴുതി വെച്ച വാക്കുകൾ വായിച്ചപ്പോൾ ഞാൻ വീണ്ടും ഞെട്ടി

"അതിഥി ദേവോ ഭവ"

ഓട്ടോ എഴുത്തിന്റെ മ്യാരകമായ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ടെങ്കിലും ഇത്ര മനുഷ്യത്വപരമായ ഒന്ന് ഇത് ആദ്യമായാണ് കാണുന്നത്. Unique - മനസ്സ് മന്ത്രിച്ചു. ലോകത്തിൽ വേറെ ഒരിടത്തും ഓട്ടോയിൽ ഇങ്ങനെ ഒരു ബോർഡ് ഉണ്ടാകാൻ സാധ്യത ഇല്ല.

ഒടുവിൽ സ്റ്റാൻഡിന് അടുത്ത ഒരു റോഡിൽ ഓട്ടോ നിർത്തി

"മോനെ ഇവിടെ എറങ്ങിക്കോ. ദാ ആ സീബ്രാ ക്രോസ് കടന്നാൽ സ്റ്റാൻഡ് ആയി. വേണെങ്കിൽ ഞാൻ ആ റോഡിലൂടെ ചുറ്റി സ്റ്റാൻഡിന്റെ മുന്നിൽ കൊണ്ട് വിടാ. പക്ഷെ ഇങ്ങള് വെർതെ 10 ഉറുപ്യ കൂടുതൽ കൊടുക്കണ്ടി വെരും"

ഈശ്വരാ ഞാൻ സ്വപ്നം കാണുകയാണോ? ഇത്രയും നന്മയുള്ള ഓട്ടോക്കാരോ??? ഒരു കോഴിക്കോട്ടുകാരൻ ആണെങ്കിലും പഠിച്ചതും ഇപ്പോൾ ജോലി ചെയ്യുന്നതും കേരളത്തിന് പുറത്ത്‌ ആയതിനാൽ കോഴിക്കോട്ടുകാരുടെ ഇങ്ങനെയുള്ള സ്നേഹമൊന്നും അധികം അനുഭവിക്കാൻ കഴിഞ്ഞിരുന്നില്ല.

കാശ് കൊടുത്ത് ഒരു നിറഞ്ഞ പുഞ്ചിരി  സമ്മാനിച്ച് ഞാൻ നടന്നു. പക്ഷെ ആ ചേട്ടൻ ചെറിയൊരു ചിരി മാത്രമാണ് തിരിച്ച് തന്നത്. കാരണം ഈ നന്മകൾ എനിക്ക് മാത്രമാണ് പുതിയൊരു അനുഭവം അദ്ദേഹത്തെ സംബന്ധിച്ച് ഇത് എല്ലാ ദിവസങ്ങളിലും ആവർത്തിക്കുന്ന കാര്യങ്ങൾ മാത്രമായിരിക്കും.

- ✍️രാഹുൽ

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഒരു ടിക് ടോക് വൈറൽ

സമയം രാത്രി 12 മണിയോടടുക്കുന്നു. രാത്രിയുടെ നിശബ്ദതയെ ഭേദിച്ച് രണ്ട് യുവാക്കൾ ഒരു റോയൽ എൻഫീൽഡ് ബുള്ളറ്റിൽ പച്ച വിരിച്ച ആ ഗ്രാമത്തിലേക്ക് കടന്ന് വരികയാണ്. "എടാ, മഹേഷേ.. ഇത് വല്ലതും വേണോ?? ഇത് നിന്റെ ഹോസ്റ്റൽ അല്ല" "എന്താ... ??" "ഓഹ്.. ഈ ബൈക്കിന്റെ ഒരു നശിച്ച ഒച്ച. പറഞ്ഞാലും കേക്കൂലാ.. മഹേഷേ.. നീ ബൈക്ക് ഒന്ന് ഒതുക്കിയെ" മഹേഷ് ബൈക്ക് നിർത്തി. "എന്താടാ? " "ഡാ മഹേഷേ. ഇത് വേണോ. ഇത് നമ്മടെ ഹോസ്റ്റൽ അല്ല.സമയം രാത്രി പന്ത്രണ്ടാകാറായി. അവന്റെ വീട്ടുകാർ ഒക്കെ ഉറങ്ങിക്കാണും. അവന്റെ അച്ഛൻ അല്ലെങ്കിലേ ഒരു ചൂടനാ" "അപ്പൊ പിന്നെ നമ്മൾ ഇത്രേം വണ്ടി ഓടിച്ച് വന്നത് വെറുതെയാ?" " എന്നാലും.." " അശ്വിൻബ്രോ നീ എന്തിനാ ഇങ്ങനെ  പേടിക്കുന്നെ? നമ്മൾ അവനെ തല്ലാൻ ഒന്നും അല്ലല്ലോ പോണേ.  അവന്റെ വീട്ടിൽ പോകുന്നു. അവനെ വിളിക്കുന്നു. നമ്മൾ  ബർത്ത് ഡേ കേക്ക് കൊണ്ട് വന്നത് കണ്ട് അവനും വീട്ടുകാരും സർപ്രൈസ് ആകുന്നു. കേക്ക് കട്ട് ചെയ്യുന്നു. നീ ഇതൊക്കെ ക്യാമറയിൽ ഒപ്പിയെടുക്കുന്നു. "ഓഹ് മൈ ഫ്രണ്ട് നിൻ കണ്ണുകളിൽ ഞാൻ കാണുന്നെന്...

പ്രവാസം - എം മുകുന്ദൻ

പ്രവാസം എം മുകുന്ദൻ പ്രവാസവും മലയാളിയും തമ്മിൽ അഭേദ്യമായ ഒരു ബന്ധം ഉണ്ട്. മലയാളിയുടെ സാംസ്കാരിക സാമ്പത്തിക മണ്ഡലങ്ങളെ ഒട്ടനവധി പ്രവാസ ജീവിതങ്ങൾ സ്വാധീനിച്ചിട്ടുണ്ട്. ഇപ്പോഴും സ്വാധീനിക്കുന്നുമുണ്ട്. പ്രവാസ ജീവിതങ്ങളെ പ്രമേയമാക്കി മലയാളത്തിന്റെ പ്രിയ കഥാകാരൻ എം മുകുന്ദൻ രചിച്ച നോവൽ ആണ് 'പ്രവാസം'. ബർമ്മയിലേക്ക് യാത്രയായ കൊറ്റിയത്ത് കുമാരനിലൂടെ തുടങ്ങുന്ന നോവൽ അയാളുടെ മകൻ ഗിരിയിലൂടെയും അയാളുടെ മകൻ അശോകനിലൂടെയും പല തലമുറകളുടെ, പല ദേശങ്ങളുടെ കഥ പറയുന്നു. നോവലിൽ ഏറ്റവും ആകർഷിച്ചത് അതിന്റെ ആഖ്യാനമാണ്. നിരവധിയായ കഥാപത്രങ്ങളും കഥാസന്ദർഭങ്ങളും ആകാശത്തെ നക്ഷത്രങ്ങൾ കണക്കെ പലയിടങ്ങളിലായി ചിതറി കിടപ്പാണ്. അവയെ ഏറ്റവും മനോഹരമായി കൂട്ടിയോജിപ്പിക്കുന്നുണ്ട് മുകുന്ദൻ എന്ന കഥാകാരൻ. ആ കൂട്ടിയോജിപ്പിക്കലിൽ തെളിയുന്ന 'പ്രവാസം' വായനക്കാരനെ വിസ്മയിപ്പിക്കുന്ന പ്രഭ ചൊരിയുന്നുണ്ട്. ആദ്യ ഭാഗത്ത് കഥ പറിച്ചിലിനായി മുകുന്ദൻ നിയോഗിക്കുന്നത് പ്രശസ്ത സാഹിത്യകാരൻ എസ് കെ പൊറ്റക്കാടിനെയാണ്. ഒരു കാലഘട്ടത്തിന്റെ കഥ വായനക്കാർ അദ്ദേഹത്തിന്റെ കണ്ണിലൂടെ  കാണുമ്പോൾ അടുത്തൊരു കാലഘട്ടത്തിന്റെ കഥ പറിച്ചി...

നാടൻ പ്രേമം - എസ് കെ

2018 ഇൽ ആദ്യമായ് വായന പൂർത്തിയാക്കിയ പുസ്തകമാണ് എസ് കെയുടെ ആദ്യ നോവലായ നാടൻ പ്രേമം. ഒരു നാട്ടിൻ പുറത്തെ കാഴ്ചകൾ പോലെ ലളിതവും സുന്ദരവുമായൊരു കൃതി. രവീന്ദ്രൻ എന്ന പണക്കാ...