ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വേനല്‍ മഴ


പൊള്ളുന്ന വേനല്‍ ചൂട് വക വെക്കാതെ ആ പഴയ തറവാട്ട് വീടിന്റെ മുറ്റത്  തുമ്പികളെ പോലെ പാറി പറന്നു കളിക്കുകയാണ് രണ്ടു ബാല്യങ്ങള്‍. അവർക്ക്  വെയില്‍ ഏൽക്കാതിരിക്കാനെന്നത് പോലെ മുത്തശ്ശി മാവ് തന്റെ ശിഖരങ്ങളുയർത്തി തണലേകി നിൽക്കുന്നു. വീടിന്റെ അടുക്കളയില്‍ നിന്നും പുക ഉയരുന്നുണ്ട്. പതിവ് പോലെ ദേവകി അടുക്കളയില്‍ പുകഞ്ഞുകൊണ്ടിരിക്കുന്നു.

“അപ്പൂ , ഉണ്ണീ അച്ഛന്‍ ഇപ്പൊ വെരും. വേഗം കളി മതിയാക്കി വന്നു ചോറ് തിന്ന്”

വിളിച്ചത് തങ്ങളെയാണെന്നു പൂർണ്ണ  ബോധ്യം ഉണ്ടെങ്കിലും അവര്‍ അത്  കേൾക്കാത്ത ഭാവത്തില്‍ കളി തുടര്‍ന്നു കൊണ്ടേയിരുന്നു. അപ്പു ആറാം ക്ലാസിലാണ്, ഉണ്ണി നാലിലും. പെട്ടെന്ന് മുറ്റത്തേക്ക് ആരോ വരുന്ന ശബ്ദം കേട്ടതും അപ്പുവും ഉണ്ണിയും അടുക്കളയിലേക്ക് ഓടി.

“ആഹ്..അച്ഛന്‍ വന്നല്ലേ. മക്കള് വേഗം കൈ കഴുകി വന്നെ. അമ്മ ചോറ് വിളമ്പാം. കൈ നല്ലോണം സോപ്പ് ഇട്ടു കഴുകണേ “

അവര്‍ കൈ കഴുകാനായി കിണറ്റിന്‍ കരയിലേക്ക് ഓടി.

ശ്രീധരൻ വരാന്തയിലേക്ക് കയറിയിരുന്നു. അയാള്‍ വരാന്തയിലിരുന്നാണ് ഉച്ച ഭക്ഷണം കഴിക്കാറ്. മുന്നിലെ വിശാലമായ പാടങ്ങള്‍ നിറക്കുന്ന കയ്പ് നിറഞ്ഞ ഓർമ്മകളും ചേർത്താണ് അയാള്‍ ഭക്ഷണം കഴിക്കാറുള്ളത്.

“അമ്മ കഴിച്ചോ?”
അയാള്‍ ദേവകിയോടായി ചോദിച്ചു.

“ഇല്ല. അമ്മക്ക് ചെറുതായി പനിക്കുന്നുണ്ട്. പൊടിയരി കൊണ്ട് കഞ്ഞി വെക്കുന്നുണ്ട് അത് കൊടുക്കാം“

“ഉം.. ഇന്ന് പീട്യേല് കൊറച്ച് തെരക്ക്ണ്ട്. സുഖായില്ലെ നാളെ ഡോക്ടര്ടെ അടുത്ത് പോകാം”

“ഉം..”

“കുട്ട്യേളോ ?”

“അകത്തിരുന്നു ചോറ് തിന്നുന്നുണ്ട്”

ചോറ് കഴിഞ്ഞ് ഒരല്പം വിശ്രമിച്ച് അയാള്‍ കടയിലേക്ക് തിരിച്ച് പോയി.
അച്ഛന്‍ പോയി കഴിഞ്ഞപോഴേക്കും അപ്പുവും ഉണ്ണിയും വീണ്ടും അവരുടെ കളികളിലേക്ക് തിരിഞ്ഞു. അല്പം കഴിഞ്ഞപ്പോഴേക്കും ഉണ്ണിയുടെ കരച്ചിലുയർന്നു .

“അമ്മേ .... ഏട്ടന്‍ എന്റെ കാറ് തെരുന്നില്ല “

“നീ പോടാ. നിന്നെ തവിട് കൊടുത്ത് വാങ്ങ്യെത. അത് കൊണ്ടേ ഞാന്‍ ആദ്യം കളിക്കട്ടെ.”
അപ്പു പറഞ്ഞത് കേട്ടതും ഉണ്ണി കരച്ചില്‍ ഉറക്കെയാക്കി അടുക്കളയിലേക്ക് ഓടി.

വർഷത്തില്‍ ഒരിക്കലാണ് ശ്രീധരൻ അവർക്ക്  കളിപ്പാട്ടം വാങ്ങിക്കൊടുക്കുന്നത്. മണിയൂരമ്പലത്തില്‍ ഉത്സവം കൊടിയേറി രണ്ടാം നാള്‍ ചന്ത ആരംഭിക്കും. ഓരോ കടയിലും തിങ്ങി നിറയുന്ന കളിപ്പാട്ടങ്ങള്‍ അപ്പുവും ഉണ്ണിയും കൊതിയോടെ നോക്കും. ശ്രീധരനോട് അവർ എത്ര കെഞ്ചി പറഞ്ഞാലും അയാള്‍ പറയും

“കിഴൂര്‍ ആറാട്ട് വരട്ടെ. അപ്പോ വാങ്ങാം“

പിന്നീട് കിഴൂര്‍ ആറാട്ട് മഹോത്സവം തുടങ്ങുന്നത് വരെ കാത്തിരിപ്പാണ്. ആറാട്ട് തുടങ്ങി കഴിഞ്ഞാല്‍ ഒരു ദിവസം അച്ഛനും മക്കളും കൂടെ പോകും. ഉത്സവപ്പറമ്പൊന്നാകെ കറങ്ങി, കോല്‍ ഐസ് തിന്ന്, തൊട്ടിലില്‍ കയറി, കളിപ്പാട്ടം വാങ്ങി, പൊരിയും ഹൽവയും വാങ്ങിയാണ് തിരിച്ച് വരാറ്. ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം  ആ ഒരു ദിവസത്തിലെതാണെന്നു അപ്പുവിനും ഉണ്ണിക്കും തോന്നാറുണ്ട്. ഇത്തവണ  ഉണ്ണിക്ക് ഒരു കാറും അപ്പുവിനു ഒരു തോക്കുമാണ് വാങ്ങിയത്. കാര്‍ ഓടിക്കുമ്പോള്‍ ഉള്ളില്‍ നിന്നും തീപ്പൊരി ചിതറും. കാറിന്റെ മുകളിലെ ചില്ലിലൂടെ നോക്കുമ്പോള്‍  മുകളില്‍ ഒരു ബൾബ് കത്തുന്നത് പോലെ തോന്നും. ഒന്ന് രണ്ടു ദിവസങ്ങള്‍ കൊണ്ട് തന്നെ കത്തലൊക്കെ നില്ക്കും . തോക്ക് കൊണ്ട് വന്ന  ദിവസങ്ങളില്‍ ഒക്കെ അതും തലയണക്കടിയില്‍ വെച്ചാണ്‌ അപ്പു കിടന്നുറങ്ങിയത്. പതിയെ പതിയെ തോക്ക് നശിച്ചു. കാറ് ബാക്കിയായി. ആ കാറിനെ ചൊല്ലിയാണ് രണ്ടു പേരും ഇപ്പോള്‍ വഴക്ക് തുടങ്ങിയത്.

“മോനേ ഉണ്ണിക്കും കൂടെ അതൊന്നു കളിയ്ക്കാന്‍ കൊടുക്ക്” അമ്മ സമവായ ശ്രമവുമായി എത്തി. പക്ഷെ അപ്പു അത് ശ്രദ്ധിച്ചതേയില്ല..

“ആഹാ ..  അങ്ങനെയാണെങ്കില്‍ ഇപ്പൊ രണ്ടാളും അത് കൊണ്ട് കളിക്കണ്ട. അച്ഛനിങ്ങ് വരട്ടെ.” കാറും എടുത്ത് അമ്മ അടുക്കളയിലേക്ക് പോയി.

കാറ് കിട്ടിയില്ലെങ്കിലും ഉണ്ണിയുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. അപ്പുവിന്റെ മുഖം ചെമ്പരത്തി പൂ പോലെ ചുവന്നു. അവന്‍ ഉണ്ണിയുടെ മേല്‍ ചാടി വീണു. പിന്നെ അവിടെ പൊരിഞ്ഞ പോരാട്ടമായിരുന്നു.
അമ്മ വീണ്ടും അടുക്കളയില്‍ നിന്ന് ഓടി വന്നു.

“ഈ കുട്ട്യോളെ കൊണ്ട് തോറ്റല്ലോ. മാറി നിക്കെടാ. ഏട്യേലും കൊണ്ടാ ചത്ത് പോകും. ഞാന്‍ അച്ഛനെ വിളിക്കണോ? ”

അച്ഛന്‍ എന്ന് കേട്ടതും സംഘർഷത്തിനു ഒരു അയവ് വന്നു. രണ്ടു  പേരെയും രണ്ടു  ഭാഗത്താക്കി അമ്മ വീണ്ടും അകത്തേക്ക് പോയി. കുറച്ച് കഴിഞ്ഞപ്പോള്‍ രണ്ടു പേരും മുറ്റത്തേക്കിറങ്ങി വീണ്ടും കളികൾ ആരംഭിച്ചു.

.

“അപ്പൂ.. നീ ഒന്ന് കടയില്‍ പോയി അച്ഛനെ വിളിച്ചോണ്ട് വന്നെ..”
അമ്മ അകത്ത് നിന്നും വിളിച്ച് പറഞ്ഞു. അപ്പുവും ഉണ്ണിയും ഒന്ന് ഭയന്നു.

“ഇല്ലമ്മേ ഞങ്ങള്‍ അടി കൂടുന്നില്ല”

അമ്മ പുറത്തേക്ക് വന്നു.
“അതല്ലടാ.. അച്ഛമ്മക്ക് നല്ലണം പനിക്ക്ണ്ട്‌. നീ പോയി അച്ഛനോട് രാജേട്ടന്റെ ഓട്ടോ  വിളിച്ച് വരാന്‍ പറ. ഡോക്ടറുടെ അടുത്ത് പോണം “

അത് കേട്ടതും അപ്പു വീട്ടിനടുത്തുള്ള അച്ഛന്റെ കടയിലേക്ക് ഓടി. ഉണ്ണി അച്ഛമ്മയുടെ മുറിയിലേക്കും.

“ഒന്നൂല്ലടാ.. ഒരു ചെറിയ പനിയാ. നിന്റമ്മ വെറുതേ.. “
.

കുറച്ച് കഴിഞ്ഞപ്പോഴേക്കും ഓട്ടോ എത്തി. അച്ഛനും അമ്മയും ചേർന്ന്  അച്ഛമ്മയെ ഓട്ടോയിലെക്കിരുത്തി.

“ഉണ്ണീ, അടി ഒന്നും ഉണ്ടാക്കരുത്. ഏട്ടന്‍ പറയുന്ന്നത് കേട്ട് നിക്കണം. ഞങ്ങള്‍ പോയിട്ട് വേഗം വരാം. അപ്പൂ , ഉണ്ണിയെ നോക്കണേ “

“ഉം”

രണ്ടു പേരും അനുസരണയോടെ അവര്‍ യാത്രയകുന്നതും നോക്കി നിന്നു. അമ്മ പറഞ്ഞത് ഉണ്ണിക്ക് അത്രക്ക് ഇഷ്ടപ്പെട്ടില്ല. നോക്കാന്‍ താനെന്താ ചെറിയ കുട്ടി ആണോ?
അപ്പുവിനാണെങ്കില്‍ ഏൽപിച്ച ഉത്തരവാദിത്തം കാരണം അല്പം ഗമയും ഗൌരവവും കൂടി.

“വാടാ നമുക്ക് ആ കാറ് എവിടാണെന്ന് കണ്ട് പിടിക്കാം” 

അപ്പു അകത്തേക്ക് നടന്നു. തൊട്ടു പിറകില്‍ ഉണ്ണിയും

കുറേ നേരത്തെ തിരച്ചിലിനൊടുവില്‍ ഉണ്ണിക്ക് കാര്‍ കിട്ടി. അപ്പു അത് അവന്റെ കയ്യില്‍ നിന്നും തട്ടിയെടുത്ത് വരാന്തയിലേക്ക് വന്നു. വരാന്തയിലെ വിശാലമായ ഇരുത്തിയില്‍ അവന്‍ കാറോട്ടം ആരംഭിച്ചു. കൊതിയോടെ ഉണ്ണി അത് നോക്കിക്കൊണ്ട് നിന്നു.

“ഏട്ടാ. എനിക്കും”

അവന്‍ പറഞ്ഞത് അപ്പു കേട്ടതായി പോലും ഭാവിച്ചില്ല. ഉണ്ണിയുടെ മനസ്സില്‍ സങ്കടവും ദേഷ്യവും എല്ലാം നിറഞ്ഞു. എങ്ങനെ ഇതിനു പ്രതികാരം ചെയ്യാം എന്നാലോചിച്ചപ്പോഴാണ്‌  പതിയെ കാറ്റ്  വീശാന്‍ ആരംഭിച്ചത്. അത് വരെ തെളിഞ്ഞു നിന്ന മാനം കറുപ്പണിയാനും  തുടങ്ങി. കാറ്റിന്റെ തലോടലില്‍ മുത്തശ്ശി മാവില്‍ നിന്നും മാമ്പഴം  ഞെട്ടറ്റ് താഴേക്ക് വീണു. ഉണ്ണി ഓടി ചെന്ന് കൂട്ടത്തിലെ വലിയ മാമ്പഴം  കൈക്കലാക്കി. ഉണ്ണിക്ക് പുറകെ ഓടിഎത്തിയ അപ്പുവിന് ചെറിയൊരു മാമ്പഴം മാത്രമേ കിട്ടിയുള്ളൂ. ബാക്കിയുള്ളവയില്‍ കിളികളും അണ്ണാരക്കണ്ണനും മുത്തമിട്ടിരുന്നു. അപ്പു പരാജയപ്പെട്ടവനെ പോലെ ഉണ്ണിയുടെ കൈകളിലേക്ക് നോക്കി.

“ഡാ .. അതെനിക്ക് താടാ” അവന്‍ ആക്രോശിച്ചു

ഉണ്ണിയുടെ മനസ്സില്‍ അപ്പോള്‍ ഒരു പ്രതികാരം ചെയ്ത സംതൃപ്തി ആയിരുന്നു.

“അയ്യേ..  എട്ടന് വലിയ മാമ്പഴം കിട്ടിയില്ലേ!"

അവന്‍ എരി തീയിലേക്ക് അല്പം എണ്ണയൊഴിച്ച് കൊടുത്തു. അത് ആളി കത്തി.ഉണ്ണിയുടെ കയ്യില്‍ നിന്നും മാമ്പഴം തട്ടിപ്പറിക്കാന്‍ അപ്പു കുതിച്ചു. ഉണ്ണി അയ്യേ എന്ന് ഉറക്കെ വിളിച്ച് ഓടാന്‍ തുടങ്ങി. അവനു പുറകെ അപ്പുവും. അവര്‍ രണ്ടു പേരും വീടിനു ചുറ്റും ഒരു ഓട്ട പ്രദക്ഷിണം നടത്തുകയായിരുന്നു.

കാറ്റിനു ശക്തി കൂടി. രണ്ട് പേരെയും ഞെട്ടിച്ച് കൊണ്ട് വലിയ ശബ്ദത്തില്‍ ശക്തമായൊരു ഇടി വെട്ടി. കൂടെ ഭൂമിയോട് കൂട്ട് കൂടാനായി മഴ ഓടിയടുത്തു. രണ്ടു പേരും വീട്ടിനകത്തേക്ക് ഓടിക്കയറി. ചുറ്റും രാത്രിയിലെന്നത് പോലെ ഇരുട്ട് പടർന്നു. അപ്പു ലൈറ്റ് ഓണ്‍ ചെയ്തു. അവര്‍ പുറത്തേക്ക് നോക്കി. മഴ തിമർത്ത് പെയ്യുകയാണ്. മഴത്തുള്ളികൾ വരാന്തയിൽ വരെ നൃത്തം വെക്കുന്നു. പെട്ടെന്ന് വലിയ ശബ്ദത്തോടെ വീണ്ടും ഇടിമിന്നലുണ്ടായി. ലൈറ്റ് ഓഫായി. പതിവ് പോലെ മഴ വന്നു വിളിച്ചപ്പോള്‍ കറന്റ് കൂടെപ്പോയെന്നു അവര്‍ക്ക് മനസ്സിലായി. ചുറ്റും ഇരുട്ട്. അപ്പു അടുക്കളയില്‍ നിന്നും ഒരു മെഴുകു തിരി തപ്പിയെടുത്ത് കത്തിച്ചു. കാറ്റില്‍ മെഴുകുതിരി നാളം ആടിക്കൊണ്ടിരുന്നു. ആ പഴയ തറവാടും കാറ്റും മഴയും ഇടിമിന്നലും പല ശബ്‌ദങ്ങളും ഇരുട്ടും രണ്ടു പേരുടെ മനസ്സിലും ഭയം വളർത്തിക്കൊണ്ടിരുന്നു. അവര്‍ എന്ത് ചെയ്യണമെന്നറിയാതെ പരസ്പരം ഭീതിയോടെ നോക്കി. പെട്ടെന്ന്  വീശിയടിച്ച കാറ്റിൽ  കനത്ത ശബ്ദമുണ്ടാക്കി, ആരോ വലിച്ചടച്ചത് പോലെ   വരാന്തയിലെ വാതിലുകള്‍ അടഞ്ഞു. 

ആശുപത്രിയില്‍ തിരക്കുണ്ടായിരുന്നതിനാല്‍ അല്പം വൈകിയാണ് ദേവകിയും മറ്റുള്ളവരും തിരിച്ചെത്തിയത്. ആശുപത്രിയിലിരിക്കുമ്പോള്‍ മക്കള്‍ വഴക്കടിക്കുമോ എന്നതായിരുന്നു അവരുടെ ആധി. പക്ഷെ പ്രതീക്ഷിക്കാതെ മഴ പെയ്തു തുടങ്ങിയപ്പോള്‍ മക്കളെ തനിച്ചാക്കി വന്നതിനെ കുറിച്ചോർത്തതായി അവർക്ക് ഭയം.

ഓട്ടോ മുറ്റത് വന്നു നിന്നപ്പോഴും മഴ പെയ്യുന്നുണ്ടായിരുന്നു. വാതില്‍ അടച്ചിട്ടിരിക്കുന്നത് കണ്ടപ്പോള്‍ അവരുടെ ആധി കൂടി. നെഞ്ചില്‍ കൈ വെച്ച് കൊണ്ട് അവർ വീടിനകത്തേക്ക് ഓടി. വാതില്‍ തുറന്നപ്പോള്‍ കണ്ട കാഴ്ച  അവരുടെ കണ്ണുകളെ ഈറനണിയിച്ചു.
അപ്പുവും ഉണ്ണിയും പരസപരം കെട്ടിപ്പിടിച്ചു നില്കുന്നു. പേടി കൊണ്ട് രണ്ടു  പേരും ഉറക്കെ കരയുന്നുണ്ട്. ദേവകി വന്നു കയറിയത് പോലും അവര്‍ അറിഞ്ഞിട്ടില്ല. ദേവകി ഓടിച്ചെന്നു  മക്കളെ ചേർത്ത്  പിടിച്ചു. വേനല്‍ മഴ തീർത്ത സ്നേഹത്തിന്റെ ഗന്ധം ആ അന്തരീക്ഷമാകെ നിറയുന്നുണ്ടായിരുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഒരു ടിക് ടോക് വൈറൽ

സമയം രാത്രി 12 മണിയോടടുക്കുന്നു. രാത്രിയുടെ നിശബ്ദതയെ ഭേദിച്ച് രണ്ട് യുവാക്കൾ ഒരു റോയൽ എൻഫീൽഡ് ബുള്ളറ്റിൽ പച്ച വിരിച്ച ആ ഗ്രാമത്തിലേക്ക് കടന്ന് വരികയാണ്. "എടാ, മഹേഷേ.. ഇത് വല്ലതും വേണോ?? ഇത് നിന്റെ ഹോസ്റ്റൽ അല്ല" "എന്താ... ??" "ഓഹ്.. ഈ ബൈക്കിന്റെ ഒരു നശിച്ച ഒച്ച. പറഞ്ഞാലും കേക്കൂലാ.. മഹേഷേ.. നീ ബൈക്ക് ഒന്ന് ഒതുക്കിയെ" മഹേഷ് ബൈക്ക് നിർത്തി. "എന്താടാ? " "ഡാ മഹേഷേ. ഇത് വേണോ. ഇത് നമ്മടെ ഹോസ്റ്റൽ അല്ല.സമയം രാത്രി പന്ത്രണ്ടാകാറായി. അവന്റെ വീട്ടുകാർ ഒക്കെ ഉറങ്ങിക്കാണും. അവന്റെ അച്ഛൻ അല്ലെങ്കിലേ ഒരു ചൂടനാ" "അപ്പൊ പിന്നെ നമ്മൾ ഇത്രേം വണ്ടി ഓടിച്ച് വന്നത് വെറുതെയാ?" " എന്നാലും.." " അശ്വിൻബ്രോ നീ എന്തിനാ ഇങ്ങനെ  പേടിക്കുന്നെ? നമ്മൾ അവനെ തല്ലാൻ ഒന്നും അല്ലല്ലോ പോണേ.  അവന്റെ വീട്ടിൽ പോകുന്നു. അവനെ വിളിക്കുന്നു. നമ്മൾ  ബർത്ത് ഡേ കേക്ക് കൊണ്ട് വന്നത് കണ്ട് അവനും വീട്ടുകാരും സർപ്രൈസ് ആകുന്നു. കേക്ക് കട്ട് ചെയ്യുന്നു. നീ ഇതൊക്കെ ക്യാമറയിൽ ഒപ്പിയെടുക്കുന്നു. "ഓഹ് മൈ ഫ്രണ്ട് നിൻ കണ്ണുകളിൽ ഞാൻ കാണുന്നെന്...

പ്രവാസം - എം മുകുന്ദൻ

പ്രവാസം എം മുകുന്ദൻ പ്രവാസവും മലയാളിയും തമ്മിൽ അഭേദ്യമായ ഒരു ബന്ധം ഉണ്ട്. മലയാളിയുടെ സാംസ്കാരിക സാമ്പത്തിക മണ്ഡലങ്ങളെ ഒട്ടനവധി പ്രവാസ ജീവിതങ്ങൾ സ്വാധീനിച്ചിട്ടുണ്ട്. ഇപ്പോഴും സ്വാധീനിക്കുന്നുമുണ്ട്. പ്രവാസ ജീവിതങ്ങളെ പ്രമേയമാക്കി മലയാളത്തിന്റെ പ്രിയ കഥാകാരൻ എം മുകുന്ദൻ രചിച്ച നോവൽ ആണ് 'പ്രവാസം'. ബർമ്മയിലേക്ക് യാത്രയായ കൊറ്റിയത്ത് കുമാരനിലൂടെ തുടങ്ങുന്ന നോവൽ അയാളുടെ മകൻ ഗിരിയിലൂടെയും അയാളുടെ മകൻ അശോകനിലൂടെയും പല തലമുറകളുടെ, പല ദേശങ്ങളുടെ കഥ പറയുന്നു. നോവലിൽ ഏറ്റവും ആകർഷിച്ചത് അതിന്റെ ആഖ്യാനമാണ്. നിരവധിയായ കഥാപത്രങ്ങളും കഥാസന്ദർഭങ്ങളും ആകാശത്തെ നക്ഷത്രങ്ങൾ കണക്കെ പലയിടങ്ങളിലായി ചിതറി കിടപ്പാണ്. അവയെ ഏറ്റവും മനോഹരമായി കൂട്ടിയോജിപ്പിക്കുന്നുണ്ട് മുകുന്ദൻ എന്ന കഥാകാരൻ. ആ കൂട്ടിയോജിപ്പിക്കലിൽ തെളിയുന്ന 'പ്രവാസം' വായനക്കാരനെ വിസ്മയിപ്പിക്കുന്ന പ്രഭ ചൊരിയുന്നുണ്ട്. ആദ്യ ഭാഗത്ത് കഥ പറിച്ചിലിനായി മുകുന്ദൻ നിയോഗിക്കുന്നത് പ്രശസ്ത സാഹിത്യകാരൻ എസ് കെ പൊറ്റക്കാടിനെയാണ്. ഒരു കാലഘട്ടത്തിന്റെ കഥ വായനക്കാർ അദ്ദേഹത്തിന്റെ കണ്ണിലൂടെ  കാണുമ്പോൾ അടുത്തൊരു കാലഘട്ടത്തിന്റെ കഥ പറിച്ചി...

നാടൻ പ്രേമം - എസ് കെ

2018 ഇൽ ആദ്യമായ് വായന പൂർത്തിയാക്കിയ പുസ്തകമാണ് എസ് കെയുടെ ആദ്യ നോവലായ നാടൻ പ്രേമം. ഒരു നാട്ടിൻ പുറത്തെ കാഴ്ചകൾ പോലെ ലളിതവും സുന്ദരവുമായൊരു കൃതി. രവീന്ദ്രൻ എന്ന പണക്കാ...