#BTech_Bro #ബി_ടെക്ബ്രോ ഭാഗം 2 - വെളുത്ത് തുടുത്ത ഹർത്താൽ അങ്ങനെ 4 കൊല്ലം ബി ടെക് പഠിച്ച് സമ്പാദിച്ച കാശ് കൊണ്ട് വാങ്ങിയ മൊബൈൽ വെള്ളത്തിലായി. സംശയിക്കേണ്ട, കഴിഞ്ഞ 4 കൊല്ലമായി കോളേജിലും യൂണിവേഴ്സിറ്റിയിലും അടക്കാൻ എന്ന പേരിൽ വീട്ടുകാരോട് വാങ്ങിച്ച വിവിധയിനം ഫീസുകളിൽ നിന്നാണ് മൊബൈൽ ഫോണ് വാങ്ങാനുള്ള കാശുണ്ടാക്കിയത്. ആ ഫോണിന്റെ ഫ്യൂസാണ് കുഞ്ഞാവ ഊരിയത്. ഇന്നലെ വൈകിട്ട് തന്നെ ആ കുരിപ്പിനെ പെങ്ങളുടെ വീട്ടിൽ കൊണ്ട് വിട്ടു. പക്ഷെ ഇന്നിപ്പോൾ ആലോചിക്കുമ്പോൾ ആകെ ഒരു വിഷമം. കുരുത്തക്കേടിന്റെ ആൾരൂപം ആയിരുന്നെങ്കിലും വീട്ടിലിങ്ങനെ വെറുതെ ഇരിക്കുമ്പോൾ അവൾ ആയിരുന്നു ഒരാശ്വാസം. ഇപ്പോൾ കയ്യിൽ മൊബൈലുമില്ല. ടൗണിലേക്ക് ഇറങ്ങാമെന്നു വെച്ചാൽ ഇന്ന് ഹർത്താലും. എന്നാലും ഹർത്താലിനോട് ഒരു വല്ലാത്ത ഇഷ്ടമാണ്. കോളേജിലായിരുന്നപ്പോൾ ഒരു ഹർത്താൽ വരുന്നത് മെസ്സിലെ ചിക്കൻ കറിയിൽ നിന്നും പീസ് കിട്ടിയ പോലെയുള്ള സന്തോഷമായിരുന്നു തന്നിരുന്നത്. തിരക്ക് പിടിച്ച് എല്ലാം മറന്നോടുന്ന മനുഷ്യന് ഒരൽപം വിശ്രമിക്കാനും കുടുംബത്തോടൊപ്പം ആഘോഷിക്കാനും കിട്ടുന്ന സമയം. അതാണ് ഹർത്താൽ. നല്ലൊരു ഹർത്താൽ ആയിട്ട് ഇന്നി...