പൊള്ളുന്ന വേനല്‍ ചൂട് വക വെക്കാതെ ആ പഴയ തറവാട്ട് വീടിന്റെ മുറ്റത് തുമ്പികളെ പോലെ പാറി പറന്നു കളിക്കുകയാണ് രണ്ടു ബാല്യങ്ങള്‍. അവർക്ക് വെയില്‍ ഏൽക്കാതിരിക്കാനെന്നത് പോലെ മുത്തശ്ശി മാവ് തന്റെ ശിഖരങ്ങളുയർത്തി തണലേകി നിൽക്കുന്നു. വീടിന്റെ അടുക്കളയില്‍ നിന്നും പുക ഉയരുന്നുണ്ട്. പതിവ് പോലെ ദേവകി അടുക്കളയില്‍ പുകഞ്ഞുകൊണ്ടിരിക്കുന്നു. “അപ്പൂ , ഉണ്ണീ അച്ഛന്‍ ഇപ്പൊ വെരും. വേഗം കളി മതിയാക്കി വന്നു ചോറ് തിന്ന്” വിളിച്ചത് തങ്ങളെയാണെന്നു പൂർണ്ണ ബോധ്യം ഉണ്ടെങ്കിലും അവര്‍ അത് കേൾക്കാത്ത ഭാവത്തില്‍ കളി തുടര്‍ന്നു കൊണ്ടേയിരുന്നു. അപ്പു ആറാം ക്ലാസിലാണ്, ഉണ്ണി നാലിലും. പെട്ടെന്ന് മുറ്റത്തേക്ക് ആരോ വരുന്ന ശബ്ദം കേട്ടതും അപ്പുവും ഉണ്ണിയും അടുക്കളയിലേക്ക് ഓടി. “ആഹ്..അച്ഛന്‍ വന്നല്ലേ. മക്കള് വേഗം കൈ കഴുകി വന്നെ. അമ്മ ചോറ് വിളമ്പാം. കൈ നല്ലോണം സോപ്പ് ഇട്ടു കഴുകണേ “ അവര്‍ കൈ കഴുകാനായി കിണറ്റിന്‍ കരയിലേക്ക് ഓടി. ശ്രീധരൻ വരാന്തയിലേക്ക് കയറിയിരുന്നു. അയാള്‍ വരാന്തയിലിരുന്നാണ് ഉച്ച ഭക്ഷണം കഴിക്കാറ്. മുന്നിലെ വിശാലമായ പാടങ്ങള്‍ നിറക്കുന്ന കയ്പ് നിറഞ്ഞ ഓർമ്മകളും ചേർത്താണ് അയാള്‍ ഭക...