ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പ്രവാസം - എം മുകുന്ദൻ



പ്രവാസം
എം മുകുന്ദൻ

പ്രവാസവും മലയാളിയും തമ്മിൽ അഭേദ്യമായ ഒരു ബന്ധം ഉണ്ട്. മലയാളിയുടെ സാംസ്കാരിക സാമ്പത്തിക മണ്ഡലങ്ങളെ ഒട്ടനവധി പ്രവാസ ജീവിതങ്ങൾ സ്വാധീനിച്ചിട്ടുണ്ട്. ഇപ്പോഴും സ്വാധീനിക്കുന്നുമുണ്ട്. പ്രവാസ ജീവിതങ്ങളെ പ്രമേയമാക്കി മലയാളത്തിന്റെ പ്രിയ കഥാകാരൻ എം മുകുന്ദൻ രചിച്ച നോവൽ ആണ് 'പ്രവാസം'.

ബർമ്മയിലേക്ക് യാത്രയായ കൊറ്റിയത്ത് കുമാരനിലൂടെ തുടങ്ങുന്ന നോവൽ അയാളുടെ മകൻ ഗിരിയിലൂടെയും അയാളുടെ മകൻ അശോകനിലൂടെയും പല തലമുറകളുടെ, പല ദേശങ്ങളുടെ കഥ പറയുന്നു. നോവലിൽ ഏറ്റവും ആകർഷിച്ചത് അതിന്റെ ആഖ്യാനമാണ്. നിരവധിയായ കഥാപത്രങ്ങളും കഥാസന്ദർഭങ്ങളും ആകാശത്തെ നക്ഷത്രങ്ങൾ കണക്കെ പലയിടങ്ങളിലായി ചിതറി കിടപ്പാണ്. അവയെ ഏറ്റവും മനോഹരമായി കൂട്ടിയോജിപ്പിക്കുന്നുണ്ട് മുകുന്ദൻ എന്ന കഥാകാരൻ. ആ കൂട്ടിയോജിപ്പിക്കലിൽ തെളിയുന്ന 'പ്രവാസം' വായനക്കാരനെ വിസ്മയിപ്പിക്കുന്ന പ്രഭ ചൊരിയുന്നുണ്ട്. ആദ്യ ഭാഗത്ത് കഥ പറിച്ചിലിനായി മുകുന്ദൻ നിയോഗിക്കുന്നത് പ്രശസ്ത സാഹിത്യകാരൻ എസ് കെ പൊറ്റക്കാടിനെയാണ്. ഒരു കാലഘട്ടത്തിന്റെ കഥ വായനക്കാർ അദ്ദേഹത്തിന്റെ കണ്ണിലൂടെ  കാണുമ്പോൾ അടുത്തൊരു കാലഘട്ടത്തിന്റെ കഥ പറിച്ചിൽ മുകുന്ദൻ സ്വയം ഏറ്റെടുക്കുന്നു. രണ്ടു പേരും നോവലിൽ കഥാപാത്രങ്ങളായി വരുന്നുണ്ട്. വായിച്ച് കഴിഞ്ഞ് ചിന്തിക്കുമ്പോൾ  ആഖ്യാനം  സങ്കീർണമെന്നു  തോന്നിയെങ്കിലും വായിച്ച് കൊണ്ടിരുന്നപ്പോൾ അത് ഒട്ടും  അനുഭവപ്പെട്ടില്ല എന്നത് ആശ്ചര്യമുണർത്തുന്നു.

തലമുറകളിൽ നിന്നും തലമുറകളിലേക്കുള്ള കൈമാറി ആധുനിക കാലഘട്ടത്തിൽ എത്തി നിൽക്കുമ്പോൾ  കമ്മ്യൂണിസം എന്ന ആശയത്തിനും കമ്മ്യൂണിസ്റ് പാർട്ടിക്കും പ്രസക്തി നഷ്ടപ്പെടുന്നുണ്ടോ എന്ന ഒരു ചോദ്യവും ഈ കൃതിയിലൂടെ മുകുന്ദൻ മുന്നോട്ട് വെക്കുന്നുണ്ട്‌. ഒരു മനുഷ്യന്റെ പ്രവാസത്തിൽ തുടങ്ങി പല ജീവിതങ്ങളിലൂടെ സഞ്ചരിച്ച് ഒടുവിൽ ഓരോ മനുഷ്യനും പ്രവാസിയാണെന്നും ഓരോ മനുഷ്യ ജീവിതവും ഒരു പ്രവാസമാണെന്നും പറഞ്ഞു വെക്കുന്നിടത്ത് നോവൽ പൂർണ്ണതയിലെത്തുന്നു. മുകുന്ദന്റെ ഏറ്റവും മികച്ച രചനകളുടെ കൂട്ടത്തിൽ ചേർത്ത് വെക്കാവുന്ന രചനയാണിത്. ഒരുപക്ഷേ ആഖ്യാനത്തിന്റെ തലത്തിൽ നോക്കുകയാണെങ്കിൽ മയ്യഴിപ്പുഴകൾക്കും മുകളിൽ നിൽക്കുന്നൊരു രചന.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രണയമൊഴുകും മായാനദി

കുറച്ച് നാളുകള്‍ക്ക് ശേഷം ഒരുപിടി ചിത്രങ്ങളുടെ റിലീസുമായി മലയാള ചലച്ചിത്ര മേഖല ഈ ക്രിസ്തുമസ് കാലത്ത് വീണ്ടും ഉയർത്തെഴുന്നേൽക്കുകയാണ്. സൂപ്പര്‍ താരങ്ങളുടേതടക്കം ഒരുപിടി ചിത്രങ്ങൾ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്. അവധിക്കാലവും ഉത്സവ കാലവും ആഘോഷമാക്കാന്‍ തക്കമുള്ളതാണ് മിക്ക ചിത്രങ്ങളെന്നുമാണ് ട്രെയിലറുകളും പാട്ടുകളും മറ്റും സൂചിപ്പിക്കുന്നത്. ഇതിനിടയില്‍ അധികം ആരവങ്ങളും ഒച്ചപ്പാടുകളുമില്ലാതെ വന്ന ചിത്രമാണ് മായാനദി. പ്രത്യക്ഷത്തില്‍ അത്യാകര്‍ഷണീയത ഒന്നുമില്ലെങ്കിലും ആഷിക് അബു, ശ്യാം പുഷ്കര്‍ , ദിലീഷ് നായര്‍ എന്നീ പേരുകള്‍ ഏതൊരു സിനിമാ പ്രേമിയെയും ഈ ചിത്രത്തിലേക്ക് വലിച്ചടുപ്പിക്കും. ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞ ഗ്യാങ്ഗ്സ്റ്റര്‍, അധികം ചലനം സൃഷ്ടിക്കാന്‍ കഴിയാതെ പോയ റാണി പത്മിനി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് മായാനദി. കഴിഞ്ഞ പരാജയങ്ങളില്‍ നിന്നും വ്യക്തമായ പാഠം ഉള്‍ക്കൊണ്ട് മികച്ച ഹോം വര്‍ക്കുമായാണ് ഇത്തവണ ആഷിക് എത്തിയിട്ടുള്ളത്. ആഷികിന്റെ സംവിധാന മികവിനൊപ്പം ശ്യാം പുഷ്കര്‍, ദിലീഷ് നായര്‍ എന്നിവരുടെ എഴുത്ത് കൂടെ ചേരുമ്പോള്‍ ചിത്രം ഏറ്...

യാ ഇലാഹി ടൈംസ്‌

ഓണ്ലൈനിലെ എഴുത്തുകൾ വായിക്കുമ്പോൾ  മികച്ച രചനകൾ ഉണ്ടാകാൻ കാരണമായി തീരുന്നത് പ്രവാസം ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പ്രവാസം അനുഭവങ്ങളുടെ ഒരു മഹാസമുദ്രം തന്നെ മനുഷ്യന് മുന്നിലേക്ക് നീട്ടി വെക്കുന്നതിനാലാകാം. അനിൽ ദേവസ്സിയുടെ യാ ഇലാഹി ടൈംസ്‌ വായിച്ചപ്പോഴും ഈ ചിന്ത വീണ്ടും തല പൊക്കി. അഭയാർഥി പ്രശ്‌നം എന്നത് ലോകം ഇന്ന് ചർച്ച ചെയ്ത് കൊണ്ടിരിക്കുന്ന നീറുന്നൊരു  വിഷയമാണ്. ലോകത്തിലെ ഏറ്റവും വലിയ ശക്തിയെന്നറിയപ്പെടുന്ന അമേരിക്കയിൽ പോലും കുറെ ദിവസങ്ങൾ സാമ്പത്തിക പ്രതിസന്ധി ഉണ്ടായത്തിന്റെ മൂല ഹേതു അഭയാർത്ഥി പ്രശ്നം തന്നെ. ഈ ഒരു വിഷയത്തെ വാർത്താ മാധ്യമങ്ങളിലൂടെ അറിയുന്നു എന്നതൊഴിച്ചാൽ  ജീവിതത്തിൽ അത് കാര്യമായ സ്വാധീനം ചെലുത്തിയിരുന്നില്ല. പക്ഷെ ഈ നോവൽ വായിച്ചു കഴിഞ്ഞപ്പോൾ ഇത് നമ്മുടെയും പ്രശ്നമാണെന്ന ചിന്ത ഉണ്ടാകുന്നു. നമ്മളനുഭവിക്കുന്ന സന്തോഷം മറ്റൊരു ജനതയുടെ സങ്കടമാണെന്ന തിരിച്ചറിവുണ്ടാകുന്നു. നമ്മുടെ സമാധാനം മറ്റൊരു ജനതയുടെ ദുരിതമാണെന്നു തിരിച്ചറിയുന്നു. വായനായിലുടനീളം തിരഞ്ഞത് ഒരു മലയാളി കഥാപാത്രത്തെയാണ്.  അതിൽ പരാജയപ്പെട്ടെങ്കിലും വായന അവസാനിക്കുമ്പോൾ അൽത്തെബും...

ഇന്ത്യക്കാരന്റെ പുസ്തകം

മനുവിന് ഏറെ പ്രിയപ്പെട്ടതായിരുന്നു ആ പുസ്തകം. പത്തൻപത് വർഷതത്തിലേറെ പഴക്കമുള്ള ആ പുസ്തകത്തിലെ  വരികൾ ഓരോന്നും അവനിൽ പുതിയ ചിന്തകൾ ഉണർത്തിയിരുന്നു. തന്നെക്കുറിച്ചെന്നത് പോലെ മറ്റുള്ളവരെക്കുറിച്ചും അവൻ ചിന്തിച്ച് തുടങ്ങിയത് ആ പുസ്തകത്തെ മനസിലാക്കിയത്തിനു ശേഷമാണ്. പക്ഷെ ഈയിടെയായി ആ പുസ്തകത്തിന് എന്തൊക്കെയോ സംഭവിക്കുന്നു. ചില അധ്യായങ്ങൾ വെട്ടി മാറ്റപ്പെടുന്നു. ചില വരികൾ ആരോ തിരുത്തുന്നു. തിരുത്തിയ വരികൾ ആ പുസ്തകത്തിന്റെ ജീവനിൽ അലിഞ്ഞു ചേരാതെ അതിനെ വികൃതമാക്കുന്നത് കണ്ടപ്പോൾ മനുവിന് എന്തെന്നില്ലാത്ത ആശങ്ക തോന്നി. എന്താണിതിനു ഒരു പരിഹാരം?? പുസ്തകം പൂജിച്ചാൽ ചിലപ്പോൾ എല്ലാം ശരിയായേക്കും. അവൻ അടുത്തുള്ള ആരാധനാലയത്തിൽ പോയി പുസ്തകം പൂജക്ക് വെച്ചു. പൂജക്കായി ഒട്ടനേകം പുസ്തകങ്ങൾ അവിടെ ഉണ്ടായിരുന്നു. അവയെക്കാളൊക്കെ മേന്മ തന്റെ പുസ്തകത്തിന് ഉണ്ടെന്ന് ഒരു നിർവൃതിയോടെ അവൻ ഓർത്തു. പിറ്റേ ദിവസം പുസ്തകം തിരിച്ചെടുക്കാൻ ചെന്നപ്പോഴാണ് മനുവിനെ ഏറെ സങ്കടപ്പെടുത്തുന്ന കാര്യം ഉണ്ടായത്. അവൻ പൂജക്ക് വെച്ച പുസ്തകം കാണാതായിരിക്കുന്നു. അവിടിരുന്ന പുസ്തകങ്ങൾക്കിടയിലെല്ലാം നോക്കിയെങ്കിലും ഫലമുണ്ടായില...