ഓണ്ലൈനിലെ എഴുത്തുകൾ വായിക്കുമ്പോൾ മികച്ച രചനകൾ ഉണ്ടാകാൻ കാരണമായി തീരുന്നത് പ്രവാസം ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പ്രവാസം അനുഭവങ്ങളുടെ ഒരു മഹാസമുദ്രം തന്നെ മനുഷ്യന് മുന്നിലേക്ക് നീട്ടി വെക്കുന്നതിനാലാകാം. അനിൽ ദേവസ്സിയുടെ യാ ഇലാഹി ടൈംസ് വായിച്ചപ്പോഴും ഈ ചിന്ത വീണ്ടും തല പൊക്കി. അഭയാർഥി പ്രശ്‌നം എന്നത് ലോകം ഇന്ന് ചർച്ച ചെയ്ത് കൊണ്ടിരിക്കുന്ന നീറുന്നൊരു വിഷയമാണ്. ലോകത്തിലെ ഏറ്റവും വലിയ ശക്തിയെന്നറിയപ്പെടുന്ന അമേരിക്കയിൽ പോലും കുറെ ദിവസങ്ങൾ സാമ്പത്തിക പ്രതിസന്ധി ഉണ്ടായത്തിന്റെ മൂല ഹേതു അഭയാർത്ഥി പ്രശ്നം തന്നെ. ഈ ഒരു വിഷയത്തെ വാർത്താ മാധ്യമങ്ങളിലൂടെ അറിയുന്നു എന്നതൊഴിച്ചാൽ ജീവിതത്തിൽ അത് കാര്യമായ സ്വാധീനം ചെലുത്തിയിരുന്നില്ല. പക്ഷെ ഈ നോവൽ വായിച്ചു കഴിഞ്ഞപ്പോൾ ഇത് നമ്മുടെയും പ്രശ്നമാണെന്ന ചിന്ത ഉണ്ടാകുന്നു. നമ്മളനുഭവിക്കുന്ന സന്തോഷം മറ്റൊരു ജനതയുടെ സങ്കടമാണെന്ന തിരിച്ചറിവുണ്ടാകുന്നു. നമ്മുടെ സമാധാനം മറ്റൊരു ജനതയുടെ ദുരിതമാണെന്നു തിരിച്ചറിയുന്നു. വായനായിലുടനീളം തിരഞ്ഞത് ഒരു മലയാളി കഥാപാത്രത്തെയാണ്. അതിൽ പരാജയപ്പെട്ടെങ്കിലും വായന അവസാനിക്കുമ്പോൾ അൽത്തെബും...