ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

9 - എന്റെ കാഴ്ച


#9_Movie
(Spoiler Alert)

പ്രിത്വിരാജിന്റെ അഭിമുഖങ്ങളിൽ എല്ലാം തന്നെ മലയാള സിനിമയെ ലോക സിനിമയോളം വിശാലമാക്കാനായി തന്നാൽ കഴിയുന്നത് ചെയ്യണം എന്ന ആഗ്രഹം അദ്ദേഹം പ്രകടിപ്പിക്കാറുണ്ട്. ആ ആഗ്രഹ പൂർത്തീകരണത്തിലേക്കുള്ള മികച്ച ശ്രമമാണ് 9 എന്ന ചിത്രം

8...

സയൻസ് ഫിക്ഷൻ, ഹൊറർ ത്രില്ലർ, ഫാമിലി ഡ്രാമ എന്നിങ്ങനെ 3 വിഭാഗത്തിലും ഉൾപ്പെടുത്താം എങ്കിലും ആദ്യ രണ്ടു വിഭാഗത്തിൽ ഉള്ളതാണെന്ന് പ്രേക്ഷകനെ തെറ്റിദ്ധരിപ്പിക്കുന്ന മികച്ചൊരു ഫാമിലി ഡ്രാമയാണ് 9. സയൻസിനെയും ഹൊററിന്റെയും പിൻബലത്തിൽ അഛനും  മകനും തമ്മിലുള്ള സ്നേഹ ബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്

7...

 ശാസ്ത്രവും മാനുഷിക ബന്ധങ്ങളും ഫിക്ഷനും കൂട്ടിക്കലർത്തി ഒടുവിൽ ശാസ്ത്രത്തെ ശരി വെച്ച് പൂർണ്ണത കൈവരിക്കുന്ന ധീരമായ ഒരു ഉദ്ധ്യമമാണ് 9. ഒരു പക്ഷെ മണിച്ചിത്രതാഴിന്‌ ശേഷം ആ പൂർണ്ണത കൈവരിക്കുന്ന ചിത്രവും ഇതാകാം.

6...

ഭൂമിയുടെ അരികിലൂടെ ഉൽക്ക കടന്ന് പോകുന്നതിന് ശേഷമുള്ള 9 ദിവസത്തെ കഥ. ആഗോള മാനമുള്ള വിഷയത്തെ മലയാളത്തിലേക്ക് ചുരുക്കുമ്പോൾ സംഭവിക്കാവുന്ന വൈകല്യങ്ങൾ ഒന്നും തന്നെ ഇല്ലാത്ത വിധം ചിത്രം അണിയിച്ചോരുക്കിയിട്ടുണ്ട്. ശേഖർ മേനോന്റെ ബാക്ക് ഗ്രൗണ്ട് സ്കോറും രാമനുജത്തിന്റെ ക്യാമറയും ചിത്രത്തിനെ ഓരോ നിമിഷവും ജീവസ്സുറ്റതാക്കുന്നു

5...

അഭിനേതാക്കൾ എല്ലാം തന്നെ മികച്ച പ്രകടനം കാഴ്ച വെച്ചു. പ്രത്യേകിച്ച് ആദമായി അഭിനയിച്ച കുട്ടിയും വാമിഖയും. കൊച്ച് കുട്ടിയുടെ നിഷ്കളങ്കതയും നഷ്ടങ്ങളുടെ ദുഖവും മാസ്റ്റർ അലോക് ഭദ്രമാക്കിയപ്പോൾ വാമിഖ സുന്ദരമായി ഭയം നിറച്ചു. അനാവശ്യമായി കഥാപാത്രങ്ങൾ ഇല്ല  എന്നത് പോലെ അനാവശ്യമായ സംഭാഷണങ്ങളും ചിത്രത്തിലില്ല. മംമ്ത അവതരിപ്പിച്ച കഥാപാത്രം ഗർഭിണിയാണ് എന്നു പ്രിത്വിയെ അറിയിക്കുന്ന രംഗമുണ്ട്. അവിടെ "നമുക്ക് ഈ കുട്ടി വേണോ"" എന്നൊരു ചോദ്യം സാധാരണ നിലയിലാണെങ്കിൽ ഉണ്ടാവേണ്ടതായിരുന്നു. ഇവിടെ പ്രിത്വിയുടെ മുഖത്തു നിന്നും പ്രേക്ഷകനെ കൊണ്ട് ആ ചോദ്യം വായിപ്പിയ്ക്കുകയാണ് സംവിധായകൻ ചെയ്തിട്ടുള്ളത്

4...

ചിത്രത്തിന്റെ ആദ്യം കാണിക്കുന്ന ഗ്രഹണത്തിലെ ഇരുട്ടും വെളിച്ചവും പോലെ, സയൻസ് - അന്ധ വിശ്വാസാം, സ്നേഹം - വെറുപ്പ്  എന്നിങ്ങനെ രണ്ട് തലങ്ങളെ മനോഹരമായി ബാലൻസ് ചെയ്യുന്നുണ്ട് ചിത്രം. എത്രയൊക്കെ സയൻസിൽ വിശ്വസിക്കുന്നു എന്നു പറഞ്ഞാലും ഉള്ളിൽ ഒരല്പം അന്ധ വിശ്വാസം ഉണ്ടാകും അത് പോലെ തന്നെ മനസിൽ എത്ര തന്നെ സ്നേഹം ഉണ്ടെങ്കിലും എവിടെയെങ്കിലും ഒരല്പം വെറുപ്പും കാണും.
അന്ധ വിശ്വാസങ്ങൾ സയൻസിനെ തോൽപ്പിക്കുന്നത് പോലെ തന്നെ അപകടമാണ് മനസ്സിലെ വെറുപ്പ് സ്നേഹത്തെ കീഴടക്കുന്നത്. ഇത് പ്രേക്ഷകനിലേക്ക് എത്തിക്കുന്നിടത്താണ് ചിത്രം വേറെ ഒരു തരത്തിലേക്ക് ഉയരുന്നത്.

3...

ചിത്രം അവസാനിക്കുമ്പോൾ വാമിഖാ അവതരിപ്പിച്ച ഈവ എന്ന കഥാപാത്രം യാഥാർഥ്യമാണോ അല്ലയോ എന്ന ഒരു ചോദ്യം ബാക്കി വെക്കുന്നുണ്ട്. പ്രേക്ഷകന്റെ യുക്തിക്കനുസരിച് പൂരിപ്പിച്ചെടുക്കാവുന്നതാണ്. യാഥാർഥ്യമല്ല എന്നതാണ് എന്റെ നിഗമനം. ചിത്രത്തിന്റെ ആദ്യഭാഗത്തും അവസാന ഭാഗത്തും പ്രകാശ് രാജും പ്രിത്വിരാജും  തമ്മിലുള്ള സംഭാഷണങ്ങൾ അത് തന്നെയാണ് സൂചിപ്പിക്കുന്നത്.

2...

പ്രിത്വിയുടെ മുൻകാല ചിത്രങ്ങളായ എസ്‌റ, അബ്രഹാമിന്റെ സന്തതികൾ തുടങ്ങിയവയുമായി പ്രമേയ പരമായും മേക്കിങ്ങിലും ഉള്ള സാമ്മ്യതകൾ, ഒന്നു സൂക്ഷിച്ചു നോക്കിയാൽ മണിച്ചിത്രത്താഴ്‌മായുള്ള പ്രത്യക്ഷവും പരോക്ഷവുമായ സാമ്മ്യം എന്നിവ ചിത്രത്തിന്റെ പോരായ്മയാണ്. അവസാന രംഗങ്ങളിൽ ഇമോഷണൽ ആയുള്ള പ്രിത്വിയുടെ ശബ്ദവും പോരായ്മയായി തോന്നി

1...

ഇത് കയ്യടിച്ച് അവസാനിപ്പിക്കാവുന്ന സിനിമയല്ല, ചിത്രത്തിന്റെ ഫൈനൽ ക്രെഡിറ്റിന് ശേഷമുള്ള രംഗവും കണ്ട്‌ തലക്ക്  ഒരു ഇടി ഇടിച്ച് ചിന്തിക്കേണ്ട ചിത്രമാണ്.
ചിത്രത്തിന്റെ തുടക്കത്തിൽ തന്നെ പറയുന്നുണ്ട് ചോദ്യങ്ങൾ ചോദിച്ച് കൊണ്ടേയിരിക്കണമെന്നു. ചിത്രം കഴിയുമ്പോഴും ചോദ്യങ്ങൾ ബാക്കിയാവുകയാണ്. പ്രേക്ഷകൻ അവനവനോട് തന്നെ വീണ്ടും വീണ്ടും ചോദ്യങ്ങൾ ചോദിച്ചെങ്കിൽ മാത്രമേ ചിത്രത്തിന്റെ പൂർണ്ണ രൂപം മനസ്സിലാക്കാൻ കഴിയുകയുള്ളു. ഇത്തരത്തിൽ ചിത്രം ഒരുക്കിയ സംവിധായകൻ ജിനൂസ് മുഹമ്മദ് തീർച്ചയായും അഭിനന്ദനം അർഹിക്കുന്നുണ്ട്.

Go....

മലയാളത്തിൽ വ്യത്യസ്തമായ ചിത്രങ്ങൾ ഉണ്ടാകണം എന്നാഗ്രഹിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് 9. ഒരു ഫീൽ ഗുഡ് എന്റര്ടെയിനർ പ്രതീക്ഷിക്കാതെ ഒരു പരീക്ഷണ ചിത്രം കണ്ട് ആസ്വദിക്കാനായി  ടിക്കറ്റ് എടുക്കാവുന്നതാണ്. ഒറ്റ കാഴ്ചയിൽ എല്ലാവരെയും തൃപ്തിപ്പെടുത്തണം എന്നില്ലെങ്കിലും ഒന്നു ചിന്തിച്ചാൽ ആസ്വാദനത്തിന്റെ മറ്റൊരു ലോകം തന്നെ ചിത്രം നമുക്ക് മുന്നിലേക്ക് വച്ചു നീട്ടുന്നുണ്ട്.
So Go and explore 9🎬
#9movie
#prithviraj

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രണയമൊഴുകും മായാനദി

കുറച്ച് നാളുകള്‍ക്ക് ശേഷം ഒരുപിടി ചിത്രങ്ങളുടെ റിലീസുമായി മലയാള ചലച്ചിത്ര മേഖല ഈ ക്രിസ്തുമസ് കാലത്ത് വീണ്ടും ഉയർത്തെഴുന്നേൽക്കുകയാണ്. സൂപ്പര്‍ താരങ്ങളുടേതടക്കം ഒരുപിടി ചിത്രങ്ങൾ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്. അവധിക്കാലവും ഉത്സവ കാലവും ആഘോഷമാക്കാന്‍ തക്കമുള്ളതാണ് മിക്ക ചിത്രങ്ങളെന്നുമാണ് ട്രെയിലറുകളും പാട്ടുകളും മറ്റും സൂചിപ്പിക്കുന്നത്. ഇതിനിടയില്‍ അധികം ആരവങ്ങളും ഒച്ചപ്പാടുകളുമില്ലാതെ വന്ന ചിത്രമാണ് മായാനദി. പ്രത്യക്ഷത്തില്‍ അത്യാകര്‍ഷണീയത ഒന്നുമില്ലെങ്കിലും ആഷിക് അബു, ശ്യാം പുഷ്കര്‍ , ദിലീഷ് നായര്‍ എന്നീ പേരുകള്‍ ഏതൊരു സിനിമാ പ്രേമിയെയും ഈ ചിത്രത്തിലേക്ക് വലിച്ചടുപ്പിക്കും. ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞ ഗ്യാങ്ഗ്സ്റ്റര്‍, അധികം ചലനം സൃഷ്ടിക്കാന്‍ കഴിയാതെ പോയ റാണി പത്മിനി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് മായാനദി. കഴിഞ്ഞ പരാജയങ്ങളില്‍ നിന്നും വ്യക്തമായ പാഠം ഉള്‍ക്കൊണ്ട് മികച്ച ഹോം വര്‍ക്കുമായാണ് ഇത്തവണ ആഷിക് എത്തിയിട്ടുള്ളത്. ആഷികിന്റെ സംവിധാന മികവിനൊപ്പം ശ്യാം പുഷ്കര്‍, ദിലീഷ് നായര്‍ എന്നിവരുടെ എഴുത്ത് കൂടെ ചേരുമ്പോള്‍ ചിത്രം ഏറ്...

മാഷേ, ആ മാജിക്കിന്റെ രഹസ്യമെന്താ??

മീനാക്ഷിയേടത്തി ഉണ്ടാക്കിയ കഞ്ഞിയും പയറും മൂക്ക് മുട്ടെ തിന്ന് 7 ബി യിൽ കൃഷ്ണൻമാഷുടെ കണക്ക് ക്ലാസിൽ വാ പൊളിച്ചു ഇരിക്കുകയാണ് ഞാൻ. ഉച്ച കഴിഞ്ഞാൽ ക്ലാസിൽ നിത്യ സന്ദർശകനായ കാറ്റ് എന്നെ നിദ്രയുടെ മോഹന ലോകത്തേക്ക് കൈ പിടിച്ചു കൊണ്ട് പോകുന്നുണ്ട്. പക്ഷെ കൃഷ്ണൻമാഷുടെ സ്വഭാവം നന്നായറിയാവുന്നതിനാൽ കഷ്ടപ്പെട്ടാണെങ്കിലും ഞാൻ തിരിച്ചു ക്ലാസിലേക്ക് തന്നെ ഓടി വരുന്നുണ്ട്. മാഷ് ബോർഡിൽ എഴുതുന്ന ഹരിക്കലിന്റെയും ഗുണിക്കലിന്റെയും ചിഹ്നങ്ങളെല്ലാം എന്റെ മുന്നിൽ ഒരു ചോദ്യ ചിഹ്നമായി തൂങ്ങി കിടക്കുകയാണ്. ക്ലാസിൽ കനത്ത നിശ്ശബ്ദത ആണ്. എല്ലാവരുടെയും കണ്ണുകൾ മാഷക്കൊപ്പം സഞ്ചരിക്കുകയാണ്. മാഷ് ബോർഡിൽ തന്ന ഒരു ചോദ്യത്തിന്റെ ഉത്തരം നോട്ടിൽ ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് വയറ്റിൽ എന്തോ ഒരു അസ്വസ്ഥത. ഈശ്വരാ മീനാക്ഷിയെടത്തിയുടെ പയറ് ചതിചോ???..   . ഏയ്.. കുറച്ചു കഴിയുമ്പോ മാറുമായിരിക്കും.. ഞാൻ സ്വയം ആശ്വസിച്ചു.. . പക്ഷെ വയറ്റിനുള്ളിൽ നിന്നും വന്നു കൊണ്ടിരുന്ന പ്രതികരണങ്ങൾ ആശവാഹമായിരുന്നില്ല. നിമിഷങ്ങൾ കഴിയുന്തോറും വയറ്റിനുള്ളിലെ വേദന ശക്തമായിക്കൊണ്ടിരുന്നു. സ്‌കൂളിന് തൊട്ടപ്പുറത്താണ് വീട്. എനിക്ക് എത്രയും പെട്ടെന്ന...

വിധി

തലയിലെ എരിയുന്ന ചിന്തകളും, ചുണ്ടിലെ എരിയുന്ന സിഗരറ്റും മുറിയിലെ അന്തരീക്ഷത്തിന്റെ ചൂട് കൂട്ടുന്നു എന്നു തോന്നിയപ്പോൾ അയാൾ റിമോട്ട് എടുത്ത് എ സിയുടെ തണുപ്പ് അല്പം കൂടെ ശക്തിപ്പെടുത്തി. ലാപ്‌ടോപ്പിൽ എഴുതിക്കൊണ്ടിരിക്കുകയായിരുന്ന ലേഖനത്തിന്റെ അവസാന ഭാഗമായി ഇങ്ങനെ ചേർത്തു. "ആയതിനാൽ വടക്കൻ മലയിലെ മനുഷ്യ വാസം എത്രയും പെട്ടെന്ന് ഒഴിപ്പിച്ച് അവിടെ പൂർവ്വാവസ്ഥ പുനഃസ്ഥാപിക്കേണ്ടതായിട്ടുണ്ട്. അല്ലെങ്കിൽ അടുത്ത മഴക്കാലത്ത് വീണ്ടുമൊരു പ്രളയത്തിനു നമ്മൾ സാക്ഷ്യം വഹിക്കേണ്ടി വരും എന്നത് തീർച്ചയാണ്" കഴിഞ്ഞ 3 മണിക്കൂർ കൊണ്ട് ഒറ്റയിരിപ്പിന് എഴുതി തീർത്ത ആ ലേഖനത്തിലൂടെ ഒരിക്കൽ കൂടെ കണ്ണോടിച്ച ശേഷം അത്  ഒരു പ്രമുഖ ഓൺലൈൻ പോർട്ടലിന്റ  ഈ മെയിൽ വിലാസത്തിലേക്ക് അയച്ചു.  ഫ്രിഡ്ജിൽ നിന്നും ഐസ് ക്യൂബ്സ് എടുത്ത് നേരത്തെ ഗ്ലാസിൽ ഒഴിച്ച് വെച്ച മദ്യത്തിൽ ഇട്ട ശേഷം ശേഷം ഒറ്റ വലിക്ക് അകത്താക്കി.   സിരകളിൽ തണുത്ത ലഹരി നിറഞ്ഞ് എഴുത്തിന്റെ ക്ഷീണം ഇല്ലാതാകുന്നത് അയാൾ അറിഞ്ഞു. വിശേഷങ്ങൾ അറിയാനായി മൊബൈൽ എടുത്ത് നെറ്റ് ഓൺ ചെയ്തു. വാട്‌സ്ആപ്പിൽ പതിവിലുമധികം മെസേജുകൾ നിറഞ്ഞിരിക്കുന്നു. "കായലോര...