ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കളിപ്പാവകൾ വെട്ടിമുറിക്കപ്പെടുമ്പോൾ

ട്രെയിനിറങ്ങി സ്റ്റേഷനിൽ നിന്ന് തന്നെ പ്രഭാത കൃത്യങ്ങൾ ഒക്കെ ചെയ്ത ശേഷം 2 പേരും ആ ഹോട്ടലിലേക്ക് കയറി. വാർദ്ധക്യത്തിന്റെ ആക്രമണത്തിൽ തളരാതിരിക്കുന്ന അവരെ ഇന്നലെ രാത്രിയിലെ ദീർഘ ദൂര യാത്ര അല്പം തളർത്തിയിട്ടുണ്ടെന്നു മുഖം കാണുമ്പോൾ തന്നെ മനസിലാകുന്നുണ്ട്. നരയും കഷണ്ടിയും കീഴ്‌പ്പെടുത്തിയ ഒരാളുടെ തലയിൽ ചോര വഹിക്കുന്ന ഞരമ്പുകൾ ജീവന്റെ സ്പന്ദനം വിളിച്ചറിയിക്കുന്നുണ്ട്.
.
"നിങ്ങളെ ഇന്നലെ ട്രെയിനിൽ വെച് കണ്ടു മുട്ടിയത് നന്നായി. കുറെ കാലമായി വിചാരിക്കുകയാണ് നിങ്ങളുടെ വീട്ടിലേക്ക് ഒന്ന് വരണം എന്ന്. പക്ഷേ..."
.
"ചിലപ്പോ അത് കൊണ്ടായിരിക്കും പടച്ചോൻ നമ്മളെ ഇവിടിങ്ങനെ ഒരുമിച്ച് കൊണ്ടുവന്ന് ഇരുത്തിയിരിക്കുന്നത്"
.
വെയിറ്റർ ചായ മേശപ്പുറത്തു വെച്ചു. ചായ കുടിച്ചപ്പോൾ അയാൾക്ക് യാതൊരു രുചിയും അനുഭവപ്പെട്ടില്ല. രുചികളെല്ലാം അയാളോട് വിട പറഞ്ഞിട്ട് കൊല്ലങ്ങൾ പലതായി.

"എല്ലാം എന്റെ തെറ്റാ..... പണ്ട് ഞാനും ഒരു പാർട്ടി പ്രവർത്തകൻ ആയിരുന്നു. പാടത്തെ തൊഴിലാളികൾക്ക് വേണ്ടി ഒരുപാട് സമരം ചെയ്തിട്ടുണ്ട്. അന്നൊക്കെ പണിയെടുക്കുന്ന തൊഴിലാളികളുടെ ആവശ്യത്തിനായി പാർട്ടി  ഉണ്ടാവുകയായിരുന്നു. ഒരു മകൻ ഉണ്ടായപ്പോൾ അവനെയും ഞാൻ പഠിപ്പിച്ചു പാർട്ടിയെയും തൊഴിലാളികളെയും പറ്റി. പക്ഷെ അവന്റെ കാലമായപ്പോഴേക്കും പാർട്ടിക്ക് വേണ്ടി പണിയെടുക്കുന്ന തൊഴിലാളികൾ ഉണ്ടാകുന്ന അവസ്ഥയായി. അവനും അതിൽ ഒരുവനായി. ഒടുവിൽ അതിനുള്ള കൂലി ഞങ്ങൾക്ക് കിട്ടി. വെട്ടി മുറിച്ച അവന്റെ ശരീരം.... അല്ലെങ്കിൽ ഞാൻ എന്തിനാ ഈ കഥകൾ ഒക്കെ നിങ്ങളോട് പറയുന്നേ... നിങ്ങൾക്കും ഉണ്ടല്ലോ ഇത് പോലെ ഒരു കഥ.. അല്ലേ മാഷേ?? "
അയാൾ ചായ വലിച്ച് കുടിച്ചു.
"അതെ, ഇരകൾക്കെല്ലാം ഒരു കഥയാണല്ലോ.."
.
"ആഹ്...അവൻ പോയതിന് ശേഷം എനിക്ക് കിട്ടുന്ന ചെറിയ പെൻഷൻ കൊണ്ടാണ് കുടുംബം ജീവിച് പോകുന്നത്. എല്ലാ കൊല്ലവും അവന്റെ ആണ്ടിന് പാർട്ടിക്കാർ വരും അവനു വേണ്ടി എല്ലാം അവർ ചെയ്യും എന്ന് ഉറപ്പ് പറയും... ഒരു ദിവസം അറിഞ്ഞു.. എന്റെ മകന് വേണ്ടി അവർ നിങ്ങളുടെ മകനെ വെട്ടിക്കൊന്നെന്നു..എന്ത് ചെയ്യാനാ മാഷെ..."
.
അൽപ സമയം അവർക്കിടയിൽ മൗനം നിറഞ്ഞു.
"അതൊക്കെ കഴിഞ്ഞിട്ട് വർഷം പലതായില്ലേ..അവസാനിക്കാത്തൊരു തുടർക്കഥയാണിതെടോ. നമ്മുടെ നഷ്ടങ്ങൾ നേട്ടങ്ങളാക്കുന്നവർ ഉള്ളിടത്തോളം ഇതിങ്ങനെ തുടർന്നുകൊണ്ടേയിരിക്കും.."
.
"മ്ഹും.. അതെ. എനിക്ക് പ്രായമായി.. ഞാൻ ചത്താലും കുടുംബത്തിലുള്ളോർക്ക് ജീവിക്കണ്ടെ.. അതാണ് അവന്റെ ഭാര്യയുടെ ജോലിക്കായി ഒരു നിവേദനം കൊടുക്കാമെന്നു വെച്ചത്. അവിടുത്തെ പാർട്ടിക്കാർ എല്ലാം ശരിയാക്കിയിട്ടുണ്ട്, ഈ നിവേദനവുമായി മന്ത്രിയെ ഒന്ന് കണ്ടാൽ മതി എന്നാണ് പറഞ്ഞത്."
.
ബിൽ കൊടുത്ത് ഇറങ്ങാൻ നേരമാണ് ടി വിയിൽ അവരാ ഫ്ലാഷ് ന്യൂസ് കണ്ടത്.
.
"പ്രമുഖ രാഷ്ട്രീയ പാർട്ടിയായ INM  CJNഇൽ ലയിക്കുന്നു."
2 പാർട്ടിയുടെയും നേതാക്കന്മാർ തമ്മിൽ കെട്ടിപ്പിടിച്ച് നിൽക്കുന്ന വീഡിയോ ടീവിയിൽ നിറഞ് നിന്നു.
.
അവർ ഹോട്ടലിന്റെ പുറത്തേക്ക് ഇറങ്ങി നടന്നു.
.
"അല്ലെങ്കിലും ഒരു കണക്കിന് നോക്കിയാ ഇതാടോ നല്ലത്. ഇതാകുമ്പോ ഇനി ഈ പാർട്ടികളുടെ പേര് പറഞ് തമ്മിൽ തല്ലൂലാലോ.. നമ്മക്ക് സംഭവിച്ച പോലെ നഷ്ടം ഇനി ആർക്കും ഉണ്ടാവുകേം ഇല്ല..."
.
"അതെ മാഷേ ഇത് തന്നെയാ നല്ലത്..."
.
ഇരച്ചു കയറിയ രക്തം അവരുടെ മുഖത്തെ ചുവപ്പിച്ചു. 
കയ്യിൽ ഉണ്ടായിരുന്ന നിവേദനം അയാൾ ഹോട്ടലിലെ ചവറ്റു കുട്ടയിലേക്ക് വലിച്ചെറിഞ്ഞിരുന്നു.. .

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രണയമൊഴുകും മായാനദി

കുറച്ച് നാളുകള്‍ക്ക് ശേഷം ഒരുപിടി ചിത്രങ്ങളുടെ റിലീസുമായി മലയാള ചലച്ചിത്ര മേഖല ഈ ക്രിസ്തുമസ് കാലത്ത് വീണ്ടും ഉയർത്തെഴുന്നേൽക്കുകയാണ്. സൂപ്പര്‍ താരങ്ങളുടേതടക്കം ഒരുപിടി ചിത്രങ്ങൾ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്. അവധിക്കാലവും ഉത്സവ കാലവും ആഘോഷമാക്കാന്‍ തക്കമുള്ളതാണ് മിക്ക ചിത്രങ്ങളെന്നുമാണ് ട്രെയിലറുകളും പാട്ടുകളും മറ്റും സൂചിപ്പിക്കുന്നത്. ഇതിനിടയില്‍ അധികം ആരവങ്ങളും ഒച്ചപ്പാടുകളുമില്ലാതെ വന്ന ചിത്രമാണ് മായാനദി. പ്രത്യക്ഷത്തില്‍ അത്യാകര്‍ഷണീയത ഒന്നുമില്ലെങ്കിലും ആഷിക് അബു, ശ്യാം പുഷ്കര്‍ , ദിലീഷ് നായര്‍ എന്നീ പേരുകള്‍ ഏതൊരു സിനിമാ പ്രേമിയെയും ഈ ചിത്രത്തിലേക്ക് വലിച്ചടുപ്പിക്കും. ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞ ഗ്യാങ്ഗ്സ്റ്റര്‍, അധികം ചലനം സൃഷ്ടിക്കാന്‍ കഴിയാതെ പോയ റാണി പത്മിനി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് മായാനദി. കഴിഞ്ഞ പരാജയങ്ങളില്‍ നിന്നും വ്യക്തമായ പാഠം ഉള്‍ക്കൊണ്ട് മികച്ച ഹോം വര്‍ക്കുമായാണ് ഇത്തവണ ആഷിക് എത്തിയിട്ടുള്ളത്. ആഷികിന്റെ സംവിധാന മികവിനൊപ്പം ശ്യാം പുഷ്കര്‍, ദിലീഷ് നായര്‍ എന്നിവരുടെ എഴുത്ത് കൂടെ ചേരുമ്പോള്‍ ചിത്രം ഏറ്...

മാഷേ, ആ മാജിക്കിന്റെ രഹസ്യമെന്താ??

മീനാക്ഷിയേടത്തി ഉണ്ടാക്കിയ കഞ്ഞിയും പയറും മൂക്ക് മുട്ടെ തിന്ന് 7 ബി യിൽ കൃഷ്ണൻമാഷുടെ കണക്ക് ക്ലാസിൽ വാ പൊളിച്ചു ഇരിക്കുകയാണ് ഞാൻ. ഉച്ച കഴിഞ്ഞാൽ ക്ലാസിൽ നിത്യ സന്ദർശകനായ കാറ്റ് എന്നെ നിദ്രയുടെ മോഹന ലോകത്തേക്ക് കൈ പിടിച്ചു കൊണ്ട് പോകുന്നുണ്ട്. പക്ഷെ കൃഷ്ണൻമാഷുടെ സ്വഭാവം നന്നായറിയാവുന്നതിനാൽ കഷ്ടപ്പെട്ടാണെങ്കിലും ഞാൻ തിരിച്ചു ക്ലാസിലേക്ക് തന്നെ ഓടി വരുന്നുണ്ട്. മാഷ് ബോർഡിൽ എഴുതുന്ന ഹരിക്കലിന്റെയും ഗുണിക്കലിന്റെയും ചിഹ്നങ്ങളെല്ലാം എന്റെ മുന്നിൽ ഒരു ചോദ്യ ചിഹ്നമായി തൂങ്ങി കിടക്കുകയാണ്. ക്ലാസിൽ കനത്ത നിശ്ശബ്ദത ആണ്. എല്ലാവരുടെയും കണ്ണുകൾ മാഷക്കൊപ്പം സഞ്ചരിക്കുകയാണ്. മാഷ് ബോർഡിൽ തന്ന ഒരു ചോദ്യത്തിന്റെ ഉത്തരം നോട്ടിൽ ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് വയറ്റിൽ എന്തോ ഒരു അസ്വസ്ഥത. ഈശ്വരാ മീനാക്ഷിയെടത്തിയുടെ പയറ് ചതിചോ???..   . ഏയ്.. കുറച്ചു കഴിയുമ്പോ മാറുമായിരിക്കും.. ഞാൻ സ്വയം ആശ്വസിച്ചു.. . പക്ഷെ വയറ്റിനുള്ളിൽ നിന്നും വന്നു കൊണ്ടിരുന്ന പ്രതികരണങ്ങൾ ആശവാഹമായിരുന്നില്ല. നിമിഷങ്ങൾ കഴിയുന്തോറും വയറ്റിനുള്ളിലെ വേദന ശക്തമായിക്കൊണ്ടിരുന്നു. സ്‌കൂളിന് തൊട്ടപ്പുറത്താണ് വീട്. എനിക്ക് എത്രയും പെട്ടെന്ന...

വിധി

തലയിലെ എരിയുന്ന ചിന്തകളും, ചുണ്ടിലെ എരിയുന്ന സിഗരറ്റും മുറിയിലെ അന്തരീക്ഷത്തിന്റെ ചൂട് കൂട്ടുന്നു എന്നു തോന്നിയപ്പോൾ അയാൾ റിമോട്ട് എടുത്ത് എ സിയുടെ തണുപ്പ് അല്പം കൂടെ ശക്തിപ്പെടുത്തി. ലാപ്‌ടോപ്പിൽ എഴുതിക്കൊണ്ടിരിക്കുകയായിരുന്ന ലേഖനത്തിന്റെ അവസാന ഭാഗമായി ഇങ്ങനെ ചേർത്തു. "ആയതിനാൽ വടക്കൻ മലയിലെ മനുഷ്യ വാസം എത്രയും പെട്ടെന്ന് ഒഴിപ്പിച്ച് അവിടെ പൂർവ്വാവസ്ഥ പുനഃസ്ഥാപിക്കേണ്ടതായിട്ടുണ്ട്. അല്ലെങ്കിൽ അടുത്ത മഴക്കാലത്ത് വീണ്ടുമൊരു പ്രളയത്തിനു നമ്മൾ സാക്ഷ്യം വഹിക്കേണ്ടി വരും എന്നത് തീർച്ചയാണ്" കഴിഞ്ഞ 3 മണിക്കൂർ കൊണ്ട് ഒറ്റയിരിപ്പിന് എഴുതി തീർത്ത ആ ലേഖനത്തിലൂടെ ഒരിക്കൽ കൂടെ കണ്ണോടിച്ച ശേഷം അത്  ഒരു പ്രമുഖ ഓൺലൈൻ പോർട്ടലിന്റ  ഈ മെയിൽ വിലാസത്തിലേക്ക് അയച്ചു.  ഫ്രിഡ്ജിൽ നിന്നും ഐസ് ക്യൂബ്സ് എടുത്ത് നേരത്തെ ഗ്ലാസിൽ ഒഴിച്ച് വെച്ച മദ്യത്തിൽ ഇട്ട ശേഷം ശേഷം ഒറ്റ വലിക്ക് അകത്താക്കി.   സിരകളിൽ തണുത്ത ലഹരി നിറഞ്ഞ് എഴുത്തിന്റെ ക്ഷീണം ഇല്ലാതാകുന്നത് അയാൾ അറിഞ്ഞു. വിശേഷങ്ങൾ അറിയാനായി മൊബൈൽ എടുത്ത് നെറ്റ് ഓൺ ചെയ്തു. വാട്‌സ്ആപ്പിൽ പതിവിലുമധികം മെസേജുകൾ നിറഞ്ഞിരിക്കുന്നു. "കായലോര...