ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഇങ്ങനെയും ചില പ്രണയങ്ങൾ


കുറച്ച് ദിവസങ്ങളായി ഫേസ്ബുക്ക് സ്ക്രോൾ ചെയ്യുമ്പോൾ ഒരു ‘ഫ്രണ്ട്സജഷനിൽ’ അവളുടെ കണ്ണുടക്കി  നിൽക്കുന്നു. 


-വിനോദ്-


ബ്ലാക്ക് ആൻഡ് വൈറ്റിൽ മുഖത്തിന്റെ ഒരു വശം മാത്രം കാണിച്ചുള്ള പ്രൊഫൈൽ പിക്ച്ചർ. പണ്ടത്തെ പോലെ തന്നെ കട്ടി കണ്ണട. ഫ്രണ്ട് റിക്വസ്റ് അയക്കാനായി അവൾ പല തവണ തുനിഞ്ഞതാണ്. പിന്നെ മടിച്ചു. ഒടുവിൽ പണ്ട് അവനു ലവ് ലെറ്റർ കൊടുത്തൊരു കൗമാരക്കാരി അവളുടെ ഉള്ളിലേക്ക് ചാടിക്കയറി. അവൾ വിനോദിന് ഫ്രണ്ട് റിക്വസ്റ് അയച്ചു. തന്റെ ഫ്രണ്ട് റിക്വസ്റ് കാണുമ്പോൾ അവൻ ഒരു മെസേജ് അയച്ചേക്കും എന്ന ചിന്ത വെറുതെ  മനസ്സിൽ മുള പൊട്ടി. പണ്ടത്തെ ആളായിരിക്കില്ലല്ലോ ഇപ്പോൾ. അൽപ സമയത്തിനകം മഴത്തുള്ളി പോലൊരു  നോട്ടിഫിക്കേഷൻ അവളുടെ ഹൃദയം നനച്ചു. 


‘Vinod accepted your friend request’


തൊട്ടടുത്ത നിമിഷത്തിൽ തന്നെ തേടിയെത്തുന്ന ഒരു മെസേജിനായി അവൾ കാത്തിരുന്നു. പക്ഷെ ഒന്നും വന്നില്ല. മനസിന്റെ താഴ്‌വരയിൽ നിരാശയുടെ മൂടൽ മേഘങ്ങൾ. ചിലത് എത്ര കാലം കഴിഞ്ഞാലും മാറ്റമില്ലാതെ തുടരും, ഇവന്റെ സ്വഭാവവും അത് പോലെ തന്നെയെന്ന് അവൾക്ക് തോന്നി. എന്തായാലും ഫ്രണ്ട്റിക്വസ്റ്റ് അയച്ചല്ലോ, മെസേജും അങ്ങോട്ട് അയക്കുക തന്നെ.


‘'ഹായ്! ഓർക്കുന്നോ?”

അവൾ മെസേജ് അയച്ചു


“വിനീതയെ എങ്ങനെ മറക്കാനാണ്😊”

പെട്ടെന്ന് തന്നെ മറുപടി വന്നു 


“ഫ്രണ്ട് റിക്വസ്റ് ആക്സപ്റ്റ് ചെയ്തപ്പോൾ ഞാൻ കരുതി നീ ഒരു മെസേജ് അയക്കുമെന്ന്. എവിടെ!  പഴയ സ്വഭാവത്തിന് ഒരു മാറ്റവുമില്ലല്ലോ😀”


“ 😊 “

കൂട്ടൊന്നുമില്ലാത്തൊരു സ്മൈലി മാത്രമായിരുന്നു മറുപടി 


‘'നിനക്ക് എന്നോട് ഒന്നും ചോദിക്കാനില്ലേ?ഒന്നുമില്ലെങ്കിലും നിനക്ക് ഞാൻ പണ്ടൊരു പ്രണയലേഖനം തന്നതല്ലേ?”

 

“ചോദിച്ചത് നന്നായി. അന്ന് സ്‌കൂളിൽ വെച്ച് നീ ആ പ്രണയ ലേഖനം തന്നത് മുതൽ ചോദിക്കണമെന്ന് കരുതിയതാണ്. ക്‌ളാസിലെ ഏറ്റവും സുന്ദരനെ പ്രണയിക്കുന്നത് മനസിലാക്കാം, ക്‌ളാസിലെ പഠിപ്പിസ്റ്റിനേയോ ആക്റ്റീവ് ആയവനെയോ പ്രണയിക്കുന്നതും മനസിലാക്കാം. പക്ഷെ എന്ത്‌ കണ്ടിട്ടാണ് നീ എന്നെ പ്രണയിച്ചത്?”


“അതിന് എനിക്കും കൃത്യമായ ഉത്തരമില്ല. പക്ഷെ ഒന്നറിയാം നിന്നെ കാണുമ്പോൾ കത്തിക്കയറുന്ന സംഗീതം പോലെ എന്റെ ഹൃദയം തുടിക്കുമായിരുന്നു. പക്ഷെ നീ എന്റെ പ്രണയത്തിനെ ചവറ്റ് കുട്ടയിലേക്ക് വലിച്ചെറിഞ്ഞിരിക്കും എന്നിനെക്കുറപ്പാണ്. ദുഷ്ടൻ!!


ഇതയച്ച് കഴിഞ്ഞ് കുറച്ച് സമയത്തേക്ക് അവനിൽ നിന്നും മറുപടി ഉണ്ടായില്ല. അത്രക്ക് പറയേണ്ടായിരുന്നോ? അവൾ ചിന്തിച്ചു. അല്ല, അവനിത് അർഹിക്കുന്നുണ്ട്. അന്നാ സംഭവത്തിന് ശേഷം അവൻ തന്റെ മുഖത്തു പോലും നോക്കിയിരുന്നില്ല. എപ്പോഴും തന്നിൽ നിന്നും ഒഴിഞ്ഞു മാറി നടന്നു. ചിന്തകൾ 20 വർഷങ്ങൾക്കപ്പുറത്തേക്ക് കാട് കയറുമ്പോഴാണ് വീണ്ടും ഒരു മെസേജ്.


ഒരു ഫോട്ടോയാണ്. ലോഡ് ആകുന്നില്ലല്ലോ. പതിവ് പോലെ അവൾ തന്റെ തോൽ'വി' നെറ്റ്വർക്കിനെ പ്രാകി. ഒടുവിൽ ഫോട്ടോ കറങ്ങി തിരിഞ്ഞ് തെളിഞ്ഞു. ഒരു നിമിഷം അവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. താൻ അന്ന് കൊടുത്ത ലവ് ലെറ്റർ!! അതവൻ ഇപ്പോഴും സൂക്ഷിക്കുന്നു. അവളുടെ കണ്ണ് നിറഞ്ഞു. പെട്ടെന്നാണ് ഭർത്താവ് റൂമിലേക്ക് വന്നത്.


“എന്താടോ കണ്ണൊക്കെ നിറഞ്ഞിരിക്കുന്നല്ലോ “


“ ഏയ്‌.. പണ്ട് ഫെയിലിയർ ആണെന്ന് കരുതിയ ഒരു പ്രണയം സക്സസ് ആയിരുന്നു എന്നറിഞ്ഞ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞതാ”


അവൾ ഫോൺ അവന്  നേർക്ക് നീട്ടി 


“ഓഹ് അപ്പൊ ഇതാണല്ലേ താൻ പറയാറുള്ള ആദ്യ പ്രണയലേഖനം. കൊള്ളാലോ എഴുത്ത്. ചുമ്മാതല്ല താൻ കവിയായത്. അല്ല, ഇതിപ്പോ പഴയ കാമുകനും താനും. നമ്മൾ ഔട്ട് ആകുമോ?”


അവൾ ചിരിച്ചിട്ട് അവന്റെ കയ്യിൽ നുള്ളി. അവൾ ഫോൺ വാങ്ങി അവന് ഒരു ഹൃദയത്തിന്റെ സ്മൈലി മറുപടിയായി അയച്ച ശേഷം ഭർത്താവിനെ കെട്ടിപിടിച്ചു പറഞ്ഞു


“ഇനി അവൻ മെസേജ് അയക്കില്ല. അതുറപ്പാണ് “


മേശപ്പുറത്തു വെച്ച ഫോണിലെ മെസഞ്ചറിൽ  അവൾ അയച്ച മെസേജ് അവൻ കണ്ടു എന്ന ചിഹ്നം തെളിഞ്ഞു. ഇനി ഒരു മറുപടി വരില്ലെന്ന് മനസിലാക്കിയത് പോലെ ആ ഫോണിന്റെ സ്‌ക്രീൻ ഓഫായി.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രണയമൊഴുകും മായാനദി

കുറച്ച് നാളുകള്‍ക്ക് ശേഷം ഒരുപിടി ചിത്രങ്ങളുടെ റിലീസുമായി മലയാള ചലച്ചിത്ര മേഖല ഈ ക്രിസ്തുമസ് കാലത്ത് വീണ്ടും ഉയർത്തെഴുന്നേൽക്കുകയാണ്. സൂപ്പര്‍ താരങ്ങളുടേതടക്കം ഒരുപിടി ചിത്രങ്ങൾ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്. അവധിക്കാലവും ഉത്സവ കാലവും ആഘോഷമാക്കാന്‍ തക്കമുള്ളതാണ് മിക്ക ചിത്രങ്ങളെന്നുമാണ് ട്രെയിലറുകളും പാട്ടുകളും മറ്റും സൂചിപ്പിക്കുന്നത്. ഇതിനിടയില്‍ അധികം ആരവങ്ങളും ഒച്ചപ്പാടുകളുമില്ലാതെ വന്ന ചിത്രമാണ് മായാനദി. പ്രത്യക്ഷത്തില്‍ അത്യാകര്‍ഷണീയത ഒന്നുമില്ലെങ്കിലും ആഷിക് അബു, ശ്യാം പുഷ്കര്‍ , ദിലീഷ് നായര്‍ എന്നീ പേരുകള്‍ ഏതൊരു സിനിമാ പ്രേമിയെയും ഈ ചിത്രത്തിലേക്ക് വലിച്ചടുപ്പിക്കും. ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞ ഗ്യാങ്ഗ്സ്റ്റര്‍, അധികം ചലനം സൃഷ്ടിക്കാന്‍ കഴിയാതെ പോയ റാണി പത്മിനി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് മായാനദി. കഴിഞ്ഞ പരാജയങ്ങളില്‍ നിന്നും വ്യക്തമായ പാഠം ഉള്‍ക്കൊണ്ട് മികച്ച ഹോം വര്‍ക്കുമായാണ് ഇത്തവണ ആഷിക് എത്തിയിട്ടുള്ളത്. ആഷികിന്റെ സംവിധാന മികവിനൊപ്പം ശ്യാം പുഷ്കര്‍, ദിലീഷ് നായര്‍ എന്നിവരുടെ എഴുത്ത് കൂടെ ചേരുമ്പോള്‍ ചിത്രം ഏറ്...

മാഷേ, ആ മാജിക്കിന്റെ രഹസ്യമെന്താ??

മീനാക്ഷിയേടത്തി ഉണ്ടാക്കിയ കഞ്ഞിയും പയറും മൂക്ക് മുട്ടെ തിന്ന് 7 ബി യിൽ കൃഷ്ണൻമാഷുടെ കണക്ക് ക്ലാസിൽ വാ പൊളിച്ചു ഇരിക്കുകയാണ് ഞാൻ. ഉച്ച കഴിഞ്ഞാൽ ക്ലാസിൽ നിത്യ സന്ദർശകനായ കാറ്റ് എന്നെ നിദ്രയുടെ മോഹന ലോകത്തേക്ക് കൈ പിടിച്ചു കൊണ്ട് പോകുന്നുണ്ട്. പക്ഷെ കൃഷ്ണൻമാഷുടെ സ്വഭാവം നന്നായറിയാവുന്നതിനാൽ കഷ്ടപ്പെട്ടാണെങ്കിലും ഞാൻ തിരിച്ചു ക്ലാസിലേക്ക് തന്നെ ഓടി വരുന്നുണ്ട്. മാഷ് ബോർഡിൽ എഴുതുന്ന ഹരിക്കലിന്റെയും ഗുണിക്കലിന്റെയും ചിഹ്നങ്ങളെല്ലാം എന്റെ മുന്നിൽ ഒരു ചോദ്യ ചിഹ്നമായി തൂങ്ങി കിടക്കുകയാണ്. ക്ലാസിൽ കനത്ത നിശ്ശബ്ദത ആണ്. എല്ലാവരുടെയും കണ്ണുകൾ മാഷക്കൊപ്പം സഞ്ചരിക്കുകയാണ്. മാഷ് ബോർഡിൽ തന്ന ഒരു ചോദ്യത്തിന്റെ ഉത്തരം നോട്ടിൽ ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് വയറ്റിൽ എന്തോ ഒരു അസ്വസ്ഥത. ഈശ്വരാ മീനാക്ഷിയെടത്തിയുടെ പയറ് ചതിചോ???..   . ഏയ്.. കുറച്ചു കഴിയുമ്പോ മാറുമായിരിക്കും.. ഞാൻ സ്വയം ആശ്വസിച്ചു.. . പക്ഷെ വയറ്റിനുള്ളിൽ നിന്നും വന്നു കൊണ്ടിരുന്ന പ്രതികരണങ്ങൾ ആശവാഹമായിരുന്നില്ല. നിമിഷങ്ങൾ കഴിയുന്തോറും വയറ്റിനുള്ളിലെ വേദന ശക്തമായിക്കൊണ്ടിരുന്നു. സ്‌കൂളിന് തൊട്ടപ്പുറത്താണ് വീട്. എനിക്ക് എത്രയും പെട്ടെന്ന...

വിധി

തലയിലെ എരിയുന്ന ചിന്തകളും, ചുണ്ടിലെ എരിയുന്ന സിഗരറ്റും മുറിയിലെ അന്തരീക്ഷത്തിന്റെ ചൂട് കൂട്ടുന്നു എന്നു തോന്നിയപ്പോൾ അയാൾ റിമോട്ട് എടുത്ത് എ സിയുടെ തണുപ്പ് അല്പം കൂടെ ശക്തിപ്പെടുത്തി. ലാപ്‌ടോപ്പിൽ എഴുതിക്കൊണ്ടിരിക്കുകയായിരുന്ന ലേഖനത്തിന്റെ അവസാന ഭാഗമായി ഇങ്ങനെ ചേർത്തു. "ആയതിനാൽ വടക്കൻ മലയിലെ മനുഷ്യ വാസം എത്രയും പെട്ടെന്ന് ഒഴിപ്പിച്ച് അവിടെ പൂർവ്വാവസ്ഥ പുനഃസ്ഥാപിക്കേണ്ടതായിട്ടുണ്ട്. അല്ലെങ്കിൽ അടുത്ത മഴക്കാലത്ത് വീണ്ടുമൊരു പ്രളയത്തിനു നമ്മൾ സാക്ഷ്യം വഹിക്കേണ്ടി വരും എന്നത് തീർച്ചയാണ്" കഴിഞ്ഞ 3 മണിക്കൂർ കൊണ്ട് ഒറ്റയിരിപ്പിന് എഴുതി തീർത്ത ആ ലേഖനത്തിലൂടെ ഒരിക്കൽ കൂടെ കണ്ണോടിച്ച ശേഷം അത്  ഒരു പ്രമുഖ ഓൺലൈൻ പോർട്ടലിന്റ  ഈ മെയിൽ വിലാസത്തിലേക്ക് അയച്ചു.  ഫ്രിഡ്ജിൽ നിന്നും ഐസ് ക്യൂബ്സ് എടുത്ത് നേരത്തെ ഗ്ലാസിൽ ഒഴിച്ച് വെച്ച മദ്യത്തിൽ ഇട്ട ശേഷം ശേഷം ഒറ്റ വലിക്ക് അകത്താക്കി.   സിരകളിൽ തണുത്ത ലഹരി നിറഞ്ഞ് എഴുത്തിന്റെ ക്ഷീണം ഇല്ലാതാകുന്നത് അയാൾ അറിഞ്ഞു. വിശേഷങ്ങൾ അറിയാനായി മൊബൈൽ എടുത്ത് നെറ്റ് ഓൺ ചെയ്തു. വാട്‌സ്ആപ്പിൽ പതിവിലുമധികം മെസേജുകൾ നിറഞ്ഞിരിക്കുന്നു. "കായലോര...