ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കഥാന്ത്യം

അയാൾ പതുക്കെ കണ്ണ് തുറന്നു ചുറ്റും നോക്കി. വാർദ്ധക്യം കാഴ്ചക്കേൽപിച്ച മങ്ങല്‍ കാരണം ചുറ്റുമുള്ള മുഖങ്ങൾ അയാൾക്ക് അവ്യക്തമായി തോന്നി. കണ്ണിനു മുന്നിലായി ഒരു മാറാല കെട്ടിയത് പോലെ. തനിക്ക് ചുറ്റുമായി ആ മുറിയിൽ ആളുകൾ തിങ്ങി നിറഞ് നിൽക്കുകയാണെന്ന് അയാൾക്ക് മനസ്സിലായി. ഇത്രയും പേര്‍ക്ക് നില്ക്കാന്‍ ആ മുറിയില്‍ സ്ഥലം ഉണ്ടായിരുന്നോ എന്നയാള്‍ അത്ഭുതപ്പെട്ടു. അയാള്‍ ഒരല്പം പ്രയാസപ്പെട്ട് പതുക്കെ എഴുന്നേറ്റ് കട്ടിലില്‍ ഇരുന്നു. ചുറ്റും തിരഞ്ഞപ്പോള്‍ കണ്ണട കിട്ടി. ആ കട്ടി കണ്ണട അയാള്‍ മുഖത്ത് വെച്ചു. കാഴ്ച ഒരല്പം തെളിഞ്ഞിരിക്കുന്നു.
ഒരു കപ്പ്‌ ചൂട് ചായയുമായി അമ്മിണിയമ്മ അയാള്‍ക്ക് അരികിലേക്ക് വന്നു.അമ്മിണിയമ്മ നീട്ടിയ ചായ വാങ്ങി അയാള്‍ ആസ്വദിച് കുടിച്ചു.
"അമ്മിണിയമ്മ ഇപ്പോഴും വീട്ട് ജോലിക്ക് പോകാറുണ്ടോ ?"
"ഉവ്വ് . അങ്ങ് തിരഞ്ഞെടുത്തു തന്ന തൊഴിലല്ലേ. ഇടക്ക് വെച് നിര്‍ത്തുന്നതെങ്ങനെ.?"
"ഉം.."
"ഞാന്‍ ഇവര്‍ക്കൊക്കെയുള്ള ചായ എടുക്കട്ടെ." അമ്മിണിയമ്മ തിരിഞ്ഞു നടന്നു.
അയാള്‍ ചായ കുടിച്ച ശേഷം കപ്പ്‌ വെക്കാന്‍ ഒരിടം തിരഞ്ഞു. മറിയം ആ കപ്പ് വാങ്ങിച് ആ പഴയ മേശമേൽ വെച്ചു. അത് വരെ മയക്കത്തിലായിരുന്ന മേശപ്പുറത്തെ പൊടിപടലങ്ങൾ ഞെട്ടിയുണർന്നു. ഒന്നുയർന്നു പൊങ്ങി വീണ്ടും അവ മയക്കത്തിലേക്ക്.
"ആഹ്.. മറിയമല്ലേ .." അയാള്‍ ചോദിച്ചു.
"അതെ.."
"നീയും വന്നല്ലേ.. നീ വരുമെന്ന് എനിക്കുറപ്പായിരുന്നു. നിന്നെ പോലെ ഒരു പെണ്ണിനെ ന്യായീകരിച്ചതിന് ആയ കാലത്ത് സമൂഹത്തിന്റെ കുറെ കല്ലേറ് കൊള്ളേണ്ടി വന്നിട്ടുണ്ട് എനിക്ക്. അപ്പൊ പിന്നെ എന്റെയീ അവസാന സമയത്ത് ഒരു നോക്ക് കാണാനെങ്കിലും നീ വരണമല്ലോ.."
മറിയം ഒന്നും മിണ്ടാതെ അയാളുടെ കാല്‍ ചുവട്ടില്‍ മുഖം താഴ്ത്തി നിന്നു.
"നീ ആ പടിഞ്ഞാറ് ഭാഗത്തെ ജനല്‍ ഒന്ന് തുറന്നിട്ടെ.. ഞാന്‍ ആ ചുവന്ന ആകാശം ഒന്ന് കാണട്ടെ.. "
അയാള്‍ വീണ്ടും ചുറ്റും കൂടി നില്‍ക്കുന്നവരിലെക്ക് കണ്ണയച്ചു. പലരുടെയും പേര് ഓർത്തെടുക്കാൻ കഴിയുന്നില്ല. അപ്പോഴാണ് കണ്ണു ദിവകാരനിൽ ഉടക്കിയത്.
"ദിവാകരാ .. നീ മാത്രേ വന്നുള്ളോ ?? എവിടെ ? നളിനി എവിടെ ? ഇനി എനിക്ക് കാണാന്‍ കഴിയാഞ്ഞിട്ടാണോ ?"
"അല്ല.... അവള്‍ വന്നില്ല. അവള്‍ക്ക് അങ്ങയെ ഈ അവസ്ഥയില്‍ കാണാന്‍...... "
"ആഹ്... അവള്‍ ഒരു പാവം. ദുര്‍ബല ഹൃദയമാ. അവള്‍ ജീവിതത്തില്‍ ധൈര്യപൂര്‍വ്വം ചെയ്ത ഒരേ ഒരു പ്രവൃത്തി നിന്നെ പ്രണയിച്ചു എന്നുള്ളതാ"..
അത് പറഞ്ഞു കഴിഞ്ഞപ്പോള്‍ അയാളുടെ ചുണ്ടില്‍ ഒരു ചെറു മന്ദഹാസം നിറഞ്ഞു. ആ ഓർമകളുടെ വേലിയേറ്റത്തിൽ മുങ്ങിപ്പോകും എന്നു തോന്നിയപ്പോഴാണ് സിദ്ധാര്‍ത്ഥന്‍ അടുത്തേക്ക് വരുന്നതായി അയാൾ ശ്രദ്ധിച്ചത്. സിദ്ധാര്‍ത്ഥന്‍ അയാളുടെ അരികിലേക്ക് വന്നു അയാളുടെ കൈകള്‍ ചേര്‍ത്ത് പിടിച്ചു.
"സിദ്ധാര്‍ഥാ " പേര് വിളിച്ചപ്പോള്‍ അയാളുടെ കണ്ഠം ഇടറി.
സിദ്ധാര്‍ത്ഥന്‍ അയാള്‍ക്കരികിലെക്ക് ഇരുന്നു.
"ഈ നില്‍ക്കുന്നവരെല്ലാം എനിക്ക് പ്രിയപ്പെട്ടവരെങ്കിലും അവരെക്കാള്‍ എനിക്ക് പ്രിയങ്കരനാണ് നീ. നിന്റെ യാത്രകളിലൂടെയാണ് ആളുകള്‍ എന്നെ അറിഞ്ഞതും അംഗീകരിക്കാന്‍ തുടങ്ങിയതും. ആളുകള്‍ ഉള്ളിടത്തോളം ദേ ഈ ചട്ടുകാലന്‍ മമ്മദ് അവരെ ചിരിപ്പിച്ച് കൊണ്ടേ ഇരിക്കും. അത് പോലെ നീ നിന്റെ സഞ്ചാരം തുടര്‍ന്നു കൊണ്ടേയിരിക്കണം. അങ്ങനെ ഞാന്‍ ഇല്ലാതായാലും ആളുകള്‍ എന്നെ അറിയും. നിന്നിലൂടെ ഞാന്‍ ജീവിക്കും.
അല്ലെങ്കിലും നീയും ഞാനും രണ്ടല്ലല്ലോ... അല്ലെ ..?"
സിദ്ധാര്‍ത്ഥന്‍ അയാളുടെ കൈകളില്‍ ചുംബിച്ചു.
വല്ലാതെ ക്ഷീണമാകുന്നത് പോലെ. അയാൾ പഴയത് പോലെ കട്ടിലിലേക്ക് കിടന്നു. അന്തരീക്ഷത്തില്‍ വിഷാദം മൌനത്തിന്റെ രൂപത്തില്‍ തളം കെട്ടി നിന്നു.
"നിങ്ങളെല്ലാരും എത്യല്ലോ.. സന്തോഷായി.."
അയാൾ പതുക്കെ മന്ത്രിച്ചു..
അയാളുടെ കണ്ണുകള്‍ പതുക്കെ അടഞ്ഞു.
പിറ്റേ ദിവസത്തെ പത്രത്തിലെ ഒരു പ്രധാന വാര്‍ത്തയുടെ ചുരുക്കം ഇങ്ങനെയായിരുന്നു.
പ്രശസ്ത സാഹിത്യകാരൻ ടി ശിവാനന്ദൻ‍(82) അന്തരിച്ചു. അവിവാഹിതനായിരുന്ന ഇദ്ദേഹം നഗരത്തിലെ ഒരു ലോഡ്ജില്‍ ദീർഘ കാലമായി തനിച്ച് താമസിക്കുകയായിരുന്നു. രാത്രി ഭക്ഷണവുമായി എത്തിയ റൂം ബോയ്‌ ആണ് മൃത ശരീരം ആദ്യമായി കണ്ടത്. സാധാരണക്കാരുമായി അടുത്ത് നില്‍ക്കുന്ന പ്രശസ്തമായ ഒട്ടനവധി കഥകളുടെയും കഥാപാത്രങ്ങളുടെയും സ്രഷ്ടാവാണ് ഇദ്ദേഹം. ആത്മ കഥാംശം നിറഞ്ഞ സിദ്ധാര്‍ഥന്റെ യാത്രകള്‍ എന്ന കൃതിക്ക് കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു..

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രണയമൊഴുകും മായാനദി

കുറച്ച് നാളുകള്‍ക്ക് ശേഷം ഒരുപിടി ചിത്രങ്ങളുടെ റിലീസുമായി മലയാള ചലച്ചിത്ര മേഖല ഈ ക്രിസ്തുമസ് കാലത്ത് വീണ്ടും ഉയർത്തെഴുന്നേൽക്കുകയാണ്. സൂപ്പര്‍ താരങ്ങളുടേതടക്കം ഒരുപിടി ചിത്രങ്ങൾ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്. അവധിക്കാലവും ഉത്സവ കാലവും ആഘോഷമാക്കാന്‍ തക്കമുള്ളതാണ് മിക്ക ചിത്രങ്ങളെന്നുമാണ് ട്രെയിലറുകളും പാട്ടുകളും മറ്റും സൂചിപ്പിക്കുന്നത്. ഇതിനിടയില്‍ അധികം ആരവങ്ങളും ഒച്ചപ്പാടുകളുമില്ലാതെ വന്ന ചിത്രമാണ് മായാനദി. പ്രത്യക്ഷത്തില്‍ അത്യാകര്‍ഷണീയത ഒന്നുമില്ലെങ്കിലും ആഷിക് അബു, ശ്യാം പുഷ്കര്‍ , ദിലീഷ് നായര്‍ എന്നീ പേരുകള്‍ ഏതൊരു സിനിമാ പ്രേമിയെയും ഈ ചിത്രത്തിലേക്ക് വലിച്ചടുപ്പിക്കും. ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞ ഗ്യാങ്ഗ്സ്റ്റര്‍, അധികം ചലനം സൃഷ്ടിക്കാന്‍ കഴിയാതെ പോയ റാണി പത്മിനി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് മായാനദി. കഴിഞ്ഞ പരാജയങ്ങളില്‍ നിന്നും വ്യക്തമായ പാഠം ഉള്‍ക്കൊണ്ട് മികച്ച ഹോം വര്‍ക്കുമായാണ് ഇത്തവണ ആഷിക് എത്തിയിട്ടുള്ളത്. ആഷികിന്റെ സംവിധാന മികവിനൊപ്പം ശ്യാം പുഷ്കര്‍, ദിലീഷ് നായര്‍ എന്നിവരുടെ എഴുത്ത് കൂടെ ചേരുമ്പോള്‍ ചിത്രം ഏറ്...

മാഷേ, ആ മാജിക്കിന്റെ രഹസ്യമെന്താ??

മീനാക്ഷിയേടത്തി ഉണ്ടാക്കിയ കഞ്ഞിയും പയറും മൂക്ക് മുട്ടെ തിന്ന് 7 ബി യിൽ കൃഷ്ണൻമാഷുടെ കണക്ക് ക്ലാസിൽ വാ പൊളിച്ചു ഇരിക്കുകയാണ് ഞാൻ. ഉച്ച കഴിഞ്ഞാൽ ക്ലാസിൽ നിത്യ സന്ദർശകനായ കാറ്റ് എന്നെ നിദ്രയുടെ മോഹന ലോകത്തേക്ക് കൈ പിടിച്ചു കൊണ്ട് പോകുന്നുണ്ട്. പക്ഷെ കൃഷ്ണൻമാഷുടെ സ്വഭാവം നന്നായറിയാവുന്നതിനാൽ കഷ്ടപ്പെട്ടാണെങ്കിലും ഞാൻ തിരിച്ചു ക്ലാസിലേക്ക് തന്നെ ഓടി വരുന്നുണ്ട്. മാഷ് ബോർഡിൽ എഴുതുന്ന ഹരിക്കലിന്റെയും ഗുണിക്കലിന്റെയും ചിഹ്നങ്ങളെല്ലാം എന്റെ മുന്നിൽ ഒരു ചോദ്യ ചിഹ്നമായി തൂങ്ങി കിടക്കുകയാണ്. ക്ലാസിൽ കനത്ത നിശ്ശബ്ദത ആണ്. എല്ലാവരുടെയും കണ്ണുകൾ മാഷക്കൊപ്പം സഞ്ചരിക്കുകയാണ്. മാഷ് ബോർഡിൽ തന്ന ഒരു ചോദ്യത്തിന്റെ ഉത്തരം നോട്ടിൽ ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് വയറ്റിൽ എന്തോ ഒരു അസ്വസ്ഥത. ഈശ്വരാ മീനാക്ഷിയെടത്തിയുടെ പയറ് ചതിചോ???..   . ഏയ്.. കുറച്ചു കഴിയുമ്പോ മാറുമായിരിക്കും.. ഞാൻ സ്വയം ആശ്വസിച്ചു.. . പക്ഷെ വയറ്റിനുള്ളിൽ നിന്നും വന്നു കൊണ്ടിരുന്ന പ്രതികരണങ്ങൾ ആശവാഹമായിരുന്നില്ല. നിമിഷങ്ങൾ കഴിയുന്തോറും വയറ്റിനുള്ളിലെ വേദന ശക്തമായിക്കൊണ്ടിരുന്നു. സ്‌കൂളിന് തൊട്ടപ്പുറത്താണ് വീട്. എനിക്ക് എത്രയും പെട്ടെന്ന...

വിധി

തലയിലെ എരിയുന്ന ചിന്തകളും, ചുണ്ടിലെ എരിയുന്ന സിഗരറ്റും മുറിയിലെ അന്തരീക്ഷത്തിന്റെ ചൂട് കൂട്ടുന്നു എന്നു തോന്നിയപ്പോൾ അയാൾ റിമോട്ട് എടുത്ത് എ സിയുടെ തണുപ്പ് അല്പം കൂടെ ശക്തിപ്പെടുത്തി. ലാപ്‌ടോപ്പിൽ എഴുതിക്കൊണ്ടിരിക്കുകയായിരുന്ന ലേഖനത്തിന്റെ അവസാന ഭാഗമായി ഇങ്ങനെ ചേർത്തു. "ആയതിനാൽ വടക്കൻ മലയിലെ മനുഷ്യ വാസം എത്രയും പെട്ടെന്ന് ഒഴിപ്പിച്ച് അവിടെ പൂർവ്വാവസ്ഥ പുനഃസ്ഥാപിക്കേണ്ടതായിട്ടുണ്ട്. അല്ലെങ്കിൽ അടുത്ത മഴക്കാലത്ത് വീണ്ടുമൊരു പ്രളയത്തിനു നമ്മൾ സാക്ഷ്യം വഹിക്കേണ്ടി വരും എന്നത് തീർച്ചയാണ്" കഴിഞ്ഞ 3 മണിക്കൂർ കൊണ്ട് ഒറ്റയിരിപ്പിന് എഴുതി തീർത്ത ആ ലേഖനത്തിലൂടെ ഒരിക്കൽ കൂടെ കണ്ണോടിച്ച ശേഷം അത്  ഒരു പ്രമുഖ ഓൺലൈൻ പോർട്ടലിന്റ  ഈ മെയിൽ വിലാസത്തിലേക്ക് അയച്ചു.  ഫ്രിഡ്ജിൽ നിന്നും ഐസ് ക്യൂബ്സ് എടുത്ത് നേരത്തെ ഗ്ലാസിൽ ഒഴിച്ച് വെച്ച മദ്യത്തിൽ ഇട്ട ശേഷം ശേഷം ഒറ്റ വലിക്ക് അകത്താക്കി.   സിരകളിൽ തണുത്ത ലഹരി നിറഞ്ഞ് എഴുത്തിന്റെ ക്ഷീണം ഇല്ലാതാകുന്നത് അയാൾ അറിഞ്ഞു. വിശേഷങ്ങൾ അറിയാനായി മൊബൈൽ എടുത്ത് നെറ്റ് ഓൺ ചെയ്തു. വാട്‌സ്ആപ്പിൽ പതിവിലുമധികം മെസേജുകൾ നിറഞ്ഞിരിക്കുന്നു. "കായലോര...