ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മാഷേ, ആ മാജിക്കിന്റെ രഹസ്യമെന്താ??

മീനാക്ഷിയേടത്തി ഉണ്ടാക്കിയ കഞ്ഞിയും പയറും മൂക്ക് മുട്ടെ തിന്ന് 7 ബി യിൽ കൃഷ്ണൻമാഷുടെ കണക്ക് ക്ലാസിൽ വാ പൊളിച്ചു ഇരിക്കുകയാണ് ഞാൻ. ഉച്ച കഴിഞ്ഞാൽ ക്ലാസിൽ നിത്യ സന്ദർശകനായ കാറ്റ് എന്നെ നിദ്രയുടെ മോഹന ലോകത്തേക്ക് കൈ പിടിച്ചു കൊണ്ട് പോകുന്നുണ്ട്. പക്ഷെ കൃഷ്ണൻമാഷുടെ സ്വഭാവം നന്നായറിയാവുന്നതിനാൽ കഷ്ടപ്പെട്ടാണെങ്കിലും ഞാൻ തിരിച്ചു ക്ലാസിലേക്ക് തന്നെ ഓടി വരുന്നുണ്ട്. മാഷ് ബോർഡിൽ എഴുതുന്ന ഹരിക്കലിന്റെയും ഗുണിക്കലിന്റെയും ചിഹ്നങ്ങളെല്ലാം എന്റെ മുന്നിൽ ഒരു ചോദ്യ ചിഹ്നമായി തൂങ്ങി കിടക്കുകയാണ്. ക്ലാസിൽ കനത്ത നിശ്ശബ്ദത ആണ്. എല്ലാവരുടെയും കണ്ണുകൾ മാഷക്കൊപ്പം സഞ്ചരിക്കുകയാണ്. മാഷ് ബോർഡിൽ തന്ന ഒരു ചോദ്യത്തിന്റെ ഉത്തരം നോട്ടിൽ ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് വയറ്റിൽ എന്തോ ഒരു അസ്വസ്ഥത. ഈശ്വരാ മീനാക്ഷിയെടത്തിയുടെ പയറ് ചതിചോ???.. 
.
ഏയ്.. കുറച്ചു കഴിയുമ്പോ മാറുമായിരിക്കും.. ഞാൻ സ്വയം ആശ്വസിച്ചു..
.
പക്ഷെ വയറ്റിനുള്ളിൽ നിന്നും വന്നു കൊണ്ടിരുന്ന പ്രതികരണങ്ങൾ ആശവാഹമായിരുന്നില്ല. നിമിഷങ്ങൾ കഴിയുന്തോറും വയറ്റിനുള്ളിലെ വേദന ശക്തമായിക്കൊണ്ടിരുന്നു. സ്‌കൂളിന് തൊട്ടപ്പുറത്താണ് വീട്. എനിക്ക് എത്രയും പെട്ടെന്ന് വീട്ടിലെത്തിയാൽ മതി എന്നായി. 
ഞാൻ ചുറ്റും നോക്കി. എല്ലാരും കണക്ക് ചെയ്യുന്ന തിരക്കിലാണ്. ഉണ്ണിക്കുട്ടനൊക്കെ ശ്വാസം വിടാതെ ഇരുന്നു ചെയ്യുകയാണ്! ഈശ്വരാ വയറു വേദന ആണെന്നെങ്ങാനും പറഞ്ഞു വീട്ടിൽ പോയാ പിന്നെ തിരിച്ചു വന്നിട്ട് കാര്യമില്ല.. ഇവന്മാർ എന്നെ കളിയാക്കി കൊല്ലും. ഞാനാണെങ്കി സ്‌കൂൾ ലീഡറും. സ്‌കൂൾ മൊത്തം പാട്ടാകും. അല്ലെങ്കിലേ പെണ്കുട്ട്യോളുടെ മുഖത്തേക്ക് നോക്കാൻ വല്യ ബുദ്ധിമുട്ടാണ്. ഇനി ഈ കാര്യം കൂടെ അവർ അറിഞ്ഞാൽ മുഖത്ത് നോക്കുന്ന കാര്യം ഈ ജന്മം ചിന്തിക്കണ്ട. ഇങ്ങനെ വേദന ഒരു വശത്ത് നിന്നും ചിന്തകൾ വേറൊരു വശത്ത് നിന്നും എന്നെ ആക്രമിച്ചുകൊണ്ടേയിരുന്നു. പെട്ടെന്ന് എന്തെങ്കിലും ചെയ്തില്ലെങ്കിൽ അത് അതിലും വലിയ ഒരു നാണക്കേട് ആവുകയും ചെയ്യും. മാഷാണെങ്കിൽ എന്നെ ഇടക്കിടക്ക് നോക്കുന്നുണ്ട്..ഈശ്വരാ ഇനി ഈ കണക്കിന്റെ ഉത്തരം എന്നോട് പറയാൻ പറയുമോ?? അങ്ങനെയാണെങ്കിൽ ഒരൊന്നന്നര ഉത്തരം മാഷിന് ഇന്ന് കിട്ടും! 
രണ്ടും കല്പിച്ചു മാഷിനോട് കാര്യം പറഞ്ഞാലോ എന്നാലോചിച്ചു. പക്ഷെ ക്ലാസിൽ നിന്നും രക്ഷപ്പെടാനുള്ള എന്റെ അടവായെ മാഷ് അത് കാണു. അങ്ങനെ എന്ത് ചെയ്യണം എന്നറിയാതെ ഒരു എത്തും പിടിയും കിട്ടാതെ ഞാൻ വിയർത്തു കുളിച്ചിരിക്കുമ്പോഴാണ് മാഷ് ക്ലാസിനു പുറത്തേക്ക് പോയത്. ക്ലാസിനു പിന്നിൽക്കൂടി വീട്ടിലേക്ക് ഇറങ്ങി ഓടിയാലോ എന്ന് ചിന്തിക്കുമ്പോഴേക്കും മാഷ് തിരികെ എത്തി.
.
"രാഹുലേ.. നിന്നെ വീട്ടിൽ നിന്നും വിളിക്കുന്നുണ്ട്. വേഗം പോയിട്ട് വാ"
മാഷ് പറഞ്ഞു.. ഞാൻ ഒന്ന് അമ്പരന്നെങ്കിലും അധികം ഒന്നും ചിന്തിക്കാൻ നിക്കാതെ വീട്ടിലേക്ക് ഓടി ടോയ്‌ലറ്റിൽ കയറി. കുറച്ചു കഴിഞ്ഞു പുറത്തേക്കിറങ്ങിയപ്പോ എന്തെന്നില്ലാത്ത ആശ്വാസം.. ഇന്നാണെങ്കിൽ 'feeling real meaning of ആശ്വാസം' എന്ന് പറഞ്ഞു ഫേസ്‌ബുക്കിൽ പോസ്റ്റിട്ടേനെ..
നേരെ അമ്മേടെ അടുത്തു വന്നു ചോദിച്ചു. 
"അമ്മെ എന്തിനാ എന്നെ വിളിപ്പിച്ചെ"
.
"വിളിപ്പിക്കാനൊ? നിന്നെയോ?? "
.
"ആഹ്..മാഷ് പറഞ്ഞല്ലോ..."
.
"സ്‌കൂളി പോടാ ചെക്കാ.. ഓരോ കള്ളത്രോം പറഞ്ഞു സ്കൂളീന്ന് ഓടി വന്നോളും.. ഓടെടാ.."
.
തിരിച്ചു സ്‌കൂളിലേക്ക് ഒടുമ്പോഴാണ് എന്നിലെ 7 ആം ക്ലാസുകാരന് മാഷ് എന്തുകൊണ്ട് അങ്ങനെ പറഞ്ഞതെന്ന് മനസ്സിലായത്. അന്ന് തിരികെ ക്ലാസിൽ കേറുമ്പോ മാഷോട് ചോദിയ്ക്കാൻ വിചാരിച്ച ഒരു ചോദ്യമുണ്ട്.. പേടി കൊണ്ട് ഇന്നും ചോദിക്കാൻ പറ്റാത്തൊരു ചോദ്യം..
.
"അല്ല മാഷേ, ഈ കുട്ട്യോൾടെ മനസ്സ് വായിക്കുന്ന മാജിക്കിന്റെ രഹസ്യമെന്താ" ???

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രണയമൊഴുകും മായാനദി

കുറച്ച് നാളുകള്‍ക്ക് ശേഷം ഒരുപിടി ചിത്രങ്ങളുടെ റിലീസുമായി മലയാള ചലച്ചിത്ര മേഖല ഈ ക്രിസ്തുമസ് കാലത്ത് വീണ്ടും ഉയർത്തെഴുന്നേൽക്കുകയാണ്. സൂപ്പര്‍ താരങ്ങളുടേതടക്കം ഒരുപിടി ചിത്രങ്ങൾ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്. അവധിക്കാലവും ഉത്സവ കാലവും ആഘോഷമാക്കാന്‍ തക്കമുള്ളതാണ് മിക്ക ചിത്രങ്ങളെന്നുമാണ് ട്രെയിലറുകളും പാട്ടുകളും മറ്റും സൂചിപ്പിക്കുന്നത്. ഇതിനിടയില്‍ അധികം ആരവങ്ങളും ഒച്ചപ്പാടുകളുമില്ലാതെ വന്ന ചിത്രമാണ് മായാനദി. പ്രത്യക്ഷത്തില്‍ അത്യാകര്‍ഷണീയത ഒന്നുമില്ലെങ്കിലും ആഷിക് അബു, ശ്യാം പുഷ്കര്‍ , ദിലീഷ് നായര്‍ എന്നീ പേരുകള്‍ ഏതൊരു സിനിമാ പ്രേമിയെയും ഈ ചിത്രത്തിലേക്ക് വലിച്ചടുപ്പിക്കും. ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞ ഗ്യാങ്ഗ്സ്റ്റര്‍, അധികം ചലനം സൃഷ്ടിക്കാന്‍ കഴിയാതെ പോയ റാണി പത്മിനി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് മായാനദി. കഴിഞ്ഞ പരാജയങ്ങളില്‍ നിന്നും വ്യക്തമായ പാഠം ഉള്‍ക്കൊണ്ട് മികച്ച ഹോം വര്‍ക്കുമായാണ് ഇത്തവണ ആഷിക് എത്തിയിട്ടുള്ളത്. ആഷികിന്റെ സംവിധാന മികവിനൊപ്പം ശ്യാം പുഷ്കര്‍, ദിലീഷ് നായര്‍ എന്നിവരുടെ എഴുത്ത് കൂടെ ചേരുമ്പോള്‍ ചിത്രം ഏറ്...

സെൽഫി

മുഗള്‍ ചക്രവര്‍ത്തി ജഹാംഗീറിന്റെയും നൂർജഹാന്റെയും  പ്രണയത്തിന്റെ തിരുശേഷിപ്പായ കാശ്മീരിലെ ഷാലിമാര്‍ ഉദ്യാനത്തിലിരിക്കുമ്പോഴാണ്‌ സിദിന്‍ വീണ്ടും പ്രണയത്തെ കുറിച്ച് ചിന്തിച്ച് തുടങ്ങിയത്. വെറുമൊരു ഉദ്യാനമായി മാറുമായിരുന്ന ഇവിടം ചരിത്രത്തിലെ പ്രണയത്താല്‍ സൗന്ദര്യമേറിയതായി മാറുന്നു. അല്ലെങ്കിലും പ്രണയം ചാലിക്കുമ്പോള്‍ ഏത് നിര്‍മ്മിതിയും സുന്ദരമായ കലകളായി മാറുന്നു. പക്ഷെ ജഹാംഗീറിന്റെ ഇരുപതാമത്തെ ഭാര്യയായിരുന്നു  നൂര്‍ജഹാന്‍, അപ്പോള്‍ എങ്ങനെയാണ്  ഈ പ്രണയത്തെ നിര്‍വചിക്കുക? പ്രണയം എല്ലാ നിര്‍വചനങ്ങള്‍ക്കും അപ്പുറമെന്ന്  ചിന്തിച്ച് അവന്‍ ബാഗ്‌ തുറന്നു. അല്‍പ നേരം ബാഗിനുള്ളില്‍ തിരഞ്ഞപ്പോള്‍ മൊബൈല്‍ ഫോണ്‍ കിട്ടി. യാത്രയിലുടനീളം സ്വിച്ച് ഓഫ്‌ ചെയ്ത് വെച്ചിരിക്കുകയായിരുന്ന ആ ഫോണ്‍ ഓണ്‍ ചെയ്താല്‍ തന്റെ ഈ യാത്രയും വരാനിരിക്കുന്ന യാത്രകളും അവസാനിച്ചേക്കും   എന്നറിഞ്ഞിട്ടും അനിര്‍വചനീയമായ എന്തോ ഒന്ന്  അവനെ കൊണ്ട് ആ ഫോണ്‍ ഓണ്‍ ചെയ്യിച്ചു. ഷാലിമാര്‍ ഉദ്യാനം കാശ്മീർ  മലനിരകളാല്‍ ചുറ്റപ്പെട്ടു എന്നത് പോലെ ഫോണില്‍ വന്ന  മേസേജുകളാല്‍ ചുറ്റപ്പെട്ട് അവനിരുന്നു. ഹരികയുടെ...

ഇന്ത്യക്കാരന്റെ പുസ്തകം

മനുവിന് ഏറെ പ്രിയപ്പെട്ടതായിരുന്നു ആ പുസ്തകം. പത്തൻപത് വർഷതത്തിലേറെ പഴക്കമുള്ള ആ പുസ്തകത്തിലെ  വരികൾ ഓരോന്നും അവനിൽ പുതിയ ചിന്തകൾ ഉണർത്തിയിരുന്നു. തന്നെക്കുറിച്ചെന്നത് പോലെ മറ്റുള്ളവരെക്കുറിച്ചും അവൻ ചിന്തിച്ച് തുടങ്ങിയത് ആ പുസ്തകത്തെ മനസിലാക്കിയത്തിനു ശേഷമാണ്. പക്ഷെ ഈയിടെയായി ആ പുസ്തകത്തിന് എന്തൊക്കെയോ സംഭവിക്കുന്നു. ചില അധ്യായങ്ങൾ വെട്ടി മാറ്റപ്പെടുന്നു. ചില വരികൾ ആരോ തിരുത്തുന്നു. തിരുത്തിയ വരികൾ ആ പുസ്തകത്തിന്റെ ജീവനിൽ അലിഞ്ഞു ചേരാതെ അതിനെ വികൃതമാക്കുന്നത് കണ്ടപ്പോൾ മനുവിന് എന്തെന്നില്ലാത്ത ആശങ്ക തോന്നി. എന്താണിതിനു ഒരു പരിഹാരം?? പുസ്തകം പൂജിച്ചാൽ ചിലപ്പോൾ എല്ലാം ശരിയായേക്കും. അവൻ അടുത്തുള്ള ആരാധനാലയത്തിൽ പോയി പുസ്തകം പൂജക്ക് വെച്ചു. പൂജക്കായി ഒട്ടനേകം പുസ്തകങ്ങൾ അവിടെ ഉണ്ടായിരുന്നു. അവയെക്കാളൊക്കെ മേന്മ തന്റെ പുസ്തകത്തിന് ഉണ്ടെന്ന് ഒരു നിർവൃതിയോടെ അവൻ ഓർത്തു. പിറ്റേ ദിവസം പുസ്തകം തിരിച്ചെടുക്കാൻ ചെന്നപ്പോഴാണ് മനുവിനെ ഏറെ സങ്കടപ്പെടുത്തുന്ന കാര്യം ഉണ്ടായത്. അവൻ പൂജക്ക് വെച്ച പുസ്തകം കാണാതായിരിക്കുന്നു. അവിടിരുന്ന പുസ്തകങ്ങൾക്കിടയിലെല്ലാം നോക്കിയെങ്കിലും ഫലമുണ്ടായില...